ഫിറോസ് തലയൂരി. ഇനി നവീന്‍ ജോബ് കുടുങ്ങുമോ ?

അങ്ങനെ ‘മയിലിനെ വാങ്ങി കോഴിക്കറിവെച്ച്’ ഫിറോസ് ചുട്ടിപ്പാറ വിവാദം അവസാനിപ്പിച്ചു. തങ്ങളുടെ ഭീഷണികണ്ടു ഭയന്ന് പണിപാളും എന്ന് മനസ്സിലായതോടെയാണ് ഇദ്ദേഹം പിന്‍മാറിയതെന്ന് ‘രാജ്യസ്‌നേഹി’കളും അതല്ല, ഭീഷണിമുഴക്കിയവരെ ഇളിഭ്യരാക്കിയ മിടുക്കനാണ് ഫിറോസെന്ന് മറുഭാഗവും വാദിക്കുന്നു.

എന്തായാലും ഇത്രയുംകാലവും ഏതാണ്ട് ഇരുന്നൂറിലധികം കുക്കിംഗ് വീഡിയോസ് ചെയ്ത് മാസംതോറും മൂന്നുലക്ഷത്തിനടുത്തോ മറ്റോ രൂപ വരുമാനമുണ്ടാക്കിയിരുന്ന ഫിറോസ് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് മയില്‍വിവാദമുണ്ടാക്കിയവരോടാണ്. താന്‍ മടങ്ങിവരുമ്പോള്‍ ദേശീയപക്ഷിയെ കറിവെച്ചതിന് അറസ്റ്റുചെയ്ത് ആജീവനാന്തം തടവറയിലാക്കും എന്നെല്ലാം മനപ്പായസമുണ്ണുകയും പോസ്റ്റ് കമന്റിടുകയുമൊക്കെ ചെയ്തതവരുടെ സ്വപ്നങ്ങളാണ് ഇയാള്‍ തകര്‍ത്തുകളഞ്ഞത്. കൂടാതെ ഒരു മയില്‍വിഷയത്തോടെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിലും അതോടൊപ്പം വരുമാനത്തിലും കുത്തനെ വര്‍ദ്ധന. സംഘ് പോരാളികള്‍ ഏറ്റെടുക്കുന്ന എല്ലാ കേസുകളും എതിര്‍കക്ഷികള്‍ക്ക് ഇങ്ങനെ വിജയമാക്കിക്കൊടുക്കുന്നത് പതിവാണ്. ഹലാല്‍മുതല്‍ ഇപ്പോള്‍ ബിരിയാണിവരെ ഏറ്റെടുത്തിട്ടുണ്ട്. ബിരിയാണിക്കച്ചവടം ഇനി പൊടിപൊടിക്കും.

ജിജി നിക്‌സണ്‍ എന്നൊരു സ്വയംപ്രഖ്യാപിത ‘ആന്റി-ജിഹാദി പോരാളി’ യുവതിയുടെ പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതാണ്. ഇത്രയുംകാലവും ഒരു പാലക്കാടന്‍ ഗ്രാമത്തില്‍ മീന്‍പിടിച്ചു ചുട്ടും ആട് കോഴി പോത്ത് കാള ഞണ്ട് കൊഞ്ച് എന്നിങ്ങനെയൊക്കെയുള്ള ജീവികളെ പാടത്തും പറമ്പിലും വെച്ച് പാകം ചെയ്ത് നാട്ടുകാരെയും ഭിന്നശേഷിക്കാരെയും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരെയും സത്കരിച്ചുനടന്ന ഒരാള്‍ ഒരുദിവസം ഇരുട്ടിവെളുക്കുമ്പോള്‍ രാജ്യദ്രോഹിയായി മാറി. ജിജി നിക്‌സണ്‍ എന്ന ആ യുവതിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘വിദേശരാജ്യത്തുപോയി മാതൃരാജ്യത്തോട് യുദ്ധം ചെയ്യുന്ന ജിഹാദി’. സത്യത്തില്‍ നാലാംക്ലാസ്സുവരെപോലും പഠിക്കാത്ത ഒരാള്‍ക്കുപോലും മനസ്സിലാകുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശേഷിയില്ലാത്ത ഈ സാധു സ്ത്രീയെ മിനിമം ഒരു കൗണ്‍സലിംഗിന് വിധേയയാക്കേണ്ടതാണെന്ന് അവരുടെ മുന്‍പോസ്റ്റുകള്‍ കണ്ടപ്പോള്‍ മനസ്സിലാകും. പ്രശ്‌നം വിദ്യാഭ്യാസമില്ലായ്മയല്ല, അയല്‍ക്കാരോടുള്ള അസൂയ മാത്രമാണ്. അസൂയ അത്യാഗ്രഹം അഹങ്കാരം ഈ മൂന്നുകാര്യങ്ങള്‍ സുബോധത്തെ നശിപ്പിക്കുന്നതാണെന്ന് നമുക്ക് ഗുരുക്കന്‍മാര്‍ പറഞ്ഞുതന്നിട്ടുണ്ട്. ‘മയിലിനെ കറിവെച്ചുതിന്ന് നാട്ടില്‍ വരുമ്പോള്‍ പോലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്നും ഈ രാജ്യദ്രോഹിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് താന്‍ നിയമവിദഗ്ദ്ധരുമായി ചര്‍ച്ചനടത്തുകയാണെ’ന്നും മറ്റും തട്ടിവിട്ട യുവതി ഇനി ആ രാജ്യദ്രോഹിക്ക് താന്‍ നേടിക്കൊടുത്ത പ്രശസ്തിയും പണവും കണ്ട് ആത്മാഹുതി ചെയ്യാതിരുന്നാല്‍ മതിയായിരുന്നു. വിദേശത്ത് മയിലിനെ തിന്നിട്ടുവന്നാലും ഇവിടെ നിയമപരമായി ഒന്നുമയാളെ ചെയ്യാന്‍ കഴിയില്ല എന്ന് നിയമത്തിന്റെ ബാലപാഠമെങ്കിലും പഠിച്ചവര്‍ക്കറിയാം.

