ചരിത്രവിസ്മയങ്ങളുടെ വാതിൽ തുറന്ന യാത്ര; കല്ലുകൾ കഥ പറഞ്ഞ ഹംപിയിലേക്ക്

ശാലിനി രഘുനന്ദനൻ

ഇത്തവണ യാത്ര ചരിത്രത്തിലേക്കായിരുന്നു. ഈ യാത്രയിൽ കാണാനേറെ കാഴ്ചകൾ വേണമെന്നായിരുന്നു. ഉദയാസ്തമയങ്ങളും, വിസ്മയിപ്പിക്കുന്ന പ്രകൃതി ഭംഗിയും. കൊച്ചുവർത്തമാനം പറഞ്ഞ് നടക്കാൻ മൺ വഴികളും , തണുത്ത കാറ്റും, പൊള്ളിക്കാത്ത വെയിലും, ചാറ്റൽ മഴയും, കഥ പറയുന്ന കല്ലുകളും, ചെവിയോർത്താൽ സംഗീതം പൊഴിക്കുന്ന ചുവരുകളുമൊക്കെ വേണമായിരുന്നു. അങ്ങനെയാണ് ഹംപി ഞങ്ങൾക്ക് മുന്നിൽ അത്ഭുതങ്ങളുടെ വാതിൽ തുറന്നത്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച, ഉത്തരകർണാടകത്തിലെ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി. അവിടുന്നും പിറകോട്ട് പോയാൽ പഴയ കിഷ്കിന്ധ. ഒരു പൗരാണിക നഗരമെന്നതിനുപുറമെ വിശേഷണങ്ങൾ ഏറെയാണ് ഹംപിക്ക്.

രാവിലെ 7 മണിയോടെ ഹോസ്പേട്ട് റെയിൽവെ സ്റ്റേഷനിൽ ട്രെയിനിറങ്ങി. നേരെ ഹോട്ടലിലേക്ക് പുരാവസ്തു വകുപ്പിൽ ജോലി ചെയ്തിരുന്ന സുഹൃത്ത് വഴി റൂം ബുക്ക് ചെയ്തിരുന്നു. വലിയ ഹോട്ടലാണെങ്കിലും ബജറ്റ് ഫ്രണ്ട്ലി റൂമുകൾ അവിടെ ഉണ്ടായിരുന്നതിനാൽ സാമ്പത്തികമായി അധികം ബുദ്ധിമുട്ടിയില്ല. താമസസ്ഥലത്തു നിന്ന് 10 കിലോമീറ്ററിലധികം ദൂരമുണ്ടായിരുന്നു ഹംപിക്ക്. താമസസ്ഥലത്തെത്തി കുളിച്ചൊരുങ്ങി നേരെ ഹംപിയിലേക്ക്. ഓട്ടോപിടിച്ചാണ് പോയത്.

കണ്ണെത്താ ദൂരത്തോളം അതിശയിപ്പിക്കുന്ന നിർമാണമാതൃകയിൽ പണികഴിപ്പിച്ചിരുന്ന ക്ഷേത്രങ്ങളും, കൊട്ടാരങ്ങളും, വ്യപാര കേന്ദ്രങ്ങളും തലയുയർത്തി നിന്നിരുന്ന പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങളാണ് ഇന്നിവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. വഴിയരികിൽ നിറയെ പാറക്കൂട്ടങ്ങളാണ്. പാറക്കൂട്ടങ്ങളെ കടന്ന് ചെന്നാലും കല്ലുകളാണ് നിറയെ.ഇവിടെ കഥപറയുന്നതും, കണ്ണിനെ വരവേൽക്കുന്നതും ഈ കല്ലുകളാണ്.

