'സിനിമാ പാരഡൈസോ' എന്ന ചിത്രം എൻ്റെ ജീവിതം മാറ്റിയതുപോലെ എനിക്ക് ആരുടെയും ജീവിതം മാറ്റാൻ ഇതുവരെ പറ്റിയിട്ടില്ല: ഫഹദ് ഫാസിൽ

ഫഹദ് നായകനായി എത്തിയ ജിതു മാധവൻ ചിത്രം ‘ആവേശം’ 100 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ആവേശത്തിലെ രംഗ.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

ഇപ്പോഴിതാ തന്റെ ജീവിതം മാറ്റിമറിച്ച സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസിൽ. 1988- ൽ പുറത്തിറങ്ങിയ ‘സിനിമ പാരഡൈസോ’ എന്ന ക്ലാസിക് ചിത്രം തന്റെ ജീവിതത്തിൽ വലിയ മാറ്റമാണ് സൃഷ്ടിച്ചതെന്നും, കൂടാതെ ആ ചിത്രം തൻ്റെ ജീവിതം മാറ്റിയതുപോലെ തനിക്ക് ആരുടെയും ജീവിതം മാറ്റാൻ ഇതുവരെ പറ്റിയിട്ടില്ലെന്നും ഫഹദ് പറയുന്നു.

“സിനിമാ പാരഡൈസോ, എൻ്റെ ജീവിതം മാറ്റിയ സിനിമയാണത്. ഇപ്പോഴും എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണന്ന് വെച്ചാൽ, പ്രേക്ഷകർ എന്റെ സിനിമ കാണുമ്പോൾ സിനിമാ പാരഡൈസോ കണ്ടപ്പോൾ എനിക്ക് എന്താണോ തോന്നിയത്, അത് പ്രേക്ഷകർക്കും തോന്നണം എന്നാണ്. ഇതുവരെ അതിൻ്റെ അടുത്തുപോലും എനിക്ക് എത്താൻ സാധിച്ചിട്ടില്ല.

Prime Video: Cinema Paradiso

സിനിമാ പാരഡൈസോ എൻ്റെ ജീവിതം മാറ്റിയതുപോലെ എനിക്ക് ആരുടെയും ജീവിതം മാറ്റാൻ ഇതുവരെ പറ്റിയിട്ടില്ല. കല്യാണത്തിന് ശേഷം എന്റെ ഭാര്യയുടെ ജീവിതം മാറ്റി എന്ന് തമാശക്ക് പറയാം. അല്ലാതെ ഒരാളെ ഇതുവരെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ആ സിനിമ എൻ്റെ ലൈഫിൽ ഉണ്ടാക്കിയ ഇംപാക്‌ട് അത്ര വലുതാണ്.” എന്നാണ് ഗാലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞത്.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

അതേസമയം റിലീസ് ചെയ്ത് പതിമൂന്ന് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ ആഗോളതലത്തില്‍ 10 കോടിക്ക് മുകളില്‍ നേടിയ ചിത്രം കേരളത്തില്‍ മാത്രം 4 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാം 3 കോടിക്ക് മുകളില്‍ കളക്ഷന്‍ ചിത്രം കേരളത്തില്‍ നിന്നും നേടിയിട്ടുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘ആടുജീവിതം’, ‘പ്രേമലു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് ആവേശം. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.