ഇന്ത്യയില്‍ ആളുകള്‍ക്ക് പരദൂഷണം പറയാന്‍ ഭയങ്കര ഇഷ്ടം: അര്‍ജുന്‍ കപൂര്‍

നടി മലൈക അറോറയുമായുള്ള ബന്ധത്തെക്കുറിച്ച് മനസുതുറന്ന് അര്‍ജുന്‍ കപൂര്‍. ജാനിസ് എന്ന ഇന്‍ഫ്ളുവന്‍സറുമായി നടത്തിയ ചര്‍ച്ചയിലാണ് നടന്‍ മലൈകയെക്കുറിച്ച് സംസാരിച്ചത്. മലൈകയ്ക്ക് അര്‍ജുനേക്കാള്‍ പന്ത്രണ്ട് വയസ്സ് പ്രായക്കൂടുതലുണ്ട്. അതിന്റെ പേരില്‍ നിരവധി പരിഹാസങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വരുന്നത് . എന്നാല്‍ അതൊന്നും ഗൗനിക്കാതെ മുന്നോട്ട് പോവുകയാണ് ഇരുവരും.

ഇതേക്കുറിച്ച് അര്‍ജ്ജുന്‍ പറയുന്നതിങ്ങനെ

‘ഇന്ത്യയില്‍, ആളുകള്‍ക്ക് പരദൂഷണം പറയാന്‍ ഇഷ്ടമാണ്. അവരെപ്പോള്‍ വിവാഹം കഴിക്കും, അവരെ ഒരുമിച്ച് കാണാന്‍ രസമില്ലല്ലോ, ഓ ഇത് എത്രകാലം പോകുമെന്ന് കണ്ടറിയാം, അവള്‍ അവനില്‍ എന്ത് ഗുണമാണ് കണ്ടത്? തുടങ്ങിയ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യും. കരിയര്‍ നശിക്കുമെന്നൊക്കെ ഉപദേശിക്കും. ഈ കാഴ്ചപ്പാടുകള്‍ മാറാന്‍ സമയമെടുക്കും’ – അര്‍ജുന്‍ പറഞ്ഞു.

നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. 1998-ലാണ് അര്‍ബാസും മലൈകയും വിവാഹിതരാകുന്നത്. ഈ ദാമ്പത്യത്തില്‍ ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്.