IPL 2024: 'വിരാട് കോഹ്‌ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

സ്പിന്നര്‍മാര്‍ക്കെതിരെ വിരാട് കോഹ്ലി പലപ്പോഴും കുടുങ്ങിയിട്ടുണ്ട്. ടി20 ക്രിക്കറ്റില്‍ സ്ലോ ബോളര്‍മാര്‍ക്കെതിരെ വലിയ സ്‌കോര്‍ ചെയ്യാന്‍ കോഹ്‌ലിക്ക് കഴിഞ്ഞിട്ടില്ല. ട്വീക്കറുകള്‍ക്ക് മുന്നിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ ക്രിക്കറ്റ് വിദഗ്ധര്‍ ചോദ്യം ചെയ്തിട്ടുണ്ട്. കോഹ്‌ലി ക്രീസില്‍ നില്‍ക്കുമ്പോള്‍ എതിരാളികളായ ഫ്രാഞ്ചൈസികളുടെ ക്യാപ്റ്റന്‍മാര്‍ പലപ്പോഴും ഒരു സ്പിന്നറെ കൊണ്ടുവരാറുണ്ട്.

സ്പിന്നര്‍മാരെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മുന്‍ താരം നവജ്യോത് സിംഗ് സിദ്ദു സായ് സുദര്‍ശനെ വിരാടുമായി താരതമ്യം ചെയ്തു. ”വിരാട് കോഹ്ലിക്കെതിരെ സ്പിന്നര്‍മാര്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് കുറയും. മറുവശത്ത്, സ്പിന്നര്‍മാര്‍ക്കെതിരെ സായ് സുദര്‍ശന്റെ സ്‌ട്രൈക്ക് റേറ്റ് കുതിച്ചുയരുന്നു.’

”സായി സ്പിന്‍ ബോളിംഗിനെതിരെ മികച്ച കളിക്കാരനാണ്. അവന്‍ ഒരു പ്രദേശം മാത്രം ലക്ഷ്യമിടാതെ ഗ്രൗണ്ടിന്റെ എല്ലാ മേഖലകളിലും ഷോട്ടുകള്‍ കളിക്കുന്നു. യുവ ബാറ്ററുടെ കവര്‍ ഡ്രൈവ് കാണാന്‍ നല്ലതാണ്. അതേസമയം മിഡ് വിക്കറ്റ് മേഖലയിലെ അദ്ദേഹത്തിന്റെ സ്‌ട്രോക്കുകള്‍ മനസ്സിനെ ത്രസിപ്പിക്കുന്നതാണ്. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയാണ്, ഫോര്‍മാറ്റുകളിലുടനീളം ഇന്ത്യയെ പ്രതിനിധീകരിക്കും’ നവജ്യോത് സിംഗ് സിദ്ധു പറഞ്ഞു.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അടുത്തിടെ നടന്ന മത്സരത്തില്‍ കോഹ്‌ലി 44 പന്തില്‍ 6 ഫോറും 3 സിക്സറും ഉള്‍പ്പെടെ പുറത്താകാതെ 70 റണ്‍സ് നേടിയപ്പോള്‍ 201 റണ്‍സ് പിന്തുടരുന്നതിനിടെ ആര്‍സിബി 9 വിക്കറ്റിന് ജയിച്ചു. വില്‍ ജാക്ക്സ് ഗംഭീര സെഞ്ച്വറി നേടി.

ഐപിഎല്‍ 2024 ലെ ഓറഞ്ച് ക്യാപ് റേസില്‍ 10 മത്സരങ്ങളില്‍ നിന്ന് 500 റണ്‍സുമായി കോഹ്ലി മുന്നിലാണ്. 1 സെഞ്ചുറിയും 4 അര്‍ധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. തന്റെ ടീം ഏഴ് മത്സരങ്ങള്‍ തോറ്റെങ്കിലും കോഹ്ലി തന്റെ വേഗത കുറച്ചിട്ടില്ല. 2024-ല്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ അദ്ദേഹം ഇന്ത്യക്കായി കളിച്ചേക്കും.