ജാക്ക്ഫ്രൂട്ട് 365ൽ അലോപ്പതി മരുന്ന് അടങ്ങിയിട്ടില്ല, ലാബ് പരിശോധനയിൽ സ്ഥിരീകരണം

ആരോഗ്യഗുണങ്ങളുള്ള ചക്ക പൊടി ബ്രാൻഡായ ജാക്ക്ഫ്രൂട്ട് 365ൽ (Jackfruit365) അലോപ്പതി മരുന്ന് അടങ്ങിയിട്ടില്ല എന്ന് പരിശോധനാഫലം. തിരുവനന്തപുരത്തെ സർക്കാർ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിൽ അനലിസ്റ്റായി ജോലി ചെയ്യുന്ന കൃഷ്ണകുമാർ ടിഎസ് പരിശോധനാ ഫലം തങ്ങളോട് പങ്കുവച്ചതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.

ജാക്ക്ഫ്രൂട്ട് 365ൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഉപയോഗിക്കുന്ന മെറ്റ്ഫോർമിൻ (metformin) അടങ്ങിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു ലാബ് റിപ്പോർട്ട് നേരത്തെ വാട്ട്‌സ്ആപ്പിൽ പ്രചരിച്ചിരുന്നു.

ജാക്ക്ഫ്രൂട്ട് 365 വിപണനം ചെയ്യുന്ന ചക്ക മാവ് പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ന്യൂട്രാസ്യൂട്ടിക്കലായാണ് വിൽക്കുന്നത്.

നിർവചനം അനുസരിച്ച്, ഒരു ന്യൂട്രാസ്യൂട്ടിക്കലിൽ(ആരോഗ്യഗുണങ്ങളുള്ള ഭക്ഷണം) അലോപ്പതി മരുന്ന് അടങ്ങിയിട്ടുണ്ടാവരുത്. ന്യൂട്രാസ്യൂട്ടിക്കലുകൾ വിപണനം ചെയ്യുവാനുള്ള അനുമതി ലഭിക്കുക എന്നത് സാധാരണ മരുന്നുകൾക്ക് വിപണന അംഗീകാര ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കാൾ കർശനമാണ്.

എന്നാൽ ഈ മാവിന്റെ ഒരു സാമ്പിളിൽ മെറ്റ്ഫോർമിൻ അടങ്ങിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട്, വാട്ട്‌സ്ആപ്പിലെ ഡോക്ടർമാരുടെ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഒക്‌ടോബർ 11 എന്ന തിയതിയിലുള്ള റിപ്പോർട്ടിന്റെ ചിത്രത്തിൽ ലാബ് പരിശോധനയ്ക്ക് മാവ് നൽകിയ ആളുടെ പേര് മറച്ചുവച്ചിട്ടുള്ളതിനാൽ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

റിപ്പോർട്ടിന്റെ ചിത്രം വ്യാജമല്ലെന്നും ഈ വ്യക്തി അയച്ച സാമ്പിളിൽ മെറ്റ്ഫോർമിൻ പോസിറ്റീവ് ആണെന്നും കൃഷ്ണകുമാർ നേരത്തെ ദി പ്രിന്റ്-നോട് സ്ഥിരീകരിച്ചിരുന്നു.

എന്നാൽ, എങ്ങനെയാണ് സാമ്പിൾ ശേഖരിച്ചതെന്നും ലാബിലേക്ക് അയക്കുന്നതിന് മുമ്പ് അതിൽ മെറ്റ്ഫോർമിൻ കലർത്തിയിരിക്കാൻ സാധ്യത ഉണ്ടോ എന്നെല്ലാം കണ്ടെത്താൻ ഒരു മാർഗവുമില്ലെന്നും അതിനാൽ തന്നെ റിപ്പോർട്ടിന് നിയമപരമായ സാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലാബ് പിന്നീട് കൃത്യമായ നടപടിക്രമം അനുസരിച്ച് ഒരു പരിശോധന നടത്തുകയും ഈ പരിശോധനയിൽ ജാക്ക്ഫ്രൂട്ട് 365ൽ മെറ്റ്ഫോർമിൻ അടങ്ങിയിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു .

ജാക്ക്ഫ്രൂട്ട് 365ൽ ചക്ക മാവ് മാത്രമേ അടങ്ങിയിട്ടുള്ളൂ എന്ന് ഉൽപ്പന്നത്തിന്റെ സ്ഥാപകൻ ജെയിംസ് ജോസഫ് കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയ പോർട്ടലായ ലിങ്ക്ഡ്ഇനിൽ വ്യക്തമാക്കിയിരുന്നു.

“ജാക്ക്ഫ്രൂട്ട് 365ന്റെ പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്നത് പോലെ അതിൽ പച്ച ചക്ക മാവ് മാത്രമേ അടങ്ങിയിട്ടുള്ളു, ഇത് 100% പഴുക്കാത്ത പച്ച ചക്കയിൽ നിന്ന് ഉണ്ടാക്കുന്നതാണ്, അഡിറ്റീവ്സൊ ഫ്ലെവേഴ്‌സോ ഒന്നും ചേർത്തിട്ടില്ല. മറ്റേതെങ്കിലും അവകാശവാദങ്ങൾ തെറ്റും അശാസ്ത്രീയവുമാണ്. ജാക്ക്ഫ്രൂട്ട് 365 രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു,” ജെയിംസ് ജോസഫ് പോസ്റ്റിൽ പറയുന്നു.

കേരളം ആസ്ഥാനമായുള്ള ഗോഡ്‌സ് ഓൺ ഫുഡ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ ഉള്ള ഒരു സംരംഭമാണ് ജാക്ക്ഫ്രൂട്ട് 365. ജാക്ക്ഫ്രൂട്ട് 365നെ ക്കുറിച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ ആയിരക്കണക്കിന് നല്ല റിവ്യൂസ് ആണ് വരുന്നത്, വിശാലമായ ഉപഭോക്തൃ അടിത്തറ ജാക്ക്ഫ്രൂട്ട് 365ന് ഉണ്ടെന്ന് ഇത് തെളിയിക്കുന്നു.