ക്ഷേത്രങ്ങളിലൂടെ;

ആദ്യയാത്ര വിരൂപാക്ഷ ക്ഷേത്രത്തിലേക്കായിരുന്നു. ശിവനാണ് വിരൂപാക്ഷൻ. സ്ഥിരം സൗന്ദര്യസങ്കൽപ്പങ്ങളിലോ അടയാളങ്ങളിലോ ഒതുങ്ങി നിൽക്കാത്ത ശിവൻ തന്നെയാണ് അന്നും ഹീറോ.   ഹംപിയിലെ പ്രധാനപ്പെട്ട ,ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്ന് തുംഗഭദ്രാ നദിക്കരയിലെ ഈ ശിവക്ഷേത്രമാണ്. പ്രധാനപ്പെട്ട രണ്ടു ഗോപുരങ്ങളും, കരിങ്കൽ പാകിയ വിശാലമായ മുറ്റവും. കൽമണ്ഡപങ്ങളും , അകത്തളങ്ങളും, ക്ഷേത്രക്കുളവും അങ്ങനെയങ്ങനെ വിരൂപാക്ഷക്ഷേത്രം തുറന്നിട്ട വഴികളിലൂടെ ഞങ്ങൾ നടന്നു കയറി. കൽമണ്ഡപത്തിലിരുന്നാൽ തണുത്ത കാറ്റേൽക്കാം. തലയെടുപ്പോടെ നിൽക്കുന്ന ക്ഷേത്ര ഗോപുരങ്ങൾ കാണാം.

വിരൂപാക്ഷ ക്ഷേത്രത്തിന് മുകളിലേക്ക് കയറിയാൽ ഹേമകൂടാദ്രിയിലെത്തും. വിശാലമായ പാറക്കെട്ടുകൾക്ക് മുകളിൽ പണി തീർത്ത കൽമണ്ഡപങ്ങൾ‌. മണ്ഡപങ്ങളെല്ലാം തകർന്ന് തുടങ്ങി. എങ്കിലും കയറിയിരിക്കാൻ പറ്റുന്നവ തന്നെ. വിസ്മയത്തോടൊപ്പം ഭയവും ജനിപ്പിക്കുന്ന കൂറ്റൻ പാറകൾ. പാറകൾക്കിടയിലൂടെയുള്ള നടപ്പ് അൽപം സാഹസികമാണ്. എളുപ്പവഴിയും അവിടെയുണ്ട്.

ഞങ്ങൾ ഏതായാലും അൽപം സാഹസികതയിലൂടെയാണ് മുകളിലെത്തിയത്.   ഉദയാസ്തമയങ്ങൾ കാണാൻ ഏറെപ്പേരാണ് ഇവിടെ എത്തുന്നത്.സൂര്യകിരണങ്ങൾ പാറക്കൂട്ടങ്ങളിൽ തട്ടി  ഗോപുരങ്ങളിലും കൽമണ്ഡപങ്ങളിലും പതിക്കുമ്പോൾ അവ ഒന്നുകൂടെ മനോഹരമാകും. അൽപം അകലെയായി മാതംഗ ഹിൽസിലും ഉദയക്കാഴ്ച ഏറെ പ്രശസ്തമാണെന്ന് പലരും പറഞ്ഞിരുന്നു. പക്ഷെ നാണമോ, കോപമോ എന്നറിയില്ല ഞങ്ങളെ കാണാതെ സൂര്യൻ മേഘങ്ങൾക്കിടയിൽ ഒളിച്ചിരുന്നുകളഞ്ഞു.

പഴയ കിഷ്കിന്ധാപുരിയുടെ ഓർമ്മകൾ ഉണർത്തിയാവണം വിരൂപാക്ഷ ക്ഷേത്രത്തിനു സമീപവും,ഹേമകൂടാദ്രിയിലും വാനരന്മാർ ഏറെയുണ്ട്. ഒറ്റയായും , കൂട്ടായും വിഹരിക്കുന്ന ഈ വിരുതന്മാർ ഇടക്കിടയ്ക്ക് സഞ്ചാരികളോടും വികൃതി കാട്ടാറുണ്ട്. ഞങ്ങൾക്കും കിട്ടി കുട്ടിക്കുരങ്ങന്റെ ഒരടി. അവനോട് കുപ്പിവെള്ളത്തിനായി ചെറിയൊരു പിടിവലി. പകുതിയും കാലിയായ കുപ്പി കുരങ്ങന് കൊടുക്കില്ലെന്ന വാശിയിലായിരുന്നു കൂട്ടുകാരി. ഏതായാലും പരിക്കില്ലാതെ ഞങ്ങൾ രക്ഷപ്പെട്ടു. സന്ധ്യാ സമയത്ത് ഹനുമാൻ കുരങ്ങുകൾ കൂട്ടമായി ക്ഷേത്രത്തിലേക്ക് നടന്നു നീങ്ങുന്ന കാഴ്ചയാണ് ഏറെ കൗതുകം ഉണർത്തിയത്.

