'മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ ക്രൂശിക്കേണ്ട'; സര്‍ക്കാര്‍ അത് പോലും ചെയ്യുന്നില്ലെന്ന് നടന്‍ വീര്‍ദാസ്

കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ മരണനിരക്ക് വര്‍ദ്ധിക്കുകയാണ്. രണ്ടായിരത്തിന് മുകളില്‍ ആളുകളാണ് ദിനംപ്രതി മരിക്കുന്നത്. ദേശീയ മാധ്യമങ്ങളും ഒപ്പം ലോക മാധ്യമങ്ങളും കോവിഡ് തരംഗം നേരിടാന്‍ സജ്ജമാകാത്ത ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ദ ഓസ്ട്രേലിയന്‍ എന്ന മാധ്യമം പ്രസിദ്ധീകരിച്ച ലേഖനം വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി ഇന്ത്യ അയച്ച കത്ത് ശ്രദ്ധേയമാവുകയാണ്. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നടനും സ്റ്റാന്‍ഡ് അപ്പ് കോമേഡിയനുമായ വീര്‍ദാസ്.

സര്‍ക്കാര്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത മരണനിരക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറ്റം പറയുന്നത് അര്‍ത്ഥമില്ലാത്ത കാര്യമാണെന്ന് വീര്‍ദാസ് പറയുന്നു. “”മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ ക്രൂശിക്കേണ്ട. സര്‍ക്കാര്‍ അത് പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല”” എന്നാണ് വീര്‍ദാസിന്റെ ട്വീറ്റ്.

ഉദ്യോഗസ്ഥ തലത്തിലെ പിടിപ്പുംകേടും ധാര്‍ഷ്ട്യവും ചേര്‍ന്ന് രാജ്യം കണ്ട ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും പ്രധാനമന്ത്രി നിസാര ഭാവത്തിലാണ് എന്നായിരുന്നു ദ ഓസ്ട്രേലിയനില്‍ വന്ന ലേഖനം. ഇത് അടിസ്ഥാനമില്ലാത്തതും വിദ്വേഷം പ്രചരിപ്പിക്കുന്നതും അപകീര്‍ത്തിപരവുമാണെന്നും വസ്തുത അന്വേഷിക്കാതെയാണ് ലേഖനം പബ്ലിഷ് ചെയ്തതെന്നും ഇന്ത്യ എഴുതിയ കത്തില്‍ പറയുന്നു.