88-ാം വയസില്‍ സിനിമയ്ക്കായി പേര് മാറ്റി ധര്‍മേന്ദ്ര!

പുതിയ സിനിമയ്ക്കായി പേര് മാറ്റി ബോളിവുഡിലെ സീനിയര്‍ താരം ധര്‍മേന്ദ്ര. ‘തേരി ബാത്തോം മേം ഏസാ ഉല്‍ഝാ ജിയാ’ എന്ന സിനിമയാണ് 88കാരനായ ധര്‍മേന്ദ്രയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. കരിയറിലെ 64-ാം വര്‍ഷമാണ് താരം തന്റെ പേരില്‍ മോഡിഫിക്കേഷന്‍ വരുത്തിയിരിക്കുന്നത്.

‘തേരി ബാത്തോം മേം ഏസാ ഉല്‍ഝാ ജിയാ’ സിനിമയുടെ തുടക്കത്തില്‍ അഭിനയിച്ചവരുടെ പേരുകള്‍ കാണിക്കുന്നുണ്ട്. ഇതില്‍ ധര്‍മേന്ദ്രയുടെ പേര് ധര്‍മേന്ദ്ര സിംഗ് ഡിയോള്‍ എന്നാണ് സ്‌ക്രീനില്‍ കൊടുത്തിരിക്കുന്നത്. സിനിമാ ജീവിതത്തില്‍ താരം ഇതുവരെ പേരിനൊപ്പം ചേര്‍ത്ത സര്‍നെയിം ആണ് ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്.

ധരം സിംഗ് ഡിയോള്‍ എന്നാണ് ധര്‍മേന്ദ്രയുടെ യഥാര്‍ത്ഥ പേര്. 1960ല്‍ പുറത്തിറങ്ങിയ ‘ദില്‍ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര ബോളിവുഡില്‍ എത്തുന്നത്. ‘തേരി ബാത്തോം മേം ഏസാ ഉല്‍ഝാ ജിയാ’ ചിത്രത്തില്‍ നായകനായ ഷാഹിദ് കപൂറിന്റെ മുത്തച്ഛന്റെ വേഷമാണ് ധര്‍മേന്ദ്ര ചെയ്തത്.

കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. രണ്‍വീര്‍ സിംഗും ആലിയ ഭട്ടും മുഖ്യവേഷങ്ങളിലെത്തിയ ‘റോക്കി ഔര്‍ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലും ധര്‍മേന്ദ്ര അടുത്തിടെ വേഷമിട്ടിരുന്നു. ചിത്രത്തിലെ ലിപ്‌ലോക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.