'മിണ്ടുകേം പറയുകേം ചെയ്തില്ലെങ്കില്‍ എന്തു ജീവിതം മോനേ'; വിവാഹം കഴിഞ്ഞ് 45 വര്‍ഷം പിന്നിട്ടും പരസ്പരം സംസാരിച്ച് തീരാതെ ദമ്പതികള്‍

പരസ്പരം ഒരു അഞ്ചു മിനിട്ടു പോലും സമാധാനത്തോടെ സംസാരിക്കാന്‍ സമയം കണ്ടെത്താനാകാത്ത ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണ് തിരുവനന്തപുരം കാട്ടായിക്കോണത്തെ ജയകുമാറിന്റെയും ലൈലയുടെയും ജീവിതം. 45വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ഇവരുടെ വര്‍ത്തമാനത്തിന് ഇന്നും ബെല്ലും ബ്രേക്കും ഉണ്ടായിട്ടില്ല.

തങ്ങളുടെ കടയുടെ മുന്നിലിരുന്ന് പാതിരാത്രി വരെ നിര്‍ത്താതെ കളിയും ചിരിയുമായി പരസ്പരം വര്‍ത്തനമാനം പറഞ്ഞിരിക്കുന്ന ഈ ദ്മ്പതികളെ കുറിച്ച് പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ടി ബി ലാല്‍ എഴുതിയ  ഫെയ്‌സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

വിവാഹിതരായി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ തമ്മില്‍ തല്ലി പിരിയുകയും പരസ്പരം സംസാരിക്കാതിരിക്കുകയും ചെയ്യുന്ന ആളുകള്‍ക്കിടയില്‍ ഇത്തരത്തിലുള്ളവര്‍ ഒരു അപൂര്‍വ്വ കാഴ്ച തന്നെയാണ്. ഞങ്ങള്‍ പ്രേമിച്ചു കല്യാണം കഴിച്ചവരാണ്. ഏതാണ്ട് പത്തുനാല്‍പ്പത്തഞ്ചു വര്‍ഷം മുന്‍പ്. അന്നു തുടങ്ങിയ വര്‍ത്തമാനമാണ്. ഇപ്പോഴും ബെല്ലും ബ്രേക്കുമൊന്നുമില്ല, മിണ്ടുകേം പറയുകേം ചെയ്തില്ലെങ്കില്‍ എന്തു ജീവിതംമോനേ.. ഇപ്പോഴത്തെ പിള്ളേര്‍ക്ക് കല്യാണം കഴിഞ്ഞാല്‍ ഒരു കൊല്ലത്തിനകം പൊറുതി മുട്ടും. മിണ്ടാട്ടമില്ല. ആരെങ്കിലും ഇറങ്ങിപ്പോകും. മടുപ്പായി ബന്ധം പിരിയലായി.. ഞങ്ങള്‍ക്കതു പറ്റുകേലയെന്നാണ് ഈ ദമ്പതികള്‍ പറയുന്നത്.

 

ടി ബി ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

കാട്ടായിക്കോണം എന്നൊരു സ്ഥലമുണ്ട്. ചെറിയൊരു ജംങ്ഷന്‍. രാത്രി ജോലി കഴിഞ്ഞ് ആ വഴിയാണ് പതിവായി പോകുന്നത്. അവിടെ ഒരു കടയുടെ അടച്ചിട്ട ഷട്ടറിനു കീഴെയുള്ള ഇത്തിരിപ്പോന്ന സ്ഥലത്തിരുന്ന് ഒരു ചേട്ടനും ചേച്ചിയും വളരെ ആത്മാര്‍ഥതയോടെ വര്‍ത്തമാനം പറഞ്ഞിരിക്കുന്നത് പതിവായി കാണാറുണ്ട്. ഒരു ദിവസം പോലും മുടക്കമില്ലാതെ. പാതിരാ പിന്നിട്ട് അതുവഴി പോയാലും അവരിരുന്നത് മിണ്ടുന്നതു കാണാം. ഉല്ലസിച്ച്, മുഖത്തോടു മുഖം ചേര്‍ത്തു വച്ചതു പോലെ മിണ്ടിയുംപറഞ്ഞുമിരിക്കുന്ന രണ്ടു പേര്‍.

