വിമല്‍ പാന്‍മസാലയുമായി ബന്ധമില്ല, ആരാധകര്‍ക്ക് നല്‍കിയ വാക്ക് തെറ്റിച്ചിട്ടില്ല; വിശദീകരണവുമായി അക്ഷയ് കുമാര്‍

പുകയില ഉല്‍പ്പന്നമായ വിമല്‍ പാന്‍മസാലയുടെ പരസ്യത്തില്‍ അക്ഷയ് കുമാറും ഷാരൂഖ് ഖാനും അജയ് ദേവ്ഗണ്ണും വീണ്ടും എത്തിയത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസമാണ് മൂന്ന് സൂപ്പര്‍ താരങ്ങളമുള്ള വിമലിന്റെ പുതിയ പരസ്യം വന്നത്.

പുകയില ഉത്പന്നങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ട പരസ്യങ്ങളില്‍ ഇനി ഒരിക്കലും അഭിനയിക്കില്ലെന്ന് ആരാധകര്‍ക്ക് വാക്ക് നല്‍കിയ അക്ഷയ് കുമാര്‍ വീണ്ടും പരസ്യത്തില്‍ എത്തിയത് വിവാദമാവുകയായിരുന്നു. വിമര്‍ശനങ്ങളും ട്രോളുകളുമാണ് താരത്തിനെതിരെ എത്തിയത്. ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍.

ആരാധകര്‍ക്ക് താന്‍ നല്‍കിയ വാക്ക് തെറ്റിച്ചിട്ടില്ല എന്നാണ് അക്ഷയ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ എക്‌സ് അക്കൗണ്ടില്‍ അക്ഷയ് കുമാര്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്. അക്ഷയ് കുമാര്‍ വാക്ക് പാലിച്ചില്ല എന്ന ബോളിവുഡ് ഹംഗാമയുടെ വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് നടന്‍ ട്വീറ്റ് ചെയ്തത്.

”ഇതിന്റെ അംബാസഡറായി തിരിച്ചു വന്നുവെന്നോ? വ്യാജ വാര്‍ത്തകള്‍ അല്ലാത്ത ചില കാര്യങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ചില വസ്തുതകള്‍ നിങ്ങള്‍ക്ക് പരിശോധിക്കാം ബോളിവുഡ് ഹംഗാമ. 2021 ഒക്ടോബര്‍ 13ന് ആണ് ഈ പരസ്യം ഷൂട്ട് ചെയ്തത്.”

”ഈ ബ്രാന്‍ഡിന്റെ അംബാസഡര്‍ സ്ഥാനത്ത് നിന്നും ഒഴിയുന്നതായി ഞാന്‍ പരസ്യ പ്രഖ്യാപനം നടത്തിയത് മുതല്‍ ഇതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്നാല്‍ അടുത്ത മാസം അവസാനം വരെ ചിത്രീകരിച്ച പരസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ അവര്‍ക്ക് നിയപരമായി അധികാരമുണ്ട്. കുറച്ച് സത്യമായ വാര്‍ത്തകള്‍ കൊടുക്കാന്‍ ശ്രമിക്കൂ” എന്നാണ് അക്ഷയ് കുമാറിന്റെ കുറിപ്പ്.

അതേസമയം, പരസ്യം എത്തിയപ്പോള്‍ പല കോണുകളില്‍ നിന്നും അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുമ്പൊരിക്കല്‍ ഇവര്‍ മൂന്ന് പേരും ഒരുമിച്ചെത്തിയ പാന്‍മസാലയുടെ പരസ്യം വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇനി ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന് ആരാധകര്‍ക്ക് അക്ഷയ് കുമാര്‍ വാക്ക് നല്‍കിയത്.