ഭരിക്കുന്നവർ അന്ധവിശ്വാസങ്ങൾക്കായി അറിവിനെ നിരാകരിക്കുമ്പോളാണ് ജനം മരിക്കുന്നത്: സക്കറിയ

 

ഭരണത്തിൻ്റെ തലപ്പത്ത് ഇരിക്കുന്നവർ തന്നെ അറിവിനെ അന്ധ വിശ്വാസങ്ങൾക്കുവേണ്ടി നിരാകരിക്കുമ്പോളാണ് ജനങ്ങൾ മരിച്ചു വീഴുന്നതെന്ന് എഴുത്തുകാരൻ പോൾ സക്കറിയ. ശാസ്ത്രം മാത്രമല്ല എല്ലാ ഉത്പതിഷ്ണുത്വവും നിരാകരിക്കപ്പെടുന്നത് നാം കാണുന്നു. ഇന്ന് ഇന്ത്യ അനുഭവിക്കുന്ന ദുരന്തം അതിൽനിന്ന് ജനിച്ചതാണ് എന്ന് സക്കറിയ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സക്കറിയയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

മിത്തോളജികളെയും അവയുടെ നിർമിതികളായ ഭൂതകാലങ്ങളെയും മുൻനിർത്തി ഒരു ബഹുസ്വര രാഷ്ട്രത്തെ നയിക്കുന്നത് ദുർഘടമാണ് എന്ന പാഠമാണ്  ഇന്ന് ഇന്ത്യ ഭരിക്കുന്നവർ ഒരു പക്ഷെ പഠിച്ചു കൊണ്ടിരിക്കുന്നത്. അത്തരം ഭാവനകളെ വിശ്വാസസംഹിതയായി സ്വീകരിക്കാൻ ഇഷ്ടമുള്ളവർ ധാരാളമുണ്ടാവും. അത് അവരുടെ സ്വാതന്ത്ര്യമാണ്. രാഷ്ട്രീയവിജയത്തിന് വേണ്ടി അവയെ ഉപയോഗിക്കുന്നതും മനസ്സിലാക്കാം. അതിൽ വിജയം നേടുന്നത് മിതോളജിയുടെ വിശ്വാസ്യത കൊണ്ടല്ല എതിർപക്ഷത്തിൻെറ വിശ്വാസ്യതയില്ലായ്മ കൊണ്ടാണ്.

പക്ഷേ ഭരണം ഏറ്റെടുത്ത ശേഷം, ഐശ്വര്യപൂർണ്ണമായ ജീവിതം മോഹിക്കുന്ന ഒരു ജനതയെ മുന്നോട്ട് നയിക്കേണ്ട ആധുനികങ്ങളും ചലനാത്മകങ്ങളുമായ വിജ്ഞാനസംഹിതകളുടെ സ്ഥാനത്ത് അത്തരം വിശ്വാസങ്ങളെ പ്രതിക്ഷ്ഠി ക്കുമ്പോളാണ് രാഷ്ട്രം പ്രതിസന്ധിയിലാകുന്നത്. ഭരണത്തിൻ്റെ തലപ്പത്ത് ഇരിക്കുന്നവർ തന്നെ അറിവിനെ അന്ധ വിശ്വാസങ്ങൾക്കുവേണ്ടി നിരാകരിക്കുമ്പോളാണ് ജനങ്ങൾ മരിച്ചു വീഴുന്നത്. ശാസ്ത്രം മാത്രമല്ല എല്ലാ ഉത്പതിഷ് ണുത്വവും നിരാകരിക്കപ്പെടുന്നത് നാം കാണുന്നു. ഇന്ന് ഇന്ത്യ അനുഭവിക്കുന്ന ദുരന്തം അതിൽനിന്ന് ജനിച്ചതാണ്.

സ്വന്തം കെട്ടുകഥകളിൽ അവയുണ്ടാക്കിയവർ തന്നെ വിശ്വസിച്ചു വശായി എന്ന് തോന്നുന്നു. ഇതാണ് ക്ലോസ്ഡ് സർക്യൂട്ട് പ്രത്യയ ശാസ്ത്രങ്ങളുടെ ദുരന്തം. നിർഭാഗ്യവശാൽ അവ ഭരിക്കുന്ന സമൂഹങ്ങളും ആ ദുരന്തത്തിൻറെ ഇരകളായിത്തീരുന്നു.