വിരൂപാക്ഷ ക്ഷേത്രത്തിന് സമീപം  ഉപദേവതകളുടെ ക്ഷേത്രങ്ങളാണ്. എടുത്തു പറയാനാണെങ്കിൽ  ഒരു ശിവക്ഷേത്രം, രണ്ടു ഗണപതി പ്രതിഷ്ഠകൾ. തൊട്ടടുത്തായി മഹിഷാസുരമർദ്ധിനി, ലക്ഷ്മീനരസിംഹസ്വാമി ക്ഷേത്രങ്ങൾ, കുളത്തിൽ പ്രതിഷ്ഠിച്ച ശിവലിംഗം, ചണ്ഡികേശ്വര ക്ഷേത്രം, വീരഭദ്ര പ്രതിമ, ഭൂഗർഭ ശിവക്ഷേത്രം അങ്ങനെയങ്ങനെ നിരവധി ക്ഷേത്രങ്ങളുടെ, പ്രതിഷ്ഠകളുടെ സമ്മേളനനഗരിയാണിവിടം. ഓരോട്ടപ്രദക്ഷിണത്തിലൂടെയാണ് പല ക്ഷേത്രങ്ങളും കണ്ടത്.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗണപതി വിഗ്രഹം, കടുകുമണിയുടെ ആകൃതിയിലുള്ള വിഗ്രഹം മസ്റ്റേര്‍ഡ് ഗണേശ, ഏകശിലയില്‍ തീര്‍ത്ത ലക്ഷ്മീ നരസിംഹ മൂര്‍ത്തി പ്രതിഷ്ഠ (ഉഗ്ര നരസിംഹ മൂര്‍ത്തി) വെള്ളത്താല്‍ ചുറ്റപ്പെട്ട ബഡാവി ലിംഗ ശിവ ക്ഷേത്രം അങ്ങനെ ഓരോന്നോരോന്നായി കണ്ടിറങ്ങി.

ബഡാവി ലിംഗ ശിവ ക്ഷേത്രം ഭൂമിക്കടിയിലാണെന്ന് തന്നെ പറയാം കല്‍പ്പടവുകള്‍ ഇറങ്ങിചെന്നാൽ ചുറ്റിനും വെള്ളമാണ് .ആ വെള്ളത്തിലിറങ്ങി നടന്ന് വേണം ശിവനെ കാണാൻ. പമ്പ ദേവി, ഭുവനേശ്വരി, നവഗ്രഹങ്ങള്‍, ശിവന്റെ മറ്റൊരു രൂപമായ പട്ടേലേശ്വര തുടങ്ങിയവരും ഇവിടെ പ്രതിഷ്ഠകളായുണ്ട്.

15 ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഹസാരരാമക്ഷേത്രമാണ് പിന്നെ അതിശയിപ്പിച്ച ഇടം . ശ്രീരാമ ജനനം മുതൽ സ്വർഗാരോഹണംവരെയുള്ള രാമായണകഥകൾ ഇവിടെ കൊത്തിയെടുത്താണ് ഭിത്തികൾ നിർമ്മിച്ചിരിക്കുന്നത്. കൊത്തുപണികളില്ലാത്ത ഒരു കല്ലുപോലും ഈ ക്ഷേത്രത്തിലില്ലെന്ന് പറയേണ്ടിവരും. കറുപ്പുകലർന്ന ഗ്രാനൈറ്റ് കല്ലുകളിൽ തീർത്ത ശില്പങ്ങളാണു കൂടുതലും. തൂണുകളിൽ ഒന്നു വിരലോടിച്ചാൽ കൈകളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പ്. ആ തണുപ്പാസ്വദിച്ച് കൽത്തൂണുകളെ കെട്ടിപ്പിടിച്ച് ഇരുന്നുപോകുമെന്ന് തോന്നി.