ഇതിനിടയിലാണ് മറ്റൊരു മയില്‍ വീഡിയോ കാണാനിടയായത്. ബൂംബാംഗ് എന്ന ചാനല്‍ നടത്തുന്ന മലയാളി നവീന്‍ ജോബ്. സരസമായ തൃശ്ശൂര്‍ സ്ലാംഗില്‍ സംസാരിക്കുന്ന ഇദ്ദേഹവും ഒരു പാചകപ്രിയനാണ്. ജിജി സഹോദരി മാത്രമല്ല ഹാലിളകി കഴിഞ്ഞദിവസം മാളത്തില്‍നിന്നും പുറത്തിറങ്ങി ഒരു ജനവിഭാഗത്തെ മുഴുവനും അടച്ചു പുലഭ്യം പറഞ്ഞ ഭക്തന്‍മാര്‍ നവീന്‍ ജോബും അയാളോടൊപ്പം മയിലിനെ ഭക്ഷിച്ച നാല് രാജ്യദ്രോഹികളെയും പൂട്ടാന്‍ എത്രയും വേഗം മുന്‌കൈയെടുക്കേണ്ടതാണ്. ഫിറോസ് മയിലിനെ കൊന്നില്ല, കഴിച്ചില്ല. എന്നാല്‍ ഇവര്‍ ആ ‘പാതകം’ ചെയ്തിരിക്കുന്നു. ഓസ്‌ട്രേലിയയില്‍ വെച്ചാണെന്നു മാത്രം. ശ്രീശ്രീ രവിശങ്കര്‍ കഴിഞ്ഞദിവസം പറഞ്ഞ ‘അസ്ത്രാലയ’യില്‍. നാട്ടില്‍ വന്നാലുടനെ പൂട്ടണം. അതിനുള്ള നിയമവിദഗ്ദധരുമായുള്ള ചര്‍ച്ചകളും നടപടികളും ഉടനെ ആരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഏതായാലും മയില്‍ വിവാദം നവീന്‍ ജോബിനും ഗുണമായി. അദ്ദേഹത്തിന്റെ ചാനലിനും കാഴ്ചക്കാര്‍ ഇതോടെ വലിയ അളവില്‍ കൂടിയിരിക്കുന്നു. ബൂംബാംഗ് ഉടമയായ നവീന്‍ ജോബിനോടു പറയാനുള്ളത് താങ്കള്‍ ഫിറോസിനോടു മാത്രം നന്ദികാട്ടിയാല്‍പ്പോരാ. ചാനലിനെ വന്‍വിജയമാക്കിത്തന്ന സഹോദരി ജിജിയോടും അവര്‍ക്ക് റീച്ച് കൊടുത്ത ചാനലുകളോടും അതിലുപരി കഷ്ടപ്പെട്ടു കമന്റിട്ട് കൊലവിളിനടത്തിയ അപ്പാവികളെയൊന്നും താങ്കളും മറക്കരുത്.

ഗുണപാഠം: ടോക്‌സിക് നാഷണലിസം എന്നത് ടോക്‌സിക് മസ്‌കുലിനിറ്റി, ടോക്‌സിക് ഫെമിനിനിറ്റി, ടോക്‌സിക് റീജിയണലിസം, റിലീജ്യണലിസം തുടങ്ങിയ അവസ്ഥകള്‍ പോലെ ഒരു രോഗാവസ്ഥയാണ്. സ്വയം പരിണാമമല്ലാതെ ഇതിന് ചികിത്സയില്ല.