കോവിഡ് രോഗികളില്‍ ഓക്‌സിജന്‍ ലെവല്‍ പെട്ടെന്ന് താഴുന്നത് എന്തുകൊണ്ട്? പഠനം പറയുന്നു

കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം മൂലം നിരവധി പേര്‍ക്കാണ് രാജ്യത്ത് ജീവന്‍ നഷ്ടമായത്. കോവിഡ് രോഗികളില്‍ എന്തുകൊണ്ടാണ് ഓക്‌സിജന്‍ ലെവല്‍ താഴ്ന്നു പോകുന്നത് എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സ്റ്റെം സെല്‍ റിപ്പോര്‍ട്‌സ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനം വിശദീകരിക്കുന്നുണ്ട്.

കൊറോണ വൈറസ് ചുവന്ന രക്ത കോശങ്ങളുടെ (ആര്‍ബിസി) ഉല്‍പ്പാദനത്തെ ബാധിക്കുന്നതാണ് കോവിഡ് രോഗികളില്‍ ഓക്‌സിജന്‍ നില താഴാന്‍ കാരണമെന്ന് പഠനം പറയുന്നു.

ആരോഗ്യവാനായ വ്യക്തിയുടെ രക്തത്തില്‍ പൂര്‍ണ വളര്‍ച്ചയെത്താത്ത ആര്‍ബിസികളുടെ തോത് ഒരു ശതമാനമാണെങ്കില്‍ കോവിഡ് രോഗികളില്‍ ഇത് 60 ശതമാനം വരെ ഉയരാം. ഇതിനാലാണ് കോവിഡ് രോഗികളില്‍ ഓക്‌സിജന്‍ ലെവല്‍ താഴുന്നതെന്ന് പഠനം പറയുന്നു.

വളര്‍ച്ചയെത്താത്ത ആര്‍ബിസികള്‍ പെട്ടെന്ന് വളര്‍ച്ച പ്രാപിക്കാനും ഈ കോശങ്ങള്‍ അവരുടെ ന്യൂക്ലിയസ് ഉപേക്ഷിക്കാനും ഡെക്‌സാമെത്തസോണ്‍ മരുന്ന് സഹായിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.

ന്യൂക്ലിയസ് ഇല്ലാതാകുന്നതോടെ വൈറസ് വര്‍ദ്ധിക്കുന്നതിനുള്ള അവസരം ഇല്ലാതാകുമെന്നും ഗവേഷകര്‍ പറയുന്നു. കോവിഡ് രോഗികളുടെ രക്തത്തിലെ ഓക്‌സിജന്‍ 94ന് താഴേക്ക് പോകുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. അടിയന്തരമായി വൈദ്യസഹായം തേടേണ്ടതുണ്ട്.