'മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന വരികള്‍ എന്റെ ഭാവനയാണ്, അദ്ദേഹത്തിന് ദേഷ്യം വരുമോ എന്നാണ് പേടി'; പ്രതികരിച്ച് പിണറായി ഗാനത്തിന്റെ സംവിധായകന്‍

മുഖ്യമന്ത്രി പിണറായി വിജയനെ പുഴ്ത്തി കൊണ്ടുള്ള ‘കേരള സിഎം’ എന്ന ഗാനം ട്രോളുകളില്‍ നിറയുകയാണ്. പിണറായി വിജയനെ സിംഹം പോലെ ഗര്‍ജിക്കുന്ന നായകനായും ഒറ്റയ്ക്ക് വളര്‍ന്ന മരമായും നാടിന്റെ അജയ്യനായും ഒക്കെ വിശേഷിപ്പിക്കുന്ന ഗാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് പാട്ടിന്റെ സൃഷ്ടാവ് ആയ സംവിധായകന്‍ നിശാന്ത് നിള. ഗാനത്തിന് വരികള്‍ ഒരുക്കി ഈണമിട്ട് സംവിധാനം ചെയ്തിരിക്കുന്നത് നിഷാന്ത് നിലയാണ്. ഈ ഗാനം മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് എന്നാണ് നിഷാന്ത് പറയുന്നത്.

മനോരമ ന്യൂസിനോടാണ് നിശാന്ത് പ്രതിരിച്ചത്. എനിക്ക് മുഖ്യമന്ത്രിയോട് ആരാധനയ്ക്കപ്പുറമുള്ള വികാരമാണ്. അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. പാട്ടിലെ പുകഴ്ത്തല്‍ വരികള്‍ എന്റെ വെറും ഭാവനയാണ്, വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും.

ആ പുകഴ്ത്തല്‍ അതിരുകടന്നതില്‍ അദ്ദേഹത്തിന് ദേഷ്യം വരുമോ എന്ന് ചെറിയ പേടിയുണ്ട്. എന്നാലും എന്തെങ്കിലും തെറ്റ് സംഭവിച്ചു പോയെങ്കില്‍ കുടുംബാംഗത്തെപ്പോലെ കരുതി എന്നോട് ക്ഷമിക്കുമെന്നാണ് പ്രതീക്ഷ. എന്റെ പരിമിതമായ അറിവ് കൊണ്ട് ഞാന്‍ ഉണ്ടാക്കിയ ഗാനമാണിത് എന്നാണ് നിശാന്ത് പറയുന്നത്.

അതേസമയം, സ്വര്‍ണക്കടത്ത് കേസ് വിവാദം ഉള്‍പ്പടെയുള്ളവ ആസൂത്രിതമാണെന്നാണ് വീഡിയോയുടെ തുടക്കത്തില്‍ പറയുന്നത്. വെള്ളപ്പൊക്കവും കൊവിഡുമുള്‍പ്പടെയുള്ള പ്രതിസന്ധികള്‍ പിണറായിയുടെ മുന്നേറ്റത്തിന് തുണയായതായും വീഡിയോയില്‍ പറയുന്നുണ്ട്. പിണറായിയുടെ ചെറുപ്പകാലം മുതല്‍ പാട്ടില്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.