സിനിമയ്ക്ക് കടുത്ത വിമര്‍ശനങ്ങള്‍, എന്നാല്‍ കുതിച്ചുയര്‍ന്ന് കളക്ഷന്‍; 'അനിമല്‍' ഇനി ഒ.ടി.ടിയില്‍ കാണാം

കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും തിയേറ്ററില്‍ ഗംഭീര കളക്ഷന്‍ നേടിയ ചിത്രമാണ് ‘അനിമല്‍’. രണ്‍ബിര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ ഒരുക്കിയ ചിത്രത്തിലെ സ്ത്രീ വിരുദ്ധത വിവാദമായിരുന്നു. എങ്കിലും 900 കോടിക്ക് അടുത്ത് കളക്ഷനാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഒ.ടി.ടി സ്ടീമിംഗിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അനിമലിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്‌ളിക്‌സ് ആണ്.

ജനുവരി 26ന് മുമ്പായി ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി നെറ്റ്ഫ്‌ളിക്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, സ്ത്രീ വിരുദ്ധതയെയും അക്രമത്തെയും മഹത്വവല്‍ക്കരിക്കുന്നു എന്ന പേരില്‍ ചിത്രം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.

ചിത്രത്തിലെ രശ്മിക മന്ദാനയുടെ നായികാ കഥാപാത്രത്തിന് എതിരെ വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. സമീപകാലത്ത് എത്തിയ ഏറ്റവും മോശം സ്ത്രീ കഥാപാത്രമാണ് ഗീതാഞ്ജലി എന്ന രശ്മികയുടെ കഥാപാത്രം എന്ന വിമര്‍ശനങ്ങളാണ് എത്തിയത്. എന്നാല്‍ ചിത്രത്തിലെ മറ്റൊരു നായികയായ തൃപ്തി ദിമ്രിയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

Read more

സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് ഫോളോവേഴ്‌സ് വര്‍ദ്ധിച്ച തൃപ്തിക്ക് നാഷണല്‍ ക്രഷ് എന്ന പദവിയും സോഷ്യല്‍ മീഡിയ നല്‍കിയിരുന്നു. ബോബി ഡിയോള്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത്. ഡിസംബര്‍ ഒന്നിന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്.