ഒരു കുഴപ്പവുമില്ല, നമുക്ക് നേരിടാം, ഏത് പ്രതിസന്ധിയിലും മുഖ്യമന്ത്രിയുടെ മറുപടി ഇതാവും; പിണറായിക്ക് ജന്മദിനാശംസകൾ നേർന്ന് ശൈലജ ടീച്ചർ

മുഖ്യമന്ത്രി പിണറായി വിജയന്റെ 75-ാം ജന്മദിനത്തിൽ ആശംകൾ നേർന്ന്‌ മന്ത്രി കെ കെ ശൈലജ. പ്രതിസന്ധികളെ നേരിടാനുള്ള മനക്കരുത്തും പിണറായി വിജയനെന്ന നായകനെയും പ്രശംസിച്ചു കൊണ്ടാണ് ആരോ​ഗ്യമന്ത്രി തന്റെ ആശംസ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.

ആകെ പ്രശ്‌നമാണ് ഇനിയെന്ത് ചെയ്യുമെന്ന് ആശങ്കയോടെ മുഖ്യമന്ത്രിയെ സമീപിച്ചാല്‍ കിട്ടുന്ന മറുപടി, ” ഒരു കുഴപ്പുമില്ല നമുക്ക് നേരിടാമെന്ന ” ആത്മവിശ്വാസം ആയിരിക്കും. ഈ ആത്മവിശ്വാസത്തിന്റെ തണലില്‍ പ്രശ്‌നങ്ങളില്‍ ഇടപെടാനും പരിഹാരം കാണാനും എളുപ്പമാണ്- ശൈലജ ടീച്ചർ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം പെട്ടെന്ന് കൈക്കൊള്ളാന്‍ കഴിയുക എന്നതാണ് ഒരു ഭരണാധികാരിയുടെ ഏറ്റവും പ്രധാന മേന്മ. കേരളം കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ എടുത്ത ഓരോ തീരുമാനവും കേരളത്തിന്റെ ചരിത്രത്താളുകളില്‍ തെളിഞ്ഞുനില്‍ക്കുന്നത് സ്വര്‍ണലിപികളില്‍ ആയിരിക്കും. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഏറെ പ്രതിസന്ധികളിലൂടെ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളേയും പോലെ കേരളവും കടന്നുപോയിട്ടുണ്ട്. രണ്ടുതവണ കേരളത്തെ ഞെട്ടിച്ച മഹാ പ്രളയം, ഓഖി ചുഴലിക്കാറ്റ്, നിപ വൈറസ് ബാധ, ഇപ്പോഴത്തെ കൊറോണ വൈറസ് ബാധ തുടങ്ങിയവയെല്ലാം ഒരു കൊച്ചു സംസ്ഥാനത്തെ നിലയില്ലാ കയങ്ങളിലേക്ക് താഴ്ത്താന്‍ മതിയായ കാരണങ്ങളാണ്. ഈ ഘട്ടങ്ങളിലെല്ലാം കേരളത്തിന്റെ മുഖ്യമന്ത്രി പ്രകടിപ്പിച്ചിട്ടുള്ള നിശ്ചയദാര്‍ഢ്യം ആണ് ഞങ്ങള്‍ സഹമന്ത്രിമാര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമെല്ലാം കര്‍മ്മമേഖലയില്‍ ഉറച്ചു നില്‍ക്കാന്‍ പ്രേരണയായത്

