മഴ മേഘങ്ങള്‍ മഴ പെയ്യിക്കും

മലയാളികള്‍ മറക്കാത്ത വര്‍ഷങ്ങളില്‍ പ്രധാനപ്പെട്ടതാണ് 2018, 2019, 2020. മലയാളികള്‍ കടലേറ്റങ്ങളും, 2004 ലെ സുനാമി തിരകളും അറിഞ്ഞവരാണ്. പക്ഷെ 2018 ആഗസ്റ്റിലെ രണ്ടാമത്തെ ആഴ്ച്ചയോടെ കേരളീയര്‍ക്ക് വെള്ളപ്പൊക്കം, പ്രളയം എന്നത് ആദ്യമായി അനുഭവിക്കാനായി. അന്നേവരെ പ്രളയമറിയാത്തവര്‍ സ്വന്തം മുറ്റത്തും പറമ്പിലും പെയ്‌തൊഴിയുന്ന മഴ മാത്രം അനുഭവിച്ചവര്‍ ജീവിതത്തില്‍ ആദ്യമായി വേലിയും മതിലും കെട്ടിത്തിരിച്ച പറമ്പും, പുരയിടവും, പാതകളും വെള്ളം മൂടി ഒന്നായ കാഴ്ച്ച കണ്ട് ഞെട്ടി. വാഹനങ്ങള്‍ കടന്നു പോകാറുള്ള റോഡുകളില്‍ യന്ത്രവത്കൃത ബോട്ടും തോണികളും സഞ്ചരിച്ചു.

കുന്നിന്‍ ചെരിവുകള്‍ ഇടിയുന്ന ഉരുള്‍പൊട്ടല്‍ മഴക്കാലങ്ങളില്‍ കേട്ടറിവുണ്ടെങ്കിലും താരതമ്യേന നിരപ്പായ സ്ഥലങ്ങളിലെ വീടുകളും സ്ഥാപനങ്ങളും ഒന്നും രണ്ടും നിലയോളം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ തീര്‍ത്തും നിസ്സാഹായരാണ് മനുഷ്യര്‍ പ്രകൃതിക്ക് മുമ്പില്‍ എന്ന് തിരിച്ചറിഞ്ഞു. 500 ഓളം മനുഷ്യ ജീവന്‍ നഷ്ടപ്പെട്ടു, മറ്റ് ജന്തുക്കളുടെ ജീവന്‍ നഷ്ടവും ആയുസിന്റെ സമ്പാദ്യമായ വീടും, കൃഷിയും, കച്ചവടവും മറ്റും നഷ്ടപ്പെട്ട കണക്കുകള്‍ ഇന്ന് നമുക്ക് ലഭ്യമാണ്. ഏകദേശം 40000 കോടി രൂപയുടെ നഷ്ടം സര്‍ക്കാര്‍ കണക്കില്‍ ഉണ്ട് – ശരിക്കുള്ള കണക്ക് അതിലും അധികമാകും.

2019 ആഗസ്റ്റ് രണ്ടാമത്തെ ആഴ്ച്ചയില്‍ കേരളം വീണ്ടും വെള്ളത്തില്‍ മുങ്ങി. ഉരുള്‍പ്പൊട്ടലിലും മറ്റുമായി 121 ഓളം മനുഷ്യ ജീവന്‍ നഷ്ടപ്പെട്ടു, 21 ഓളം മനുഷ്യരെ കാണാതായി ( മരണപ്പെട്ടു എന്നുറപ്പിക്കാന്‍ മൃതദേഹം കണ്ടുകിട്ടാത്തവര്‍), 1800 ഓളം വീടുകള്‍ മുഴുവനായി നശിച്ചു, 14600 ഓളം വീടുകള്‍ക്ക് ഭാഗിക നാശം സംഭവിച്ചു. 2020 ആഗസ്റ്റില്‍ കേരളത്തിലെ ഇടുക്കി, വയനാട്, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം ജില്ലകള്‍ മഴക്കെടുതികള്‍ക്ക് ഇരയായി. 66 മനുഷ്യ ജീവന്‍ നഷ്ടമായി. കനത്ത മഴയില്‍ ഉണ്ടായ വിമാന അപകടത്തില്‍ 21 മനുഷ്യരുടെ ജീവന്‍ പൊലിഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

