തന്റെ എഴുത്തിന് മുകളിൽ ഒരു സിനിമ പോയിട്ടുണ്ടെങ്കിൽ അത് ആ ചിത്രമായിരുന്നുവെന്ന് എം ടി, അതെനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം: സിബി മലയിൽ

മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി
മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയിൽ മലയാളത്തിന് സമ്മാനിച്ചത്.

ഫാസിലിന്റെയും പ്രിയദർശന്റെയും സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് സിനിമയിലേക്ക് സിബി മലയിൽ കടന്നു വരുന്നത്. 1985 ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലിയെ നായകനായെത്തിയ ‘കൊത്ത്’ എന്ന ചിത്രമാണ് സിബി മലയിലിന്റെ അവസാനമിറങ്ങിയ ചിത്രം.

മലയാളത്തിലെ തന്നെ മികച്ച സിനിമകളിലൊന്നാണ് സിബി മലയിൽ- എം. ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം സദയം. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥൻ എന്ന കഥാപാത്രം. 1992-ൽ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം എം. ടിക്ക് നേടികൊടുത്ത ചിത്രം കൂടിയാണ് സദയം.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ. ചിത്രത്തിന്റെ ഫൈനൽ എഡിറ്റ് എം. ടിയെ കാണിക്കാൻ ടെൻഷനോടെയാണ് താൻ നിന്നതെന്നും എന്നാൽ പടം കണ്ട ശേഷം അദ്ദേഹം ചിരിക്കുകയാണ് ചെയ്തതെന്നും സിബി മലയിൽ പറയുന്നു. കൂടാതെ എം. ടിയുടെ എഴുത്തിന് മുകളിൽ ഒരു സിനിമ പോയിട്ടുണ്ടെങ്കിൽ അത് സദയമാണെന്ന് എംടി പറഞ്ഞതായി താൻ കേട്ടിരുന്നുവെന്നും, അത് തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണെന്നും സിബി മലയിൽ പറയുന്നു.

Sadayam (1992)

“ഞാൻ വളരെ ഭയത്തോടെ സമീപിച്ച ചിത്രമാണ് സദയം. ഞാൻ അതുവരെ ചെയ്ത‌ എല്ലാ സിനിമകളെക്കാൾ ശ്രദ്ധയോടെ സമീപിച്ച ചിത്രമാണ് സദയം. ഒന്നാമത്തെ കാര്യം അതിൻ്റെ തിരക്കഥ വളരെ കോംപ്ലിക്കേറ്റഡാണ്.

എം.ടി സാറിനെ പോലൊരു വലിയ എഴുത്തുകാരൻ്റെ സിനിമ ചെയ്യുന്ന ആ സമയത്തെ ഏറ്റവും ചെറിയ തലമുറയിൽപ്പെട്ട സംവിധായകനാണ് ഞാൻ. എം.ടി സാർ ലൊക്കേഷനിലൊക്കെ വരുമ്പോൾ ഞാൻ പേടിച്ചിട്ടാണ് നിൽക്കുന്നത്. ഞാൻ ചെയ്യുന്ന മണ്ടത്തരങ്ങൾ പുള്ളി കാണുന്നുണ്ടോ എന്നായിരുന്നു എൻ്റെ പേടി. പുള്ളി ഒന്നും മിണ്ടാതെ എല്ലാം കണ്ടിട്ട് പോവും.

അത് ശരിയാണോ തെറ്റാണോ എന്നൊന്നും പുള്ളിയുടെ മുഖഭാവത്തിൽ നിന്ന് നമുക്ക് മനസിലാവില്ല. പക്ഷെ ഞാൻ വളരെ സത്യസന്ധമായി, ഒരുപാട് ഉൾക്കൊണ്ട് ചെയ്‌ത ചിത്രമാണ് സദയം. അതിൻ്റെ കറക്റ്റ് ഓർഡറിലാണ് ചിത്രം ഷൂട്ട് ചെയ്‌തിട്ടുള്ളത്. നാല് രാത്രികൊണ്ടാണ് ഷൂട്ട് ചെയ്‌ത്, സിബി മലയിൽ പറയുന്നു.

എം. ടി സാറിനെ കാണിക്കാൻ വേണ്ടി ഫൈനൽ എഡിറ്റും കഴിഞ്ഞ് ഞാൻ നിന്നത് പരീക്ഷ എഴുതി പുറത്ത് നിൽക്കുന്ന ഒരാളെ പോലെയായിരുന്നു. സാർ അത് കണ്ടിട്ട് എൻ്റെ അടുത്ത് വന്ന് ചിരിച്ച്, മീശയും പിരിച്ചങ്ങ് പോയി. പക്ഷെ പുള്ളി അടുത്തകാലത്ത് ആരോടോ പറഞ്ഞെന്ന് ഞാൻ കേട്ടു, എന്റെ തിരക്കഥയുടെ മുകളിൽ പോയ ഏക സിനിമ ഇതാണെന്ന്. അദ്ദേഹം പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം.” എന്നാണ് സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞത്.