അവര്‍ക്ക് എന്റെ രാഷ്ട്രീയ ആശയങ്ങള്‍ ഇഷ്ടമല്ല പോലും.. ഞാന്‍ വിവരവും വിവേകവുമുള്ള ആളാണ്: കങ്കണ

രാഷ്ട്രീയത്തില്‍ ചേരാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും താനതിന് സമ്മതിച്ചില്ലെന്ന് നടി കങ്കണ റണാവത്. വിവരവും വിവേകവുമുള്ളയാളാണ് താന്‍. തന്നെ വെറുക്കുന്നവരും ഭയപ്പെടുന്നവരും തന്റെ രാഷ്ട്രീയ ആശയങ്ങള്‍ ഇഷ്ടമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ന്യായീകരിക്കുന്നത് എന്നാണ് തന്റെ പുതിയ ട്വീറ്റില്‍ കങ്കണ പറയുന്നത്.

”ഞാനൊരു രാഷ്ട്രീയക്കാരിയല്ല. വിവരവും വിവേകവുമുള്ളയാളാണ്. രാഷ്ട്രീയത്തില്‍ ചേരാന്‍ എന്നോട് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഞാനതിന് കൂട്ടാക്കിയില്ല. എന്റെ വെളിച്ചത്തെ ഭയപ്പെടുന്നവരും വെറുക്കുന്നവരും ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നത് അവര്‍ക്കെന്റെ രാഷ്ട്രീയ ആശയങ്ങള്‍ ഇഷ്ടമല്ലെന്നാണ്. ഹ..ഹ.. ഒരു ദിവസം കടന്നുപോകാന്‍ അങ്ങനെയെങ്കിലും ഇതവരെ സഹായിക്കട്ടെ” എന്നാണ് കങ്കണയുടെ ട്വീറ്റ്.

നടി ഉര്‍ഫി ജാവേദിന് മറുപടി നല്‍കിക്കൊണ്ടാണ് കങ്കണ പ്രതികരിച്ചത്. ഖാന്‍മാരെ എന്നും രാജ്യം സ്നേഹിച്ചിട്ടേയുള്ളുവെന്നും മുസ്ലീം അഭിനേതാക്കളോട് പ്രേക്ഷകര്‍ക്ക് അഭിനിവേശമാണെന്നും പറഞ്ഞ കങ്കണയ്ക്ക് നടി ഉര്‍ഫി ജാവേദ് മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെ താരങ്ങള്‍ തമ്മിലുള്ള വാക്‌പോര് തുടരുകയാണ്.

കങ്കണയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വിദ്വേഷ പോസ്റ്റുകള്‍ കാരണം സസ്പെന്‍ഡ് ചെയ്തിരുന്നു. അടുത്തിടെയാണ് കങ്കണയ്ക്ക് അക്കൗണ്ട് തിരികെ നല്‍കിയത്. അതേസമയം, താന്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ തയാറാണെന്ന് കങ്കണ മുമ്പ് പറഞ്ഞിട്ടുണ്ട്.

Read more

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഹിമാചല്‍ പ്രദേശില്‍ നിന്നും മത്സരിക്കണമെന്ന് കങ്കണ ഒരു പരിപാടിക്കിടെ പറഞ്ഞിരുന്നു. കങ്കണയെ ബിജെപിയിലേക്ക് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന കാര്യം ആലോചിക്കണം എന്നായിരുന്നു പറഞ്ഞത്.