2018, 2019, 2020 എന്നിങ്ങനെ തുടര്‍ച്ചയായി ആഗസ്റ്റ് മാസത്തില്‍ 2-3 ആഴ്ച്ചകളില്‍ കേരളത്തില്‍ അതിതീവ്ര മഴ പ്രളയത്തിന് വഴിവെച്ചു എന്നത് വലിയ ചോദ്യമായി മുന്നില്‍ നില്‍ക്കുന്നതിനാല്‍ ബന്ധപ്പെട്ടവര്‍, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ഇതിനെ പഠിക്കാന്‍ വിലയിരുത്താന്‍ ശ്രമിച്ചിരിക്കുമെന്നും അവര്‍കണ്ടെത്തിയ കാരണത്തെ അറിയാനുള്ള കൗതുകത്തോടെ 2021 മെയ്യ് മാസത്തില്‍ രാജ്യത്തിന്റെ കാലാവസ്ഥ നിരീക്ഷണ വകുപ്പിലേക്ക് വിവരാവകാശ നിയമപ്രകാരം കത്തയച്ചതിന് കിട്ടിയ പ്രതികരണം തീര്‍ത്തും നിരാശാജനകമായിരുന്നു. അവര്‍ക്കതിന്റെ കാരണത്തേ കുറിച്ച് പ്രത്യേകിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു. പക്ഷെ അതോടൊപ്പം ആവശ്യപ്പെട്ടതനുസരിച്ച് കിട്ടിയ 2018, 2019, 2020 വര്‍ഷങ്ങളിലെ കടല്‍ ജലത്തിന്റെ ഊഷ്മാവ് കാണിക്കുന്ന രേഖ അമ്പരപ്പിക്കുന്ന ആ സത്യം വിളിച്ചു പറയുന്നതായിരുന്നു. 28°, 29°, 30° C യില്‍ ചൂട് കൂടിവരുന്ന അറബി കടലിന്റേയും ബംഗാള്‍ ഉള്‍ക്കടലിന്റേയും ആഗസ്റ്റ് മാസത്തെ താപനില വിഷയത്തിന്റെ കാഠിന്യം വെളിവാക്കുന്നതാണ്. 2021 ഏപ്രില്‍ അവസാന ആഴ്ച്ചയില്‍ സമുദ്രോപരിതല ഊഷ്മാവ് 30°C യില്‍ എത്തിയിരുന്നു. തുടന്ന് മെയ്യ് മൂന്നാമത്തെ ആഴ്ച്ചയില്‍ 3 ദിവസം പെയ്ത മഴ അതിതീവ്രമായിരുന്നു. 2022 മെയ്യ് മാസത്തിലും ഈ അതിതീവ്ര മഴ ആവര്‍ത്തിച്ചു എന്നത് കാലാവസ്ഥ നിരീക്ഷവും ഭൗമ ശാസ്ത്ര പഠനവുമുള്ളവര്‍ ശ്രദ്ധിച്ചിരിക്കേണ്ട വിലയേറിയ അറിയിപ്പാണ്.

‘ഒരേ പ്രദേശത്ത് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഒരേ സമയത്ത് ഒരു പ്രകൃതി പ്രതിഭാസം ആവര്‍ത്തിക്കപ്പെടുന്നു’ 2021 ആഗസ്റ്റ് മാസത്തില്‍ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഒരു സംഘം ‘ശാസ്ത്ര അജ്ഞര്‍’ കണ്ടെത്തിയതനുസരിച്ച് ‘കുംഭാര മേഘങ്ങള്‍ ( Cumulonimbus clouds) കാരണമാണ് കേരളത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ പ്രളയകാരണമായ അതിതീവ്ര മഴ ഉണ്ടായത് – ഡാം തുറന്നിട്ടല്ല എന്ന് ചുരുക്കം. മഴ മേഘം കാരണം മഴയുണ്ടായി എന്ന് സമാധാനത്തില്‍ മലയാളികള്‍.

Read more

ഉപരിതല നിരപ്പില്‍ നിന്ന് 500 മീറ്റര്‍ മുതല്‍ ആരംഭിച്ച് 10 – 12 KM ഉയരത്തില്‍വരെ ഒറ്റമേഘം ആയി രൂപപ്പെടുന്നതാണ് കുംഭാരമേഘങ്ങള്‍ എന്ന വിശേഷ പ്രതിഭാസം. അത്തരം മേഘം തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഒരേ കാലത്ത് ഒരിടത്ത് ആവര്‍ത്തിക്കപ്പെടുന്നതിന്റെ കാരണം സൂര്യതാപമല്ലെന്ന് തിരിച്ചറിയാല്‍ നിലവിലെ കാലാവസ്ഥ നിര്‍ണയ അടിസ്ഥാനങ്ങള്‍ തിരുത്തപ്പെടണം.