ഇതു കണ്ടു കുറെയായപ്പോ പരിചയപ്പെടണമെന്നു തോന്നി. കഴിഞ്ഞ രാത്രി അവരുടെ അടുത്തു നിര്‍ത്തി. രണ്ടു പേരും നോക്കി ചിരിച്ചു. ചേട്ടന്‍ അവിടെത്തന്നെ ഇരുന്നു. ചേച്ചി ഷട്ടറിട്ട കടയോടു ചേര്‍ന്നുള്ള മറ്റൊരു കുഞ്ഞി കടയിലേക്ക് കേറിപ്പോയി. അതവരുടെ കടയാണ്. ഞാന്‍ എന്തെങ്കിലും വാങ്ങാന്‍ നിര്‍ത്തിയതാവും എന്നു കരുതിയാണ് ചേച്ചി കടയിലേക്കു കയറിയത്. ഇത്തിരിപ്പോന്ന കട. കുറച്ചു പച്ചക്കറികളും സ്റ്റേഷനറിയും ബ്രഡും ബിസ്‌ക്കറ്റുമൊക്കെ ഇരിക്കുന്നു. സിഗരറ്റാണോ വേണ്ടതെന്നു ചേച്ചി ചോദിച്ചു. സാധാരണ ഈ നേരത്ത് സിഗരറ്റ് വാങ്ങാനാണ് ആളുകള്‍ വണ്ടി നിര്‍ത്തുന്നത്.
രാത്രി എത്ര നേരം വരെ തുറന്നിരിക്കുമെന്നു ചോദിച്ചു.’ചേട്ടന്‍ കൂട്ടുണ്ടല്ലോ, ഒരു ഒന്നര വരെയൊക്കെ ഇരിക്കും.എയര്‍പോര്‍ട്ടിലേക്ക് ഇഷ്ടം പോലെ വണ്ടി പോക്കുവരവുണ്ട്. ചിലരു നിര്‍ത്തും. വെള്ളവും ബീഡിയും പഴവുമൊക്കെ മേടിക്കും. അതുകൊണ്ട് കുറച്ചു കച്ചവടം കിട്ടും.’

ഞാന്‍ ചേട്ടനെ നോക്കി.
ചിരി കൊണ്ടു വികസിച്ചിരിക്കുന്ന മുഖം. ഒന്നുകൂടെ ചിരിച്ചപ്പോള്‍ പെട്ടന്നു ക്ലോസായി. ചേട്ടന്‍ മാസ്‌ക് നെറ്റിയിലേക്കു കയറ്റി വച്ചിരിക്കുന്നു. അങ്ങനെയാണ് മുന്‍പും കണ്ടിട്ടുള്ളത്. പേരു ചോദിച്ചു:ജയകുമാര്‍, ചേച്ചിയുടെ പേര് : ലൈല. തൊട്ടടുത്താണ് വീട്. ദമ്പതികളാണ്. ‘നിങ്ങള്‍ ദിവസവും എന്താണിത്ര സംസാരിച്ചു കൊണ്ടിരിക്കുന്നതെന്നു ചോദിച്ചു. എന്താ നിങ്ങടെ സബ്ജക്റ്റ്..?’അതോ.. ഞങ്ങള്‍ക്കു പലതും പറയാനുണ്ട്. പഴയകാലത്തെ ഓര്‍മ്മകളൊക്കെ എന്തോരമാ..!’ ചേച്ചിയാണതു പറഞ്ഞത്.

‘ഞങ്ങള്‍ പ്രേമിച്ചു കല്യാണം കഴിച്ചവരാണ്. ഏതാണ്ട് പത്തുനാല്‍പ്പത്തഞ്ചു വര്‍ഷം മുന്‍പ്. അന്നു തുടങ്ങിയ വര്‍ത്തമാനമാണ്. ഇപ്പോഴും ബെല്ലും ബ്രേക്കുമൊന്നുമില്ല, മിണ്ടുകേം പറയുകേം ചെയ്തില്ലെങ്കില്‍ എന്തു ജീവിതംമോനേ.. ഇപ്പോഴത്തെ പിള്ളേര്‍ക്ക് കല്യാണം കഴിഞ്ഞാല്‍ ഒരു കൊല്ലത്തിനകം പൊറുതി മുട്ടും. മിണ്ടാട്ടമില്ല. ആരെങ്കിലും ഇറങ്ങിപ്പോകും. മടുപ്പായി ബന്ധം പിരിയലായി.. ഞങ്ങള്‍ക്കതു പറ്റുകേല.’
ഞാന്‍ അവരുടെ കൂടെ ഇരുന്നു.

