50 വർഷം മണ്ണിനടിയിൽ മറഞ്ഞിരുന്ന അത്ഭുത നിധി ലേലത്തിന് !

50 വർഷത്തിലേറെയായി മണ്ണിനടിയിൽ മറഞ്ഞിരുന്ന അത്യപൂർവ സ്വർണ്ണ നാണയങ്ങളുടെ ഒരു ശേഖരം, അപൂർവ നാണയങ്ങളുടെ ലോകത്തിൽ ചർച്ചയാകുന്നത് ഈ അമൂല്യനിധിയെ കുറിച്ചുള്ള വാർത്തകളാണ്. ഇതുവരെ ലേലത്തിന് വന്നതിൽ വച്ച് ഏറ്റവും വിലയേറിയ നാണയ ശേഖരം എന്നാണ് വിദഗ്ദ്ധർ ഇതിനെ വിശേഷിപ്പിക്കുന്നത്. നാണയങ്ങൾ പോലെ തന്നെ അതിന്റെ കഥയും ആരെയും അമ്പരപ്പിക്കുന്നതാണ്.

നാസികളിൽ നിന്ന് മറഞ്ഞിരുന്നതും അരനൂറ്റാണ്ടിലേറെയായി ചരിത്രത്തിന് നഷ്ടപ്പെട്ടതുമായ 15,000 അപൂർവ നാണയങ്ങളുടെ ഒരു അത്ഭുതകരമായ ശേഖരമാണ് വീണ്ടും പുറത്തു വന്നിരിക്കുന്നത്. ‘ട്രാവലർ കളക്ഷൻ’ എന്നാണ് ഈ നിധി അറിയപ്പെടുന്നത്. ഇപ്പോൾ അതിന്റെ മൂല്യം 100 മില്യൺ യുഎസ് ഡോളറിലധികം വരും. അതായത് ഏകദേശം 160 മില്യൺ ഓസ്ട്രേലിയൻ ഡോളർ.

1929-ലെ വാൾസ്ട്രീറ്റ് തകർച്ചയ്ക്ക് ശേഷം, അപൂർവമായ നാണയങ്ങൾ ശേഖരിക്കുന്ന യൂറോപ്യയിൽ നിന്നുള്ള ഒരാളും അയാളുടെ ഭാര്യയും ഏറ്റവും അപൂർവവും ചരിത്രപരമായി പ്രാധാന്യമുള്ളതുമായ നാണയങ്ങൾ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. ചരിത്രം, അപൂർവത, സൗന്ദര്യം എന്നിവയ്ക്ക് ശ്രദ്ധ കൊടുത്ത് അവർ യൂറോപ്പിലും അമേരിക്കയിലും ഉടനീളം സഞ്ചരിച്ച് നാണയങ്ങൾ ശേഖരിച്ചു. ഓരോ ഭാഗവും ശ്രദ്ധാപൂർവ്വം രേഖപ്പെടുത്തി. നിധിയുടെ വിശദമായ ഒരു ശേഖരം തന്നെ ഉണ്ടാക്കി.

എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീഷണി ശക്തമാവുകയും നാസി സൈന്യം യൂറോപ്പിലുടനീളം നീങ്ങിയതോടെ ഇവർ ഒരു നിർഭാഗ്യകരമായ തിരഞ്ഞെടുപ്പ് നടത്തി. ശേഖരം സംരക്ഷിക്കുന്നതിനായി അയാൾ നാണയങ്ങൾ സിഗാർ പെട്ടികളിലും അലുമിനിയം പാത്രങ്ങളിലുമായി പായ്ക്ക് ചെയ്യുകയും അവ മണ്ണിനടിയിൽ കുഴിച്ചിടുകയും ചെയ്തു. അതിനുശേഷം, അദ്ദേഹം ചരിത്രത്തിൽ നിന്നുതന്നെ അപ്രത്യക്ഷനായി. ഇതോടെ മറഞ്ഞിരിക്കുന്ന നിധിയുടെ സ്ഥാനം പതിറ്റാണ്ടുകളായി ഒരു രഹസ്യമായി തന്നെ തുടർന്ന് പോന്നു.