പ്രതാപകാലങ്ങളിൽ ഹംപി കലാസാംസ്കാരികപ്രവർത്തനങ്ങളാൽ സജീവമായിരുന്നു എന്നതിന് തെളിവ് നൽകുന്നത് ഇവിടുത്തെ ക്ഷേത്രങ്ങളിലെ കൽമണ്ഡപങ്ങൾ. ദേവദാസികളുടെ നൃത്യ നാട്യങ്ങളുടെ അരങ്ങുകളായിരുന്നിരിക്കണം അവ. മണ്ഡപങ്ങളിൽ അണിഞ്ഞൊരുങ്ങി നൃത്തം ചെയ്യുന്ന് സുന്ദരികളെ സ്വപ്നം കാണുക മാത്രമല്ല. സ്വപ്ന സാക്ഷാത്കാരത്തിനായി രണ്ട് ചുവടു വയ്ക്കാനും മറന്നില്ല.

ഇതിനിടയിൽ വെയിലിൽ നിന്നൊളിച്ച് , ആൾതിരക്കുകളിൽ നിന്നു മാറി ഞങ്ങൾ ഒരിടം കണ്ടെത്തി. രംഗ ക്ഷേത്രം. പഴയൊരു വിഷ്ണുക്ഷേത്രമാണ്.തകർന്നു വീഴാതിരിക്കാൻ താങ്ങുനൽകി നിർത്തിയിരിക്കുന്നു. പ്രതിഷ്ഠയൊന്നും കണ്ടില്ല. ഞങ്ങൾ കുറേ നേരം ഞങ്ങളെത്തന്നെ അവിടെ പ്രതിഷ്ഠിച്ചു. ചെറിയൊരു മഴയും കൂടെ കാറ്റും ചേർന്ന് കൂട്ടിന് വന്നതോടെ ആ ഇരുപ്പ്  മറക്കാനാകാത്തതായെന്ന് പറയാം. ഇവിടുത്തെ പ്രത്യേകതയായി തോന്നിയത് ഇത്തരം ഇടങ്ങളാണ്. ശാന്തമായൊരിടത്തിരിക്കാൻ ഇത്ര ദൂരം വരണമായിരുന്നോ എന്ന തോന്നിപ്പിക്കുന്ന തരം മാന്ത്രികതയാണ് ഈ കൽക്കൂടാരങ്ങൾക്കും ഇവിടുത്തെ കാറ്റിനും.

വിറ്റല ക്ഷേത്രത്തിലേക്കായിരുന്നു അടുത്ത യാത്ര , ദ്രവീഡിയൻ ശൈലിയിലുള്ള ആരാധനാലയമായിരുന്നുവെന്ന് വായിച്ചിട്ടുണ്ട്. മനോഹരമായ വാസ്തു വിദ്യയുടേയും, ശില്‍പ കലയുടേയും സംഗമ സ്ഥലമാണ്. മണ്ഡപത്തിലെ സരിഗമ തൂണുകളുകളാണ് ഇവിടെ മുഖ്യ ആകർഷണം കര്‍ണ്ണാടക സംഗീതത്തിന്‍റെ രാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന മ്യൂസിക്കൽ പില്ലറുകൾ. കൽത്തൂണുകളിൽ ചെവിയൊന്നു ചേർത്തുവച്ചാൽ സുഖമുള്ള തണുപ്പും ഒപ്പം സംഗീതസാന്ദ്രമായ ഇരമ്പലും നമ്മെ തൊടും. അത് അനുഭവിച്ചറിയേണ്ടതാണ്. സംഗീത തൂണുകളെന്ന വിശേഷണത്തിനു പിറകിലെ കഥയറിയേണ്ടവർ ഒന്നു ചെവിയോർത്താൻ മതിയാകും.

