സ്ത്രീകള്‍ക്ക് നേരെ ഓണ്‍ലൈനിലൂടെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും കടുത്ത ശിക്ഷ വേണമെന്ന് നടി ഹുമ ഖുറേഷി. പൊതുസ്ഥലങ്ങളിലെ പീഡനത്തിന് തുല്യമായ നിയമപരമായ പരിഗണന ഡിജിറ്റല്‍ ഉപദ്രവങ്ങള്‍ക്കും ലഭിക്കണം എന്നാണ് ഹുമ ആവശ്യപ്പെട്ടത്. ‘ദി മെയില്‍ ഫെമിനിസ്റ്റ്’ എന്ന മാധ്യമത്തോടാണ് ഹുമ സംസാരിച്ചത്.
വെറുപ്പുളവാക്കുന്ന കമന്റുകള്‍ തനിക്ക് വരാറുണ്ടെന്നും ഹുമ പറയുന്നുണ്ട്. ബിക്കിനിയിട്ട ചിത്രം പോസ്റ്റ് ചെയ്യാനാവശ്യപ്പെട്ടു കൊണ്ടുള്ള കമന്റുകള്‍ വരാറുണ്ട്. ഇത് വെറുപ്പുളവാക്കുന്നതും ദുഃഖകരവുമാണ്. ഓണ്‍ലൈനില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ ലളിതമായ തോതിലുള്ള ദുഷ്പെരുമാറ്റമല്ല.
ട്രോള്‍ ചെയ്യുന്നതിനെയും ആവശ്യപ്പെടാത്ത സന്ദേശങ്ങളെയും പലരും ഇപ്പോഴും നിസ്സാരമായോ നിരുപദ്രവകരമായോ ആണ് കാണുന്നത്. എന്നാല്‍ അതുണ്ടാക്കുന്ന വൈകാരിക ആഘാതവും അന്തസ്സിന് ഏല്ക്കുന്ന മുറിവും ഒന്നു തന്നെയാണ്. വസ്ത്രം, ജോലി, ശരീരം, ജീവിതശൈലി തിരഞ്ഞെടുപ്പുകള്‍ എന്നിവയിലുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് സമൂഹം നിര്‍ത്തണം.
എന്റെ അഭിപ്രായത്തില്‍, ഒരു സ്ത്രീയെ തെരുവില്‍ വച്ച് ഉപദ്രവിക്കുന്നതിനും ഓണ്‍ലൈനില്‍ ഉപദ്രവിക്കുന്നതിനും ഒരേ ശിക്ഷയായിരിക്കണം. അതില്‍ ഒരു വ്യത്യാസവുമില്ല. എന്റെ ഡിഎമ്മിലേക്ക് നുഴഞ്ഞുകയറുകയോ, അശ്ലീല ചിത്രങ്ങള്‍ അയക്കുകയോ, എന്റെ പോസ്റ്റുകളില്‍ മോശം കമന്റുകള്‍ എഴുതുകയോ ചെയ്യുകയാണെങ്കില്‍, ഒരു പൊതുസ്ഥലത്ത് മോശമായി പെരുമാറുന്ന ഒരാള്‍ക്ക് ലഭിക്കുന്ന അതേ പ്രത്യാഘാതങ്ങള്‍ തന്നെ നിങ്ങള്‍ക്കും നേരിടേണ്ടി വരും.
Read more
സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കുന്നു, എന്ത് മേക്കപ്പ് ഉപയോഗിക്കുന്നു, എങ്ങനെ ജീവിക്കുന്നു, എന്ത് ജോലി ചെയ്യുന്നു, എപ്പോള്‍ വീട്ടില്‍ വരുന്നു, അല്ലെങ്കില്‍ അവരുടെ ശരീരഭാരം എത്രയാണ് എന്നതിനെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍ ദയവായി നിര്‍ത്തുക എന്നാണ് ഹുമ ഖുറേഷി പറയുന്നത്.








