‘നിങ്ങളാണ് രാജ്യത്തെ പരമാധികാരി എന്ന് കരുതിയോ?’ 60000 ഏക്കര്‍ ആരവല്ലി മലനിരകള്‍ക്ക് പച്ച മേലാപ്പ് നിലനിര്‍ത്തുന്ന 119 വര്‍ഷം പഴക്കമുള്ള നിയമത്തില്‍ തൊട്ടു പോകരുതെന്ന് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരിനോട് സുപ്രീം കോടതി

Advertisement

ഗുഡ്ഗാവ്, ഫരീദാബാദ്, മെഹന്ദര്‍ഗഢ്, രെവാരി എന്നിവിടങ്ങളിലെ 60000 ഏക്കര്‍ വനഭൂമിക്ക് പച്ചമേലാപ്പ് ഉറപ്പു വരുത്തുന്ന പഞ്ചാബ് പ്രസര്‍വേഷന്‍ ആക്ട്, നിര്‍മ്മാണ ലോബിക്ക് വേണ്ടി ഭേദഗതി ചെയ്യാനുള്ള ഹരിയാന നിയമസഭയുടെ നീക്കം സുപ്രീം കോടതി തടഞ്ഞു. ദേശീയ തലസ്ഥാനത്തോട് അടുത്ത് കിടക്കുന്ന വനഭൂമിയില്‍ നിര്‍മ്മാണാനുമതി വേണമെന്നാണ് പതിറ്റാണ്ടുകളായി റിയല്‍ എസ്റ്റേറ്റ് മാഫിയ ആവശ്യപ്പെടുന്നതാണ്.

എന്നാല്‍ ഇതിന് വിലങ്ങുതടിയായി നിന്നത് ഈ നിയമമായിരുന്നു. മനോഹര്‍ ലാല്‍ ഖട്ടറുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ അന്നു മുതല്‍ നിര്‍മ്മാണ ലോബിക്കായി ഇതില്‍ ഭേദഗതി വരുത്തുവാന്‍ ശ്രമം നടക്കുന്നതാണ്. ആരവല്ലി ഭൂമിയുടെ പച്ചപ്പ് ഇല്ലാതാക്കുന്ന ബില്ലുമായി മുന്നോട്ട് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയ സുപ്രീം കോടതി ഇത്തരം സാമൂഹവിരുദ്ധ സാഹസം അനുവദിക്കില്ലെന്നും നിങ്ങള്‍ നിമയത്തിന് അതീതരല്ലെന്ന് ഓര്‍ക്കണമെന്നും നിയമസഭ പരമാധികാരിയാണ് എന്ന ധരിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.

വനം നശിപ്പിക്കുന്നതിന് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത് ഞെട്ടലുളവാക്കുന്നെന്നും സുപ്രീം കോടതി പറഞ്ഞു. ബില്‍ഡര്‍മാരെ സഹായിക്കാനാണ് സര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും അതുകൊണ്ടാണ് നേരത്തെ തന്നെ ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.