ഇന്ന് ലോക എയ്ഡ്‌സ് ദിനം; ബാധിതരുടെ എണ്ണത്തില്‍ കുറവ്

ഇന്ന് ലോക എയ്ഡ്‌സ് ദിനം. സംസ്ഥാനത്ത് എയ്ഡ്സ് ബാധിതരുടെ എണ്ണത്തിലും എച്ച്ഐവി ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ടൈങ്കിലും അണു ബാധിതരോടുള്ള സമൂഹത്തിന്റെ അവഗണനയ്ക്ക് കുറവുണ്ടായിട്ടില്ല. എന്റെ ആരോഗ്യം എന്റെ അവകാശം എന്നാണ് ഇത്തവണത്തെ എയ്ഡ്സ്ദിന മുദ്രാവാക്യം.

നൂതന ചികിത്സാ രീതിയായ ആന്റി റിട്രോവൈറല്‍ ട്രീറ്റ്മെന്റ് (എആര്‍ടി) വഴി എയ്ഡ്സ് രോഗം മൂലമുള്ള മരണം ക്രമാതീതമായി കുറയുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2005 വര്‍ഷത്തില്‍ എയ്ഡ്സ് ബാധിച്ച് 22.4 ലക്ഷം പേര്‍ മരിച്ചിരുന്നു. എന്നാല്‍ എആര്‍ടി ചികിത്സയുടെ ഫലമായി 2016ല്‍ എയ്ഡ്സ് മരണങ്ങള്‍ പത്തു ലക്ഷമായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നത്.

https://www.facebook.com/SouthLiveNews/videos/1746903895341419/

2005 ല്‍ സംസ്ഥാനത്ത് എച്ച്ഐവി പരിശോധനയ്ക്ക വിധേയരായവരില്‍ 1,476 പുരുഷന്‍മാര്‍ക്കും 1,151 സ്ത്രീകള്‍ക്കും അണുബാധതയുള്ളതായി കണ്ടെത്തി. 2006 ല്‍ സ്ത്രീകളും പുരുഷന്‍മാരുമടക്കം 3,348 പേര്‍ക്കും 2007 ല്‍ 3,972 പേര്‍ക്കും എച്ച്ഐവി അണുബാധയുള്ളതായി കണ്ടെത്തി. തുടര്‍ന്ന് 2008 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ 2,500 ലധികം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ 2,500 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ 2012 മുതലുള്ള വര്‍ഷങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നു. കൂടാതെ 2017ല്‍ അണുബാധയുള്ളവരുടെ എണ്ണം 1,071 ഒന്നായി ചുരുങ്ങുകയും ചെയ്തു. ഈ മേഖലയിലെ ബോധവത്കരണ-പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ എയ്ഡ്സ് ബാധിതരുടെ എണ്ണത്തില്‍ മാറ്റം വരുത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കുന്നത്.