തിരഞ്ഞെടുപ്പിനോട് ചെക്ക് വയ്ക്കില്ല, വമ്പന്‍ ചിത്രങ്ങളും റിലീസ് മാറ്റി; ബോളിവുഡ് വീണ്ടും പടുകുഴിയിലേക്ക്!

തിരഞ്ഞെടുപ്പ് കാലത്ത് തിയേറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനത്തില്‍ ബോളിവുഡ്. ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്ത ബോളിവുഡ് സിനിമകള്‍ മിക്കതും ബോക്‌സ് ഓഫീസില്‍ ദുരന്തമായി മാറിയിരുന്നു. 50ന് അടുത്ത് ബോളിവുഡ് സിനിമകളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍ വെറും അഞ്ച് സിനിമകള്‍ മാത്രമാണ് വിജയമായത്. അതുകൊണ്ട് തന്നെ വന്‍ പ്രതിസന്ധിയിലാണ് ബോളിവുഡ് സിനിമ ഇപ്പോള്‍.

തിരഞ്ഞെടുപ്പ് തിരക്കിനിടയില്‍ വീണ്ടും സിനിമകള്‍ പരാജയമാകേണ്ട എന്ന തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് ബോളിവുഡ് ഇപ്പോള്‍. നേരത്തെ മെയ് മാസത്തില്‍ റിലീസ് പ്രഖ്യാപിച്ച പല സിനിമകളും ജൂണ്‍ നാലിന് ഫലപ്രഖ്യാപനം കഴിഞ്ഞ ശേഷമുള്ള തീയതികളിലേക്ക് മാറ്റിയിരിക്കുകയാണ്. നേരത്തെ മെയ് മാസത്തില്‍ റിലീസ് തീരുമാനിച്ച പ്രഭാസിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ റിലീസ് മാറ്റി വച്ചിരിക്കുകയാണ്. പിന്നീട് ചിത്രം ജൂണിലേക്ക് മാറ്റിയിരുന്നു. ജൂണ്‍ 4ന് ഫലപ്രഖ്യാപനവും കഴിഞ്ഞ ശേഷമാകും ചിത്രം റിലീസ് ചെയ്യുക.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘സബര്‍മതി റിപ്പോര്‍ട്ട്’, ‘തെഹ്‌റാന്‍’ എന്നിവയുടെയും റിലീസിനെ കുറിച്ച് നിര്‍മാതാക്കള്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. ആയുഷ് ശര്‍മയുടെ ‘റസ്‌ലാന്‍’ ഏപ്രില്‍ 26ന് തന്നെ റിലീസ് ചെയ്യും. തുടര്‍ന്ന് മറ്റ് സിനിമകളൊന്നും റിലീസ് ചെയ്യില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രാജ്കുമാര്‍ റാവുവിന്റെ ‘ശ്രീകാന്ത്’ മേയ് 10ന് ആണ് റിലീസ് തീരുമാനിച്ചിരുന്നത്. മനോജ് വാജ്‌പേയിയുടെ ‘ഭയ്യാജി’ മേയ് 24നും ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ മേയ് 31നും ഷെഡ്യൂള്‍ ചെയ്തിരുന്നതാണ്. എന്നാല്‍, ഈ തീയതികളില്‍ തന്നെ സിനിമകള്‍ എത്തുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയമാണ്.

പുതിയ റിലീസുകളെ തെരഞ്ഞെടുപ്പ് ഒരു പരിധിവരെ ബാധിക്കാനിടയുണ്ടെന്നും അതുകൊണ്ട് തങ്ങള്‍ ഏറെ സൂക്ഷിച്ചാണ് തീയതി പ്രഖ്യാപിക്കുന്നതെന്നും പ്രമുഖ വിതരണക്കാരന്‍ അക്ഷയ് റാത്തി പ്രതികരിച്ചു. അതേസമയം, ബോളിവുഡ് വീണ്ടും തകര്‍ച്ചയിലാണ്. കോവിഡ് പ്രതിസന്ധിയില്‍ തളര്‍ന്നു വീണ ബോളിവുഡ് ഷാരൂഖ് ഖാന്റെ തിരിച്ചുവരവോടെ ഉയര്‍ത്തെഴുന്നേറ്റിരുന്നു. 1000 കോടി നേടിയ ചിത്രങ്ങള്‍ ബോളിവുഡിനെ വീണ്ടും പ്രതാപത്തിലേക്ക് തിരികെ എത്തിയിരുന്നു.

എന്നാല്‍ വീണ്ടും തകര്‍ച്ചയുടെ വക്കിലാണ് ബോളിവുഡ്. ഹൃത്വിക് റോഷന്റെ ‘ഫൈറ്റര്‍’ ആണ് ഈ വര്‍ഷത്തെ ബോളിവുഡിലെ ഹൈയെസ്റ്റ ഗ്രോസിങ് ചിത്രം. 260 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം നേടിയത് 337.2 കോടി രൂപയാണ്. എന്നാല്‍ ഒരു സൂപ്പര്‍ താര ചിത്രത്തെ സംബന്ധിച്ച് വളരെ ചെറിയൊരു വിജയം മാത്രമാണിത്. ‘ശെയ്ത്താന്‍’, ‘ക്രൂ’, ‘തേരി ബാത്തോന്‍ മേന്‍ ഐസാ ഉല്‍ജാ ജിയാ’, ‘ആര്‍ട്ടിക്കിള്‍ 370’ എന്നിവയാണ് വിജയിച്ച മറ്റ് ചിത്രങ്ങള്‍.