‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ ചിത്രത്തില്‍ സൈക്കോ വില്ലന്‍ ആയി പൃഥ്വിരാജ്. അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും നായകന്‍മാരായി എത്തുന്ന ചിത്രത്തില്‍ മലയാളിയായ വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ മുഖം മറച്ചാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്.
പ്രളയ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ ‘ആടുജീവിതം’ സിനിമയെ പുകഴ്ത്തി കൊണ്ടുള്ള അക്ഷയ് കുമാറിന്റെ വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ആടുജീവിതത്തില്‍ പൃഥ്വിരാജിനെ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.
”ഞാന്‍ അദ്ദേഹത്തില്‍ നിന്നും ധാരാളം കാര്യങ്ങള്‍ സ്വീകരിച്ചു. ആടുജീവിതം എന്ന പേരില്‍ പൃഥ്വിയുടെ മലയാളം സിനിമ പുറത്തിറങ്ങാനിരിക്കുകയാണ്. അദ്ദേഹം എനിക്ക് ട്രെയ്ലര്‍ കാണിച്ചു, ഒരു ട്രയല്‍ ഷോ ഉണ്ടാകുമ്പോള്‍ എന്നെ അറിയിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു.”
”ഞാന്‍ സാധാരണയായി ട്രയല്‍ ഷോകള്‍ക്ക് പോകാറില്ല. പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ സിനിമ കാണാന്‍ ആഗ്രഹമുണ്ട്. രണ്ടോ മൂന്നോ വര്‍ഷം ഈ മനുഷ്യന്‍ ആ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്” എന്നാണ് അക്ഷയ് പറഞ്ഞത്. എന്നാല്‍ ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിനായി താന്‍ 16 വര്‍ഷമെടുത്തു എന്ന് പൃഥ്വിരാജ് തിരുത്തുന്നുമുണ്ട്.
”അദ്ദേഹം 16 വര്‍ഷമായി ആ സിനിമയില്‍ പ്രവര്‍ത്തിച്ചുവെന്നത് അവിശ്വസനീയമാണ്! എനിക്ക് 16 മാസത്തേക്ക് ജോലി ചെയ്യാന്‍ പോലും കഴിയില്ല. അദ്ദേഹത്തിന് ഹാറ്റ്‌സ് ഓഫ്!” എന്നും അക്ഷയ് പറഞ്ഞു. ട്രെയ്‌ലര്‍ ലോഞ്ചിനിടെ മികച്ച നടന്‍ എന്നും അക്ഷയ് പൃഥ്വിയെ സംബോധന ചെയ്യുന്നുണ്ട്.