മൂന്നു മക്കളുണ്ട്. ഒരാണും രണ്ടു പെണ്ണും. മൂവരുടേയും കല്യാണം കഴിഞ്ഞു. കൊച്ചുമക്കളുണ്ട്. ഇപ്പോ ഒരു കൊച്ചുകുട്ടി കൂടി വരാനിരിക്കുന്നു. അതിന്റെ സന്തോഷമുണ്ട്.
നാലു വര്‍ഷം മുന്‍പാണ് കടയിട്ടത്. ‘ആദ്യം ദേ.. റോഡിനെതിര്‍വശം കാണുന്നതായിരുന്നു. പിന്നെ വാടകകുറഞ്ഞ ഇതു കിട്ടി.’ വിഎസ്എസ്സിയില്‍ ഡ്രൈവറായിരുന്നു ജയകുമാര്‍. പിരിയായപ്പോള്‍ രണ്ടുമൂന്നു ചെറിയ വണ്ടികളൊക്കെ വാങ്ങി. ശേഷം അതുകൊണ്ട് കഴിയാമെന്നാണു കരുതിയത്. അപ്പോ കഴക്കൂട്ടത്തു വച്ച് വലിയൊരു അപകടം പറ്റി കുറച്ചുകാലം ആശുപത്രിവാസത്തിലായി. അതോടെ വണ്ടിയെല്ലാം പോയി. അങ്ങനെയാണ് കച്ചവടത്തിലേക്കു തിരിഞ്ഞത്.

ചേട്ടന്റെ കഴുത്തില്‍ കൊത്തുപണി ചെയ്ത വലിയൊരു മുത്തുമാല. ‘അറബിമാലയാണ്. കഴുത്തിലിട്ടോളാന്‍ പറഞ്ഞ് മരുമകന്‍ തന്നതാണ്. അവിടെ പ്രാര്‍ഥനയ്ക്ക് ഉപയോഗിക്കുന്നതാണ്. ഭംഗി കണ്ട് പലരും ചോദിച്ചു. കൊടുത്തില്ല.’ആര്‍ക്കും കൊടുക്കരുതെന്ന് ഞാന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.’ ലൈലേച്ചി മാല പിടിച്ചു ഭംഗി നോക്കി നല്ല ചേര്‍ച്ചയുണ്ട് അല്ലേ. അല്ലേലും ചേട്ടന്‍ സുന്ദരനാണല്ലോ. ഞാന്‍ പറഞ്ഞു.
‘ഈ മാസ്‌ക് എന്താ ഇങ്ങനെ ഗാന്ധിത്തൊപ്പി പോലെ നെറ്റിയേല്‍ വച്ചിരിക്കുന്നത്?”ഓ..ഇപ്പം മാസ്‌കൊന്നും ആരും വയ്കാറില്ലല്ലോ. പക്ഷേ ശീലമായിപ്പോയില്ലേ. ഉപേക്ഷിക്കാനും വയ്യ. അതുകൊണ്ടാ തലയിലേക്കു പ്രമോഷന്‍കൊടുത്തത്.’

‘രാത്രി വലിയ കച്ചവടം ഒന്നും ഇല്ലല്ലോ. ഇങ്ങനെ ഉറക്കം കളഞ്ഞിരിക്കുന്നതു കൊണ്ട് മെച്ചമുണ്ടോ?’ഒരു പ്രായം കഴിഞ്ഞാ ഉറക്കമൊന്നും വരില്ല കൊച്ചേ. കണ്ണടയ്ക്കാന്‍ പറ്റുകേല. കിടന്നാലും തിരിഞ്ഞും മറിഞ്ഞും കിടക്കും. കുറെച്ചെല്ലുമ്പോ ജീവിതമൊക്കെയങ്ങു മടുക്കും. കൂടെ ജീവിക്കുന്നോരേം മടുക്കും. അതിനു സമ്മതിക്കരുത്. ഞങ്ങള്‍ടെ കാര്യത്തില് ഇതുവരെ അങ്ങനെ മടുപ്പൊന്നും വന്നിട്ടില്ല. ഞാനായാലും ഇങ്ങേരായാലും ഒന്നും മനസ്സില്‍ വയ്ക്കാറില്ല. രഹസ്യങ്ങളില്ല. എല്ലാമങ്ങട് തുറന്നു പറയും. ഇവിടിങ്ങനെ രാത്രിനേരം ഓരോന്ന് പറഞ്ഞിരിക്കുന്നതാ ഞങ്ങള്‍ക്കിഷ്ടം. ഒരുപാടു മനുഷ്യന്മാരെ കാണാം. കള്ളനും പൊലീസുമൊക്കെ ഉണ്ടാകും. എന്നാ ജാതി ആളുകളൊക്കെയാ.’

