'നാണമില്ലാത്ത സ്ത്രീ, നിര്‍മ്മാതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ പെയ്ഡ് ക്യാംപെയ്ന്‍'; കല്‍ക്കി ഒടിടി പതിപ്പില്‍ നിന്നും ദീപികയെ വെട്ടിയിട്ടില്ലെന്ന് കുറിപ്പ്

‘കല്‍ക്കി 2898 എഡി’ രണ്ടാം ഭാഗത്തില്‍ നിന്നും ദീപിക പദുക്കോണിനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരുന്നു. 1000 കോടി കളക്ട് ചെയ്ത ‘കല്‍ക്കി’യില്‍ സുമതി എന്ന കേന്ദ്ര കഥാപാത്രമായാണ് ദീപിക വേഷമിട്ടത്. ഉയര്‍ന്ന പ്രതിഫലം, ഷിഫ്റ്റ് തുടങ്ങിയ ആവശ്യങ്ങള്‍ ദീപിക ഉന്നയിച്ചതോടെ നടിയെ സിനിമയില്‍ നിന്നും മാറ്റിയതായി നിര്‍മ്മാതാക്കള്‍ അറിയിക്കുകയായിരുന്നു. സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രത്തില്‍ നിന്നും ദീപികയെ മാറ്റിയതോടെയാണ് കല്‍ക്കിയില്‍ നിന്നുകൂടി നടി പുറത്തായത്.

ഇപ്പോഴിതാ കല്‍ക്കിയുടെ ആദ്യ ഭാഗത്തില്‍ നിന്നും ദീപികയുടെ പേര് പോലും ഒഴിവാക്കി എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. കല്‍ക്കിയുടെ ഒടിടിയില്‍ സ്ട്രീം ചെയ്യുന്ന പതിപ്പിലെ എന്‍ഡ് ക്രെഡിറ്റില്‍ നിന്നാണ് ദീപികയുടെ പേര് ഒഴിവാക്കിയത് എന്നാണ് കണ്ടെത്തല്‍. എന്‍ഡ് ക്രെഡിറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

കല്‍ക്കിയില്‍ വലിയൊരു റോള്‍ കൈകാര്യം ചെയ്യുകയും സിനിമയുടെ വിജയത്തില്‍ അവിഭാജ്യമായ പങ്കുവഹിക്കുകയും ചെയ്ത ദീപികയുടെ പേര് വെട്ടി മാറ്റിയത് മോശമായിപ്പോയി എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഈ ചെയ്തത് മോശമായി പോയി എന്ന അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

എന്നാല്‍ ദീപികയുടെ പേര് ഒഴിവാക്കിയിട്ടില്ല എന്ന വാദങ്ങളുമായാണ് ഒരു വിഭാഗം എക്‌സില്‍ കുറിപ്പുകളും ചിത്രങ്ങളുമായി എത്തുന്നത്. ദീപികയുടെ പേര് വരുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണ് ചിലര്‍ പങ്കുവച്ചിരിക്കുന്നത്. ദീപിക പെയ്ഡ് ക്യാംപെയ്ന്‍ ആരംഭിച്ചു എന്നടക്കം വിമര്‍ശനം ഉയര്‍ത്തി കൊണ്ടാണ് ചിലരുടെ ട്വീറ്റുകള്‍.

”ദീപിക പദുക്കോണ്‍ ഏറ്റവും നാണംകെട്ട നടിയും വ്യക്തിയുമാണ്. കല്‍ക്കി സിനിമയ്‌ക്കെതിരെ നിര്‍മ്മാതാക്കളെ അപകീര്‍ത്തിപ്പെടുത്താനായി ഒരു പെയ്ഡ് കാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. അവരുടെ നീചമായ ആവശ്യങ്ങള്‍ കാരണം അവരെ സിനിമയില്‍ നിന്നും പുറത്താക്കിയതു കൊണ്ടാണ്” എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ നടിയുടെ ആരാധകര്‍ രംഗത്തെത്തുന്നുമുണ്ട്. വിമര്‍ശനങ്ങള്‍ എത്തിയതിന് പിന്നാലെ നടിയുടെ പേര് വീണ്ടും ചേര്‍ത്തു എന്നാണ് അഭിപ്രായങ്ങള്‍.

Read more

അതേസമയം, കല്‍ക്കി രണ്ടാം ഭാഗത്തില്‍ 25 ശതമാനത്തിലധികം പ്രതിഫലം ദീപിക ആവശ്യപ്പെട്ടുവെന്നും അതിനാലാണ് നടിയെ ഒഴിവാക്കിയത് എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രഭാസ് നായകനായ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട, ശോഭന തുടങ്ങി തെന്നിന്ത്യയിലെ മിക്ക താരങ്ങളും ഭാഗമായിരുന്നു.