രണ്ട് മനുഷ്യർ രണ്ട് പ്രത്യയശാസ്ത്രങ്ങൾ: സാമൂഹിക മാധ്യമങ്ങളിൽ പ്രചാരം നേടി ഒരു ചിത്രം

അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്ഷേത്രത്തിന്റെ ശിലാന്യാസം നിർവഹിച്ചു. രാമക്ഷേത്രത്തിന്റെ ഭൂമിപൂജയുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി ബാലകനായ രാമനെയും കൊണ്ട് രാമക്ഷേത്രത്തിലേക്ക് നടന്നു നീങ്ങുന്ന ഒരു ചായച്ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയിരുന്നു.

Image may contain: outdoor

എന്നാൽ ഇപ്പോൾ ആ ചിത്രത്തോടൊപ്പം മറ്റൊരു ചായച്ചിത്രവും കൂടെ ചേർത്ത് വെച്ച് കൊണ്ടുള്ള ഒന്ന് സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ ഇന്ത്യയുടെ ഭരണഘടനാ ശില്‍പി ഡോ. ബി. ആർ. അംബേദ്കർ ഒരു ബാലികയെയും കൊണ്ട് സൂര്യോദയത്തിലേക്ക് നടന്നു നീങ്ങുന്നതാണ് ദൃശ്യമാകുന്നത്. ബി. ആർ. അംബേദ്കർ തന്റെ കൈകളിൽ ഇന്ത്യയുടെ ഭരണഘടന പിടിച്ചിരിക്കുന്നു. ബാലികയുടെ കൈകളിലാവട്ടെ അക്ഷരമാല എഴുതിയ സ്ലേറ്റ് ആണ് ഉള്ളത്.

“രണ്ട് മനുഷ്യർ രണ്ട് പ്രത്യയശാസ്ത്രങ്ങൾ. ഒന്ന് നിങ്ങളെ തിളക്കമുള്ള ഭാവിയിലേക്ക് കൊണ്ടു പോകുന്നു, മറ്റൊന്ന് നിങ്ങളെ പിന്നോക്കാവസ്ഥയിലേക്ക്, ഏറ്റവും ഭയാനകമായ ഇരുണ്ട യുഗങ്ങളിലേക്ക് കൊണ്ടുപോകുന്നു …” എന്നാണ് ചിത്രം ഫെയ്സ്ബുക്കിൽ പങ്ക് വെച്ചവരിൽ ഒരാൾ കുറിച്ചിരിക്കുന്നത്.

https://www.facebook.com/photo.php?fbid=10223293664000306&set=a.10215973538041732&type=3

കഴിഞ്ഞ വർഷം സുപ്രീംകോടതി ഹിന്ദുക്കൾക്ക് ഉടമസ്ഥാവകാശം കൈമാറുന്നതു വരെ പതിറ്റാണ്ടുകളായി തർക്കത്തിലായിരുന്ന സ്ഥലത്താണ് ക്ഷേത്ര നിർമ്മാണം നടക്കുക. 40 കിലോഗ്രാം വെള്ളി ഇഷ്ടിക സ്ഥാപിക്കുന്നതിന് മുമ്പ് വിവിധ പ്രാർത്ഥനകളിൽ നരേന്ദ്രമോദി പങ്കെടുത്തു.

ഹിന്ദുക്കളും മുസ്ലിങ്ങളും അവകാശമുന്നയിച്ച അയോദ്ധ്യയിലെ 2.77 ഏക്കർ ഭൂമി ക്ഷേത്രം പണിയുന്നതിനായി സർക്കാർ നടത്തുന്ന ട്രസ്റ്റിന് കൈമാറുമെന്ന് സുപ്രീംകോടതിയുടെ അഞ്ച് ജഡ്ജി ഭരണഘടനാ ബെഞ്ച് കഴിഞ്ഞ വർഷം വിധിച്ചിരുന്നു. അയോദ്ധ്യയിലെ മറ്റൊരു സ്ഥലത്ത് മുസ്ലിങ്ങൾക്കായി അഞ്ച് ഏക്കർ സ്ഥലവും കോടതി പ്രഖ്യാപിച്ചിരുന്നു. ഒരു പുരാതന രാമക്ഷേത്രം പ്രസ്തുത സ്ഥലത്ത് നിന്നിരുന്നുവെന്ന് അവകാശപ്പെട്ട് ‘കർസേവകർ’ 1992 ഡിസംബർ 6- ന് അയോദ്ധ്യയിലെ പള്ളി പൊളിച്ചുമാറ്റുകയായിരുന്നു.