സൗദിയിൽ നാടകം അവതരിപ്പിച്ചു കൊണ്ടിരുന്ന കലാകാരന്മാർക്ക് നേരെ ആക്രമണം; മൂന്നു പേർക്ക് കുത്തേറ്റു

സൗദിയുടെ തലസ്ഥാനമായ റിയാദിൽ സംഗീത-നാടക അവതരണത്തിനിടെ മൂന്ന് കലാകാരന്മാർക്ക് കുത്തേറ്റു. റിയാദിലെ കിംഗ് അബ്ദുല്ല പാർക്കിൽ തിങ്കളാഴ്ച സംഗീത-നാടക പ്രകടനം നടന്നു കൊണ്ടിരുന്ന വേദിയിലേക്ക് ഒരാൾ കുതിച്ചു കയറി കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. നാടകസംഘത്തിലെ അംഗങ്ങളായ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും കുത്തിയ അറബ് നിവാസിയെ ആക്രമണം നടത്താൻ ഉപയോഗിച്ച കത്തി ഉൾപ്പെടെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. തീവ്ര യാഥാസ്ഥിതിക രാജ്യമായ സൗദിയിൽ വിനോദത്തിന് പതിറ്റാണ്ടുകൾ പഴക്കമുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങിയതിനു ശേഷം നടന്ന ആദ്യ ആക്രമണമാണിത്.

പരിക്കേറ്റവർ സുഖം പ്രാപിച്ചു വരികയാണ് എന്നാൽ കലാകാരന്മാരുടെ ദേശീയതയെക്കുറിച്ചോ ആക്രമണത്തിനു പിന്നിലെ ഉദ്ദേശത്തെ കുറിച്ചോ ഒരു വിവരവും അധികൃതർ പുറത്തു വിട്ടിട്ടില്ല. ആക്രമണം നടത്തിയത് 33- കാരനായ യെമൻ സ്വദേശിയാണെന്നാണ് റിയാദ് പോലീസിനെ ഉദ്ധരിച്ച് സർക്കാർ അനുകൂല ഓകാസ് പത്രം റിപ്പോർട്ട് ചെയ്തത്. രണ്ട് മാസത്തെ “റിയാദ് സീസൺ” വിനോദമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന വേദികളിലൊന്നാണ് കിംഗ് അബ്ദുല്ല പാർക്ക്, വിനോദസഞ്ചാരികൾക്ക് രാജ്യം തുറക്കാനും സമ്പദ്‌വ്യവസ്ഥയെ വൈവിഗുരുതരമായവത്കരിക്കാനുമുള്ള വിശാലമായ സർക്കാർ നീക്കത്തിന്റെ ഭാഗമാണിത്.