'പണിതത് 60 വർഷം മുൻപ്, പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍'; കോട്ടയം മെഡിക്കൽ കോളേജ് മാത്രമല്ല മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍

ഇക്കഴിഞ്ഞ ദിവസമായിരുന്നു ഒരാളുടെ മരണത്തിനിടയാക്കിയ കോട്ടയം മെഡിക്കൽ കോളേജ് അപകടം നടന്നത്. മെഡിക്കൽ കോളേജിലെ പഴയ കെട്ടിടത്തിലെ പതിനാലാം വാർഡ് ഇടിഞ്ഞ് വീണ് രണ്ടുപേർക്ക് പരിക്കേൽക്കുകയും ഒരാളുടെ ജീവൻ നഷ്ടമാവുകയും ചെയ്തിരുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്നത്. കോട്ടയം മെഡിക്കൽ കോളേജിലേത് ഒറ്റപ്പെട്ട സംഭവമാണെന്ന് പിണറായി സർക്കാരിന്റെ പി ആർ ഏജൻസി ആയ ദേശാഭിമാനി പത്രമടക്കം പറയുമ്പോൾ സംസ്ഥാനത്തെ ഒട്ടുമിക്ക ഗവൺമെന്റ് ആശുപത്രികളുടെയും അവസ്ഥ ഇതുതന്നെയാണ്.

കോട്ടയം മെഡിക്കൽ കോളേജിലെ ഹോസ്റ്റലുകളുടെ അവസ്ഥ തന്നെ ഒന്ന് പരിശോദിച്ചാൽ മനസിലാകും എത്രത്തോളം സുരക്ഷിതത്വം അവിടെ ഉണ്ടെന്നത്. കേരളത്തിലെ ആരോഗ്യ മേഖല ഒന്നാം സ്ഥാനത്താണെന്ന് ഘോര ഘോരം പ്രസംഗിക്കുന്ന പിണറായി സർക്കാർ യഥാർത്ഥത്തിൽ ആശുപത്രികളുടെ അവസ്ഥ എന്താണെന്ന് പോലും തിരിഞ്ഞ് നോക്കുന്നില്ലെന്ന് വേണം മനസിലാക്കാൻ. പല ആശുപത്രികളിലും പുതിയ കെട്ടിടങ്ങളുണ്ട്. ചിലതൊക്കെ ഉത്ഘാടനം കഴിഞ്ഞ് മാസങ്ങളായി. എങ്കിലും പ്രവർത്തനം ആയിട്ടില്ല.

ബാത്ത്‌റൂം കോംപ്ലക്‌സ് ഇടിഞ്ഞുവീണ കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയിലാണ്. പിജി ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊട്ടി പെട്ടിഞ്ഞ അവസ്ഥയിലാണ്. ഡോക്ടര്‍ ആകാന്‍ പഠിക്കുന്ന 200 ഓളം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ ആണിത്. കാലപ്പഴക്കത്തില്‍ ഭൂരിഭാഗം റൂമുകളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുന്ന ഹോസ്റ്റലില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് വിദ്യാര്‍ഥികളുടെ ആവശ്യം ഇതോടെ ശക്തമാവുകയാണ് .

ഹോസ്റ്റല്‍ വിഷയത്തില്‍ കഴിഞ്ഞവര്‍ഷം വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പ്രതിഷേധിച്ചിരുന്നു. അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും ഒന്നും പൂര്‍ത്തിയായില്ല. പല തവണ പരാതി നൽകി. ജനപ്രതിനിധികളേയും കോളേജ് സൂപ്രണ്ടിനെയുമടക്കം കണ്ട് പരാതി നൽകിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ലെന്ന് വിദ്യാർഥികൾ പറയുന്നു. പെയിൻ്റടിക്കുക മാത്രമാണ് വർഷങ്ങളായി ചെയ്‌തുവരുന്നത്. അറ്റകുറ്റപണികൾ കൊണ്ട് മാത്രം കാര്യമില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

Read more