ഗരുഡരഥമാണ് വിറ്റല ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. വിഷ്ണുവിന്‍റെ വാഹനമായ ഗരുഡനുള്ള സമര്‍പ്പണമാണിത്. പുതിയ 50 രൂപാ നോട്ടിലും കര്‍ണ്ണാടക ടൂറിസത്തിന്‍റെ പ്രമുഖ ചിത്രങ്ങളിലും ഈ അലങ്കാര രഥം കാണാൻ കഴിയും. രഥത്തിനൊപ്പം ചിത്രമെടുക്കാനുള്ള ആളുകളുടെ തിരക്കുകാരണം രഥത്തിന്റെ ഒരു നല്ല ചിത്രമെടുക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു ആകെയുള്ള പ്രയാസം.

വിറ്റലക്ഷേത്രത്തിൽ നിന്നിറങ്ങി പുറത്തെ മൺവഴികളിലൂടെ നടക്കുമ്പോഴാണ് പുഷ്കരണി( കുളം) കണ്ടത്. മനോഹരമായി നിർമ്മിച്ചെടുത്ത ജലസംഭരണി. സിനിമാ ലൊക്കേഷൻ പോലെ തോന്നിച്ച അവിടെയിരുന്ന് ഫോട്ടോയക്ക്  പോസ്ചെയ്ത് സ്വയം ഹൊയ്സാല ഗ്രാമീണ പെൺകൊടിയായി മാറിയ കൂട്ടുകാരിയുടെ ചിത്രം മനസിൽ മായാതെ കിടപ്പുണ്ട്.

വാസ്തുവിദ്യയുടെ കൊടുമുടി കയറിയ നിർമ്മിതികൾ:

വിജയനഗര രാജവംശത്തിന്റെ സുവർണകാലഘട്ടമായ എഡി 1500 ലാണ് ഹംപിയെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. ലോകമെമ്പാടും പ്രശസ്തമായ ഹംപിയിലെ സമ്പൽ സമൃദ്ധിതന്നെ വിദേശികളെ വ്യാപാരത്തിനായി ഇവിടേക്ക് ആകർ‌ഷിച്ചു. ആ സ്വാധീനം ഇന്തോ-ഇസ്ലാമിക വാസ്തു വിദ്യയുടെ രൂപത്തിൽ കാണാവുന്നതാണ്. ലോട്ടസ് മഹൽ, ക്യൂൻ ബാത്ത്. ആനപ്പന്തി, പുഷ്കരണി, ജലസംഭരണികൾ, തുടങ്ങി വാസ്തുവിദ്യയുടെ കൊടുമുടി കയറിയ നിർമ്മിതികൾ ഏറെയാണ് ഇവിടെ.  അറബിക് പേർഷ്യൻ ഇന്ത്യൻ സംസ്ക്കാരങ്ങളുടെ ഒരു സമന്വയമാണ് ആനപ്പന്തിയും കുതിരാലയവുമെല്ലാം. കാഴ്ചയിൽ അതിശയിപ്പിച്ചവയെക്കുറിച്ച് പിന്നീട് വായിച്ചറിഞ്ഞതാണ് ഈ വിവരങ്ങൾ.

രാജ്ഞിയുടെ അന്തഃപുരം നിലനിന്നിരുന്ന കോട്ടയ്ക്കകത്താണ് പ്രസിദ്ധമായ ലോട്ടസ് മഹൽ. വെല്ലം, ചുണ്ണാമ്പ്, കോഴിമുട്ട, മണ്ണ് എന്നിവയുടെ മിശ്രിതം കൊണ്ടാണ് മഹലിന്റെ ഭിത്തികൾ തേച്ചു മിനുക്കിയിരിക്കുന്നത് . അലങ്കരിക്കാനായി വെച്ചിരുന്ന വിലപ്പിടിപ്പുള്ള കല്ലുകൾ അടർത്തിമാറ്റിയതിന്റെ പാടുകൾ ഭിത്തികളിൽ കാണാവുന്നതാണ്. കൊട്ടാരക്കെട്ടുകളോട് ചേർന്ന് നിരവധി കമാനങ്ങളും, താഴികക്കുടങ്ങളും, തൂണുകളിൽ താങ്ങി നിർത്തിയ മണ്ഡപങ്ങളും, വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച പഴത്തോട്ടങ്ങളും പൂന്തോട്ടങ്ങളും ഈ നഗര നിർമ്മിതിയിയെ പ്രശസ്തമാക്കിയവയാണ്.