” ആകെ പ്രശ്‌നമാണ് ഇനിയെന്ത് ചെയ്യുമെന്ന് ” ആശങ്കയോടെ മുഖ്യമന്ത്രിയെ സമീപിച്ചാല്‍ കിട്ടുന്ന മറുപടി, ” ഒരു കുഴപ്പുമില്ല നമുക്ക് നേരിടാമെന്ന ” ആത്മവിശ്വാസം ആയിരിക്കും. ഈ ആത്മവിശ്വാസത്തിന്റെ തണലില്‍ പ്രശ്‌നങ്ങളില്‍ ഇടപെടാനും പരിഹാരം കാണാനും എളുപ്പമാണ്. കേരളത്തിന്റെ സര്‍വസമ്പത്തും ഒഴുകിപ്പോയ പ്രളയത്തിന്റെ നാളുകളെ അതിജീവിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രായോഗിക ഇടപെടല്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. നിപ രോഗബാധ കാലത്ത് ഓസ്‌ട്രേലിയയില്‍ നിന്ന് പുതുതായി കണ്ടുപിടിച്ച മരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ അത് കേരളത്തിലെത്തിക്കുന്നതിന് അദ്ദേഹം നടത്തിയ ഇടപെടലുകളും ആരോഗ്യ വകുപ്പിന് നല്‍കിയ പിന്തുണയും വളരെ വലുതായിരുന്നു. ഇപ്പോള്‍ കൊറോണ വൈറസ് ബാധയുടെ നാളുകളില്‍ ഞങ്ങളെല്ലാം ചിന്തിക്കുന്നത് കൊറോണ വൈറസിനെ എങ്ങനെ നിയന്ത്രിച്ച് കേരളത്തിലെ ഓരോരുത്തരുടേയും ജീവന്‍ രക്ഷിക്കാം എന്നതാണ്. അതേസമയം കൊറോണ കാലത്തും അതിനു ശേഷവും കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിതം എങ്ങനെ കര പിടിപ്പിക്കാം എന്നതാണ് കേരളത്തിലെ മുഖ്യമന്ത്രി ചിന്തിക്കുന്നത്. ഒരാളുടെ പോലും ജീവന്‍ പൊലിഞ്ഞു പോകാതിരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ആരോഗ്യമേഖലയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനോടൊപ്പം ജന ജീവിതത്തിലെ സമസ്ത മേഖലകളിലും മുഖ്യമന്ത്രിയുടെ ശ്രദ്ധ പതിയുകയും ചെയ്യുന്നു. ഒരാള്‍പോലും പട്ടിണി കിടക്കാതിരിക്കാനുള്ള ഭക്ഷ്യധാന്യ വിതരണവും അതിന് ആവശ്യമായുള്ള ഭക്ഷ്യധാന്യ ശേഖരണവും കാര്‍ഷികമേഖലയില്‍ ഭാവിയെ കരുതി നടത്തുന്ന ഇടപെടലുകളും പ്രതിസന്ധി ഘട്ടങ്ങള്‍ പോലും മുതലെടുത്ത് കേരളത്തിലെ വ്യാവസായിക മേഖല വളരാനുള്ള സാഹചര്യം ഒരുക്കലും വിദ്യാഭ്യാസമേഖല തകര്‍ന്നു പോകാതെ നിലനിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളുമെല്ലാം ഇതിന് ദൃഷ്ടാന്തമാണ്.

വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ ഓരോ പ്രതിസന്ധിയിലൂടെ എങ്ങനെ നമുക്ക് മുന്നോട്ട് നീങ്ങുമെന്നത്തിന്റെ പാഠങ്ങളാണ്. ഓരോ ദിവസവും ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട ആളുകളോട് സംവദിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ജനപ്രതിനിധികള്‍, വ്യാപാരികള്‍, ഉദ്യോഗസ്ഥര്‍, മതാചാര്യന്മാര്‍ തുടങ്ങിയ നീണ്ട നിരതന്നെയുണ്ടിതില്‍. അഭിപ്രായ സമന്വയത്തിന് ഇത്തരം മീറ്റിങ്ങുകള്‍ ഏറെ സഹായകമാകാറുണ്ട്. അതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ അനാവശ്യ കുറ്റപ്പെടുത്തലുകളും ദുരുദ്ദേശപരമായ ആരോപണങ്ങളും കൂസലില്ലാതെ നേരിടാന്‍ അദ്ദേഹത്തിന് കഴിയുന്നത്. കേരളത്തിന്റെ ആരോഗ്യമേഖലയില്‍ നടത്തുന്ന ശ്രദ്ധേയമായ കാല്‍വെപ്പുകളില്‍ മുഖ്യമന്ത്രിയുടെ സമയോചിതമായ ഇടപെടലിന്റേയും നിര്‍ദ്ദേശത്തിന്റേയും പിന്‍ബലമുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങളില്‍ രൂപംകൊണ്ട കര്‍മ്മ പദ്ധതികളില്‍ ഒന്നായ ആരോഗ്യ മേഖലയിലെ “ആര്‍ദ്രം മിഷൻ ” ലോകത്തിന് മാതൃകയാണ്. വര്‍ഷങ്ങളായി കേരളത്തിന്റെ ആരോഗ്യമേഖലയില്‍ നാം നടത്തിയ ജനകീയ ഇടപെടലുകളാണ് മഹാമാരിയെ ചെറുക്കാന്‍ നമുക്ക് കരുത്ത് പകരുന്നത്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷം ആരോഗ്യമേഖലയിലെ ഇടപെടലാണ് നമ്മെ ബഹുദൂരം മുന്നില്‍ എത്തിച്ചത്. മുഖ്യമന്ത്രിയുടെ പ്രധാന നിര്‍ദ്ദേശം കേരളത്തിലെ എല്ലാ ഗവ. ആശുപത്രികളെയും രോഗി സൗഹൃദവും മികച്ച ഗുണനിലവാരമുള്ളതുമാക്കി മാറ്റുക എന്നതാണ്. പാവപ്പെട്ട ജനങ്ങള്‍ക്ക് പോക്കറ്റ് കാലിയാകാതെ മികച്ച ചികിത്സ നല്‍കുക എന്നതായിരുന്നു ലക്ഷ്യം. ഇത് പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുകയായിരുന്നു ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ആരോഗ്യമേഖലയില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി നല്‍കുന്ന സ്വാതന്ത്ര്യവും അടിയന്തര ഘട്ടങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും പിന്തുണയുമാണ് ഞങ്ങള്‍ക്ക് മുന്നോട്ടു പോകാനുള്ള കരുത്തു നല്‍കിയത്. ആരോഗ്യ മേഖലയ്ക്ക് ലോകത്തിന്റെ നാനാഭാഗത്തുനിന്നും കേരളത്തിന് ലഭ്യമാകുന്ന അഭിനന്ദനങ്ങള്‍ ഒക്കെയും മുഖ്യമന്ത്രിയുടെ ധീരമായ നേതൃത്വത്തില്‍ മന്ത്രി സഭ ഒന്നാകെ നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രതിഫലമാണ്.

പാര്‍ട്ടി പ്രവര്‍ത്തന രംഗത്തും ” ജനാധിപത്യമഹിളാ അസോസിയേഷന്റെ ” ഭാരവാഹിത്വം വഹിച്ചപ്പോഴും സഖാവ് പിണറായിയുടെ നേതൃ പാടവത്തിന്റെ പിന്തുണ വഴികാട്ടി ആയിട്ടുണ്ട്. മഹിള അസോസിയേഷന് വേണ്ടി സ. സുശീല ഗോപാലന്റെ പേരില്‍ ഒരു ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിനുള്ള പിന്തുണ തേടിയപ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന സ. പിണറായി നല്‍കിയ നിര്‍ദേശങ്ങളും ഇടപെടലുകളുമാണ് ഇന്നത്തെ സംസ്ഥാന കമ്മിറ്റി ഓഫീസും സുശീല ഗോപാലന്റെ പേരിലുള്ള പഠന ഗവേഷണ കേന്ദ്രവും ഉയര്‍ന്നുവരുന്നതിന് കാരണമായത്.

ഇപ്പോള്‍ ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് കൈകാര്യം ചെയ്യുമ്പോഴും ഇതേപോലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെയാണ് പ്രവര്‍ത്തനരംഗത്ത് ഉണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ സഹായകമാകുന്നത്. കേരളത്തിലെ എല്‍ഡിഎഫ് മന്ത്രിസഭയുടെ നാലാം വാര്‍ഷികം ആചരിക്കുന്ന വേളയിലാണ് എഴുപത്തിയഞ്ചാം പിറന്നാളിനെ കുറിച്ച് ജനം അറിയുന്നത്. ഈ കരുതലും തണലും കേരളം ഏറെക്കാലം പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന് പിന്തുണയുമായികൂടെ നില്‍ക്കുന്ന ഭാര്യ കമല ടീച്ചര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എന്റെ ആശംസകള്‍.