പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു; ഐശ്വര്യറായ്ക്കും ആരാധ്യയ്ക്കും കോവിഡ് നെഗറ്റീവ്

ഐശ്വര്യറായ്ക്കും മകള്‍ ആരാധ്യയ്ക്കും രോഗമുക്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഇരുവരും ആശുപത്രി വിട്ടു. എന്നാല്‍ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ആശുപത്രിയില്‍ തന്നെ തുടരും. അഭിഷേകാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

“”എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും നന്ദി. എന്നും കടപ്പെട്ടിരിക്കുന്നു. കോവിഡ് പരിശോധനഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലേക്ക് മടങ്ങി. ഞാനും അച്ഛനും തുടര്‍ന്നും ആശുപത്രിയില്‍ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ തുടരും”” എന്ന് അഭിഷേക് ട്വീറ്റ് ചെയ്തു.

കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂലൈ 11, 12 തിയതികളിലായാണ് അമിതാഭ് ബച്ചനെയും അഭിഷേകിനെയും ഐശ്വര്യയെയും മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ നാനാവതി ആശപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിഞ്ഞത്.

അമിതാഭ് ബച്ചന്റെ ഭാര്യ ജയക്ക് കോവിഡ് നെഗറ്റീവായിരുന്നു. ബച്ചന്‍ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുടെ ജല്‍സ, ജനക്, പ്രതീക്ഷ, വാസ്ത എന്നീ വീടുകള്‍ മുംബൈ കോര്‍പ്പറേഷന്‍ അണുവിമുക്തമാക്കി സീല്‍ ചെയ്തിരുന്നു.