മുതലകള്‍ നിറഞ്ഞ പുഴയില്‍ മുങ്ങിത്താഴ്ന്ന സിംഹക്കുഞ്ഞിനെ പെണ്‍സിംഹം രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍

മുതല നിറഞ്ഞ പുഴയില്‍ ഒഴുക്കില്‍ പെട്ട് മുങ്ങിത്താഴാന്‍ പോയ തന്റെ കുഞ്ഞിനെ സകല ശക്തിയും ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന അമ്മ സിംഹത്തിന്റെ വീഡിയോ ഇപ്പോ വൈറലായിരിക്കുകയാണ്. ലൂക്ക ബ്രക്കാലി എന്ന ഫോട്ടോഗ്രാഫറാണ് ഈ രംഗം ക്യാമറയില്‍ പകര്‍ത്തിയത്. കെനിയയിലെ മസായി മാര വന്യജീവി കേന്ദ്രത്തിലെ സന്ദര്‍ശനത്തിനിടെയാണ് ലൂക്കയ്ക്ക് ഈ രംഗം പകര്‍ത്താനുള്ള അവസരം ലഭിച്ചത്.

ഒഴുക്കുള്ള പുഴയിലെ ആഴം കുറഞ്ഞ ഭാഗത്തു കൂടി നടന്ന് പുഴ കടക്കുകയാണ് സിംഹവും മൂന്ന് കുട്ടികളും. അതിനിടയില്‍ ഒഴുക്കില്‍ പെട്ട് വെള്ളത്തില്‍ താഴാന്‍ തുടങ്ങുന്ന ഒരു സിംഹക്കുഞ്ഞിനെ അമ്മസിംഹം അതിന്റെ താടി എല്ലില്‍ കടിച്ച് പിടിച്ച് പൊന്തിക്കുന്നു. അതിനൊപ്പം കൂടെയുള്ള മറ്റ് രണ്ട് കുട്ടികളെ വെറുതെയൊന്ന് കടിച്ച് കൂടെയുണ്ടെന്ന് ഉറപ്പു വരുത്തുന്നതും വീഡിയോയില്‍ കാണാം.

സിംഹക്കുഞ്ഞുങ്ങള്‍ അപൂര്‍വ്വമായി മാത്രമേ നദികള്‍ മുറിച്ചുകടക്കുകയുള്ളു എന്നതാണ് ഇതിനെ കൂടുതല്‍ സവിശേഷമാക്കിയതെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ ബ്രാക്കാലി പറഞ്ഞു. വാസ്തവത്തില്‍, 10 വര്‍ഷമായി മസായ് മാരയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ ഗൈഡ് ഇതുപോലൊന്ന് മുമ്പ്  കണ്ടിട്ടില്ല.