സുല്‍ത്താന്‍മാരുമായി നടന്ന യുദ്ധമാണ് വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് വഴിവച്ചത്. തളിക്കോട്ട യുദ്ധത്തില്‍ വിജയനഗര രാജവംശത്തിന്റെ തകര്‍ച്ച പൂർണമായി . രാജാവിനെ വധിച്ച് രാജ്യം കൊള്ളയടിക്കുകയായിരുന്നവെന്ന് ചരിത്രം പറയുന്നു. യുദ്ധത്തിനു ശേഷം മാസങ്ങളോളം കൊള്ളയടിക്കൽ തുടരുകയായിരുന്നു. രാജകൊട്ടാരങ്ങൾ അഗ്നിക്കിരയാക്കിയും, ക്ഷേത്രങ്ങൾ തച്ചുടച്ചും ഹംപിയെ ശവപ്പറമ്പാക്കിയാണ് ആക്രമണം അവസാനിച്ചത്. തലയും ഉടലും വേർപെട്ട വിഗ്രഹങ്ങളും , തകർന്ന ക്ഷേത്രങ്ങളും, കത്തിയെരിഞ്ഞ കൊട്ടരങ്ങളുടെ അടിത്തറയും, മണ്ണടിഞ്ഞ വ്യാപാര കേന്ദ്രങ്ങളും മാത്രമായി ഹംപി മാറി. പിന്നീട് പുരാവസ്തു ഗവേഷകർ കണ്ടെടുത്ത് മിനുക്കിയ ശേഷിപ്പുകൾ കാണാൻ, പഴയ പ്രതാപകാലത്തെ കഥകളറിയാൻ ഇവിടേക്ക് ആളുകളെത്തി. ഹംപി ഒരു വിനോദ സഞ്ചാരകേന്ദ്രമായി മാറി.

ഹംപിയുടെ സമ്പന്നമായ ഭൂതകാലം എങ്ങിനെയായിരുന്നുവെന്നറിയാന്‍ ഇവിടുത്തെ പ്രസിദ്ധമായ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സന്ദര്‍ശിച്ചാല്‍ മതി. അവിടെ വിജയനഗര സാമ്രാജ്യത്തിന്‍റെ ചെറുരൂപം തന്നെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങളും ,വിഗ്രഹങ്ങളുമെല്ലാം ഹംപിയുടെ രാജകീയ പ്രൗഡിയുടെ മഹിമ വിളിച്ചോതി നിൽക്കുന്നുണ്ടായിരുന്നു.

ഹംപി കാണേണ്ടത് കണ്ണുകൾകൊണ്ട് മാത്രമല്ല കാതുകൾ കൊണ്ട് കൂടിയാവണം. ഇവിടെ ഓരോ കല്ലിനും ഒരു കഥ പറയാനുണ്ട് . മൺ തരികൾക്കും, കാറ്റിനും, മഴത്തുള്ളികൾക്കുപോലും പകർന്നു നൽകാൻ കഴിയുന്ന അനുഭൂതിയുണ്ട്. ആതാണ് ഈ പൗരാണിക നഗരത്തിലേക്ക് എക്കാലവും സഞ്ചാരികളെ ആകർഷിക്കുന്നത്. ഒരു കാലത്ത് പ്രതാപം കൊണ്ട് , സമ്പന്നതകൊണ്ട് അതിശയിപ്പിച്ച നഗരം ഇന്ന് ആ പ്രതാപകാലത്തിന്റെ അടയാളങ്ങളിലൂടെ വീണ്ടെടുക്കുയാണ്. വിജയനഗര സാമ്രാജ്യ ചക്രവർത്തി കൃഷ്ണ ദേവരായരും, ഭാര്യമാരായ ചിന്നാ ദേവിയും , തിരുമല ദേവിയും ശിൽപങ്ങളായിരുന്ന് സഞ്ചാരികളെ സ്വാഗതം ചെയ്തിരിക്കാം. ആക്രമണങ്ങളിൽ തകരാതിരുന്ന ക്ഷേത്ര വിഗ്രഹങ്ങൾ അനുഗ്രഹം ചൊരിഞ്ഞിരിക്കാം. കൽമണ്ഡപങ്ങളിലെ സംഗീത തൂണുകൾ രാജകീയ പ്രതാപത്തിന്റെ ഓർമ്മകളിൽ സംഗീതം പൊഴിച്ചിരിക്കാം. ദേവദാസികൾ അദൃശ്യരായി നൃത്തം ചെയ്തിരിക്കാം. അങ്ങനെയങ്ങനെ ഹംപി പുനർജനിച്ചിരിക്കാം..

