കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മദ്യനയ കേസിൽ ഇഡി അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹർജിയാണ് പരിഗണിക്കുക. ഡൽഹി ഹൈക്കോടതി നേരത്തെ കെജ്‌രിവാളിന്റെ ഹർജി തള്ളിയിരുന്നു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക.

തെളിവുകളൊന്നുമില്ലാതെ ആണ് തന്നെ അറസ്റ്റ് ചെയ്തത്. ഭരണ ഘടന ഉറപ്പ് നൽകുന്ന പ്രാഥമിക അവകാശങ്ങളുടെ ലംഘനമാണിത്. സമൻസ് അനുസരിച്ച് ഹാജരാകാതിരുന്നു എന്നതിന്റെ പേരിൽ മാത്രം അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നെന്നും ഇഡി നീക്കം നിയമ വിരുദ്ധമായിരുന്നെന്നുമാണ് കെജ്‌രിവാളിന്റെ വാദം. മദ്യനയക്കേസിന്റെ സൂത്രധാരൻ കെജ്‌രിവാളാണെന്നാരോപിച്ച് ഇഡി കഴിഞ്ഞ ദിവസം കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിരുന്നു.

അതേസമയം കെജ്‌രിവാളിനെ സന്ദർശിക്കാൻ ഭാര്യ സുനിതയ്ക്ക് തിഹാർ ജയിൽ അധികൃതർ അനുമതി നൽകിയില്ല. ഇന്ന് കെജ്‌രിവാളിനെ സന്ദർശിക്കാനുള്ള അനുമതിയാണ് ജയിൽ അധികൃതർ നിഷേധിച്ചത്. അടുത്ത ആഴ്ചയിലെ സന്ദർശന ഷെഡ്യൂൾ പൂർത്തിയായെന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കിയത്. ആഴ്ചയിൽ 2 തവണയേ സന്ദർശകരെ കാണാൻ അനുമതിയുള്ളൂവെന്നും സുനിത മുൻകൂർ അനുമതി വാങ്ങിയില്ലെന്നുമാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം.

എന്നാൽ വ്യക്തമായ കാരണം ഇല്ലാതെയാണ് സുനിതയ്ക്ക് അനുമതി നിഷേധിച്ചതെന്നാണ് എഎപിയുടെ വാദം. അതേസമയം, നാളെ ഉച്ചക്ക് 12:30ക്ക് എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതീഷി മേർലേന അരവിന്ദ് കെജ്‌രിവാളിനെ തിഹാർ ജയിലിൽ സന്ദർശിക്കും