കാല,ദേശ വ്യത്യാസമില്ലാതെ കറുത്തവൻ എന്നും അക്രമിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയുമാണ്: പി.കെ സജീവ്

പി.കെ സജീവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

കാല,ദേശ വ്യത്യാസമില്ലാതെ കറുത്തവൻ എന്നും അക്രമിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയുമാണ്.
തൊലിയുടെ നിറം കറുപ്പെങ്കിൽ വിചാരണ കൂടാതെ കൊല ചെയ്യാം എന്ന ധാർഷ്ട്യം ഇന്നും ലോകത്തു നിലനിൽക്കുന്നു. മാനവികതയില്ലാത്ത ജനാധിപത്യം ജനാധിപത്യം ആവുകയില്ല. അത് ഏതെങ്കിലും വിഭാഗത്തിൻ്റെ പ്രത്യേക താത്പര്യം സംരക്ഷിക്കുന്ന സംവിധാനം മാത്ര മായിരിക്കും. ദളിതനും ദരിദ്രനും കറുത്തവനും, ഗോത്ര വിഭാഗക്കാരനും അത്തരം സംവിധാനങ്ങൾക്ക് പുറത്തായിരിക്കുമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു.
വർണ്ണ വെറിയുടെ കാൽമുട്ടുകൾക്ക് കീഴിൽ കഴുത്തുഞെരിഞ്ഞു ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച ചെറുപ്പക്കാരനായ ജോർജ് ഫ്ലോയിഡും, ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യം നിഷേധിക്കപ്പെട്ട് ആത്മഹത്യ ചെയ്ത ദളിത് പെൺകുട്ടി ദേവികയും എൻ്റെ കുടുംബത്തിലുള്ളവരാണ്. അവർ എൻ്റെ സഹോദരങ്ങളാണ്.
ജാതിക്കും മതത്തിനും നിറത്തിനും അതീതമായി മനുഷ്യമനസ്സുകളെ പരിഷ്കരിക്കുന്നതിനുള്ള വിദ്യാഭ്യാസം ഇനിയും ലോകത്ത് ആരംഭിച്ചിട്ടില്ല എന്നതിലേക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് “.

https://www.facebook.com/pksajeev.pk/posts/570441923907063

(എം.ജി സർവകലാശാലയിലെ ഉദ്യോഗസ്ഥനും ചരിത്രാന്വേഷകനും സാമൂഹിക പ്രവർത്തകനുമാണ് പി.കെ സജീവ്. ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീം കോടതി വിധി വന്നശേഷം ഉയര്‍ന്ന വിവാദങ്ങളുടെ സമയത്ത് ശബരിമലക്ഷേത്രം തന്ത്രികുടുംബം മലയരയവിഭാഗത്തില്‍ നിന്ന് തട്ടിയെടുത്ത് ബ്രാഹ്മണവല്‍ക്കരിച്ചതാണെന്നുള്‍പ്പെടെയുള്ള വാദങ്ങളുമായി പി.കെ സജീവ് രംഗത്ത് വന്നിരുന്നു. സജീവിന്റെ ആരോപണം ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. “ശബരിമല അയ്യപ്പന്‍ മലയരയ ദൈവം” എന്ന പുസ്തകം രചിച്ചിട്ടുണ്ട്.)