കര്‍ഷക സമരത്തില്‍ പങ്കെടുത്ത് ദില്‍ജിത്ത് ദൊഞ്ജ്; ശൈത്യകാല വസ്ത്രങ്ങള്‍ വാങ്ങാന്‍ ഒരു കോടി രൂപ സംഭാവന ചെയ്ത് താരം

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗായകനും നടനുമായ ദില്‍ജിത്ത് ദൊഞ്ജ്. താരം സമരത്തിന് നേരിട്ടെത്തുകയും കര്‍ഷകരെ അഭിനന്ദിക്കുകയും ചെയ്തു. കൊടും തണുപ്പ് വകവെയ്ക്കാതെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് സ്വെറ്റര്‍ അടക്കമുള്ള ശൈത്യകാല വസ്ത്രങ്ങള്‍ വാങ്ങാന്‍ ഒരു കോടി രൂപ സംഭാവന ചെയ്തിരിക്കുകയാണ് ദില്‍ജിത്ത്.

കര്‍ഷക സമരം ആരംഭിച്ചതു മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റെ പിന്തുണ ദില്‍ജിത്ത് അറിയിച്ചിരുന്നു. സമരത്തില്‍ പങ്കെടുത്ത വൃദ്ധ മഹിന്ദര്‍ കൗറിനെതിരെ വ്യാജ പ്രചാരണം നടത്തിയ നടി കങ്കണ റണൗട്ടിനെ വിമര്‍ശിച്ചും ദില്‍ജിത്ത് രംഗത്തെത്തിയിരുന്നു. ശനിയാഴ്ചയാണ് കര്‍ഷകര്‍ക്കൊപ്പം താരം സമരമുഖത്ത് എത്തിയത്.

“”നിങ്ങള്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. കര്‍ഷകരുടെ ഈ ചരിത്രം ഭാവിതലമുറയ്ക്ക് വിവരിക്കപ്പെടും. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാറിനോട് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇത് സമാധാനപരമായ പ്രതിഷേധമാണെന്ന് കാണിക്കാന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്”” എന്നാണ് താരം കര്‍ഷകരെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചത്.

ഇതിന് പിന്നാലെയാണ് ഒരു കോടി രൂപ ദില്‍ജിത്ത് സംഭാവന ചെയ്തിരിക്കുന്നത്. പഞ്ചാബി ഗായകന്‍ സിങ്കയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. “”നന്ദി സഹോദരാ, കര്‍ഷകര്‍ക്ക് ശൈത്യകാല വസ്ത്രങ്ങള്‍ വാങ്ങാനായി നിങ്ങള്‍ ഒരു കോടി രൂപ നല്‍കി. പക്ഷേ അത് ആര്‍ക്കും അറിയില്ല. പത്ത് രൂപ സംഭാവന ചെയ്യുന്നവര്‍ പോലും എല്ലാം ലോകത്തോട് വിളിച്ചുപറയുമ്പോള്‍ നിങ്ങള്‍ എല്ലാം മറച്ചുവച്ചു”” എന്നാണ് സിങ്ക വ്യക്തമാക്കിയത്.

View this post on Instagram

A post shared by DILJIT DOSANJH (@legend_diljitdosanjh)

Read more