50 വർഷം കഴിഞ്ഞ് കളക്ടറുടെ അവകാശികൾ നാണയങ്ങൾ വീണ്ടും കണ്ടെത്തി. എന്നാൽ പൊതുജന ശ്രദ്ധയിൽപ്പെടുത്തുന്നതിന് മുമ്പ് അവർ ഈ നിധി ആദ്യം ഒരു ബാങ്ക് നിലവറയിലേക്ക് മാറ്റുകയാണ് ചെയ്തത്. വിൽപ്പനയ്ക്ക് നേതൃത്വം നൽകുന്ന ലേല സ്ഥാപനമായ ന്യൂമിസ്മാറ്റിക്ക ആർസ് ക്ലാസിക്ക (NAC) 2025 മെയ് 20 മുതൽ മൂന്ന് വർഷത്തെ ലേല പരമ്പരയിലൂടെ ഈ ശേഖരം പ്രദർശിപ്പിക്കാൻ പദ്ധതിയിടുകയാണ്.

ബ്രിട്ടീഷ് യന്ത്രം ഉപയോഗിച്ച് നിർമ്മിച്ച ചാൾസ് രണ്ടാമൻ മുതൽ ജോർജ്ജ് ആറാമൻ വരെയുള്ള രാജാക്കന്മാരുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന നാണയങ്ങളിലാണ് ആദ്യ ലേലം ശ്രദ്ധ കേന്ദ്രീകരിക്കുക. ഏപ്രിൽ മുഴുവൻ എൻ‌എസിയുടെ ലണ്ടൻ ഓഫീസിൽ ഈ നാണയങ്ങൾ പൊതുപ്രദർശനത്തിന് ഉണ്ടാകും. NAC ഡയറക്ടർ അർതുറോ റുസ്സോയുടെ അഭിപ്രായത്തിൽ, ശേഖരത്തിലെ പല നാണയങ്ങളും കഴിഞ്ഞ 80 വർഷത്തിലേറെയായി കണ്ടിട്ടില്ല. ചിലത് ഔദ്യോഗിക രേഖകളിൽ പോലും രേഖപ്പെടുത്തിയിട്ടുമില്ല.

1629-ൽ ഹാബ്സ്ബർഗിലെ ഫെർഡിനാൻഡ് മൂന്നാമനു വേണ്ടി അച്ചടിച്ച 100 ഡുകാറ്റ് സ്വർണ്ണ നാണയമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്. 348.5 ഗ്രാം ആണ് ഇതിന്റെ ഭാരം. ഈ നാണയത്തിന്റെ മൂല്യം ഏകദേശം 1.35 മില്യൺ യുഎസ് ഡോളർ ആണെന്ന് വിദഗ്ദ്ധർ കണക്കാക്കുന്നത്. 1621-ൽ പുറത്തിറക്കിയ പോളിഷ് രാജാവായ സിഗിസ്മണ്ട് മൂന്നാമന്റെ 70 ഡുകാറ്റ് സ്വർണ്ണ നാണയമാണ് മറ്റൊരു പ്രത്യേകത. 243 ഗ്രാം ഭാരവും ഏകദേശം 471,700 യുഎസ് ഡോളർ വിലയും ഇതിനുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ആഗാ മുഹമ്മദ് ഖാൻ ഖജർ ടെഹ്‌റാനിലും ഇസ്ഫഹാനിലും അച്ചടിച്ച അഞ്ച് തൊമാനിന്റെ വളരെ അപൂർവമായ ഒരു ശേഖരവും ഇതിൽ ഉൾപ്പെടുന്നുണ്ട്. യുണൈറ്റഡ് കിംഗ്ഡത്തിലെ ഓക്സ്ഫോർഡിലുള്ള ആഷ്മോളിയൻ മ്യൂസിയത്തിലുള്ളത് ഉൾപ്പെടെ ഈ നാണയങ്ങളുടെ അഞ്ച് സെറ്റുകൾ മാത്രമേ നിലവിലുള്ളൂ.

പുരാതനനാഗരികതകൾ മുതൽ ആധുനിക യുഗം വരെയുള്ള കാലഘട്ടത്തെ ഉൾക്കൊള്ളുന്ന 100-ലധികം പ്രദേശങ്ങളിൽ നിന്നുള്ള നാണയങ്ങളാണ് ട്രാവലർ കളക്ഷനിൽ ഉള്ളത്.

Read more