തിരുമല ദേവിയുടെ മുഖച്ചായ തനിക്കുണ്ടെന്ന് കണ്ടെത്തിയ സന്തോഷത്തിലാണ് സഹയാത്രിക മായയുടെ മടക്കം. മനോഹരമായി പണി തീർത്ത ശില്പങ്ങളിൽ പലതുമായിരുന്നെങ്കിലെന്ന് ഞാനും സങ്കൽപ്പിച്ചു നോക്കി. അസ്തമയ സൂര്യനോട് യാത്രപറയാനിരുന്ന ഞങ്ങൾക്ക് ഹംപി വിട നൽകിയത് ഒരു കുഞ്ഞു മഴയിലൂടെയായിരുന്നു. കൽമണ്ഡപത്തിലേക്ക് വീശിയടിച്ച് കാറ്റിനൊപ്പം മഴത്തുള്ളികളുമെത്തി ചേർത്ത് പിടിച്ച് യാത്രപറഞ്ഞു.

രണ്ടു ദിവത്തെ സന്ദർശനത്തിൽ ഇവിടം സമ്മാനിച്ചത് കണ്ണെടുക്കാനാകാത്ത കാഴ്ചകളും മറക്കാനാവാത്ത അനുഭവങ്ങളുമാണ്. തിരികെ സ്റ്റേഷനിലെത്തി മടക്കയാത്രയ്ക്ക് ട്രെയിൻ കാത്തിരിക്കുമ്പോൾ ഒരു കാറ്റുകൊണ്ട് ഹംപി തിരികെ വിളിക്കുന്നതുപോലെ തോന്നി. കാണാകാഴ്ചകളുടെ, കഥകളുടെ ലോകത്തേക്ക് മടക്കി വിളിക്കുന്നതുപോലെ….

ഹംപിയിലേക്കുള്ള യാത്രാ മാർഗം:

ഹംപിക്ക് 13 കിലോമീറ്റര്‍ അകലെയുള്ള ഹോസ്‌പെട്ട് വരെ ട്രെയിൻ സർവീസുണ്ട്. ബാംഗ്ലൂര്‍, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളില്‍ നിന്ന് ഇവിടേക്ക് ട്രെയിനുണ്ട്. അടുത്തുള്ള എയർ പോർട്ട് ബെല്ലാരിയാണ് (തൊരനഗല്ലു ജിന്താൽ എയർപോർട്ട്). ബാംഗ്ലൂർ നിന്നും, മൈസൂർ നിന്നും ഹോസ്പെട്ടിലേക്ക് ബസ് സർവീസുകളുണ്ട്. ഹോസ്പെട്ടിൽ നിന്ന് ഹംപിക്ക് ലോക്കൽ ബസുകൾ ഉണ്ട്. അല്ലെങ്കിൽ സഞ്ചാരികൾക്കായി ഓട്ടോകൾ ലഭിക്കും. ദിവസം മുഴുവൻ കറങ്ങാവുന്ന തരത്തിൽ ഓട്ടോകൾ ലഭ്യമാണ് . പക്ഷെ വാടക നമ്മൾ പറഞ്ഞ് ഉറപ്പിക്കേണ്ടിവരും. ദിവസ വാടകയ്ക്ക് ടൂവിലറുകളും, സൈക്കിളുകളുമെല്ലാം ഇവിടെ കിട്ടും എന്നത് സഞ്ചാരികൾക്ക് ആശ്വാസമാണ്