‘രണ്ടു പേരും എപ്പോഴും ഒരുമിച്ചാണല്ലോ. നിങ്ങളു പിണങ്ങിയിട്ടില്ലേ?’ ‘നല്ല കഥ. വഴക്കൊക്കെ ഉണ്ടാറാകാറുണ്ട്കാലത്തേ പിണങ്ങിയില്‍ ഉച്ചയ്ക്കകം തീര്‍ത്തിരിക്കും. അതാ പതിവ്.”നീ കല്യാണം കഴിച്ചതാണോ? ഭാര്യയോട് വഴക്കു കൂടാറില്ലേ?’ ചേട്ടന്‍ ചോദിച്ചു.’പിന്നെ കൂടാതിരിക്കുമോ? ഒരു ദിവസമൊക്കെ മിണ്ടാതിരിക്കും.”പിന്നെ എങ്ങനെയാ തീര്‍ക്കുന്നത്?’ ‘അതോ അവള്‍ വന്ന് ചോറെടുത്ത് വച്ചിട്ടുണ്ടെന്ന് പറയും. രണ്ടുമൂന്നു തവണ പറയുമ്പോള്‍ കൈകഴുകി ചെല്ലും. വിളമ്പിത്തരും. ഞാന്‍ കഴിക്കുന്നതും നോക്കിഅടുത്തുനില്‍ക്കും. ഈ കറിയെങ്ങനെയുണ്ടെന്ന് ചോദിക്കും. അപ്പോഴും ഇത്തിരി ബലത്തിലിരിക്കും. ഇടയ്‌ക്കെങ്ങാന്‍ പാളി നോക്കിയാല്‍ അവളു നോക്കി ചിരിക്കും. അപ്പോ എനിക്കും ചിരിവരും. അങ്ങനെ വഴക്കു തീരും.’രണ്ടു പേരും ചിരിച്ചു.

‘നല്ല കൂട്ടാന്‍ വയ്ക്കുന്ന പെണ്ണാണെങ്കില്‍ ഒരു പിണക്കവും നീണ്ടു പോകില്ല.’ ചേച്ചി പറഞ്ഞു.’അതെന്താ ആണുങ്ങള്‍ക്കു നല്ല കൂട്ടാന്‍ വയ്ക്കാനറിയില്ലേ?’ ചേട്ടന്‍ പരിഭവിച്ചു. ‘ഇടയ്ക്ക് അടുക്കളയില്‍കയറി പെണ്ണുങ്ങള്‍ക്ക് ആണുങ്ങള്‍ ചോറും കറിയുമൊക്കെ വച്ചുണ്ടാക്കി കൊടുക്കണം.’ ‘നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലാത്തതു കൊണ്ടാ. പുതിയ പിള്ളേരൊക്കെ അങ്ങനെയാ..’ ‘പക്ഷേ ഇങ്ങേര് അടുക്കളയില്‍ കേറുന്നത് എനിക്കിഷ്ടമല്ല, എപ്പോഴും വച്ചുണ്ടാക്കി കൊടുക്കുന്നതാ എനിക്കിഷ്ടം. ഇങ്ങേര് ആ പരിസരത്തൊക്കെ ഉണ്ടാകണമെന്നു മാത്രം.’

‘കൊറച്ച് നേരമായില്ലേ? വീട്ടുകാരു കാത്തിരിക്കില്ലേ’ ചേച്ചി ചോദിച്ചു. പഴം വാങ്ങി. ബ്രെഡു വാങ്ങി. മില്‍മാപ്പാലു സ്റ്റോക്കില്ല. ‘അപ്പോള്‍ നിങ്ങളുടെ വര്‍ത്തമാനം തുടരട്ടെ”മോനെ..ഞങ്ങളെ കണ്ട് പഠിക്കാന്‍ പറയുകയല്ല, പെണ്ണിന്റെ മനസ്സാ.. അത് ആണ് അറിയണം. കൂടെ കഴിയുന്നവളോട് മനസ്സു തുറന്നു മിണ്ടണം. കഷ്ടപ്പാടും ദുരിതവുമൊക്കെ വരും പോവുകേം ഒക്കെ ചെയ്യും. പക്ഷേ പരസ്പരം ഇഷ്ടോം വിശ്വാസോം ഉണ്ടെങ്കില് ഏതു ദുരിതവും താങ്ങാന്‍പറ്റും. പട്ടിണിയായാലും ചേര്‍ത്തു പിടിച്ചു ജീവിച്ചാല്‍ ആഹാരത്തിന് ഒരു വഴി തെളിഞ്ഞുകിട്ടും. നിന്നോടായിട്ട് പറഞ്ഞതല്ല, ഇപ്പറഞ്ഞത് ആരോടെങ്കിലും എപ്പോഴെങ്കിലും അവസരത്തില് പറയണമെന്നു തോന്നിയാല്‍ പറയണം. അതുകൊണ്ടാ’ ‘ചേച്ചിയ്ക്ക് ചേട്ടനോടത്രയ്ക്കു സ്‌നേഹമാണോ?”എന്താ സംശയം?’
‘എന്നാല്‍ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാമോ? കാണട്ടെ.. ‘വലതുകൈ ജയകുമാറേട്ടന്റെ ചുമലില്‍ ചുറ്റിപ്പിടിച്ച് ലൈലേച്ചി പുള്ളിയുടെ കവിളിലൊരു ഉമ്മ കൊടുത്തു.