വെടിമരുന്നുശാലയും ചവറ്റുകൊട്ടയുമാകുന്ന ഭൂമി. ഇന്ന് ഭൗമദിനം 

സാലിഹ് റാവുത്തർ 

ആഗോള അതിജീവനത്തിനു ഭീഷണിയായി ഒരു മഹാമാരിയുടെ പെയ്ത്തിനിടയിൽ ഒരു ഭൗമദിനം കൂടി വന്നുചേർന്നിരിക്കുന്നു. 1969-ൽ സാൻഫ്രാൻസിസ്‌കോയിൽ ചേർന്ന യുനെസ്‌കോ കോൺഫറൻസിലാണ് ആ സീസണിൽ വസന്തത്തിന്റെ ആദ്യദിനമായ  1970 ഏപ്രിൽ 22 ആദ്യ ഭൗമദിനമായി ആചരിച്ചത്.

നാലര ബില്യൺ കൊല്ലം പ്രായമുള്ള നമ്മുടെ ഭൂമി നിരവധി ഭൗതിക പരിണാമങ്ങൾക്കു ശേഷമാണ് ഇന്നത്തെ സ്ഥിതിയിലെത്തിയത്. കത്തിയുരുകുന്ന കനലായും മഞ്ഞുകട്ടയ്ക്കുള്ളിലെ മണ്ണുരുളയായും പല അവതാരങ്ങൾക്കു ശേഷമാണത് ജീവന്റെ ഉത്പത്തിക്ക് നിലമൊരുക്കിയത്. 3.5 ബില്യൺ കൊല്ലങ്ങൾക്കു മുമ്പ് ആദ്യജീവകണത്തിന്റെ നാമ്പ് തിരിച്ചറിഞ്ഞ  ശാസ്ത്രജ്ഞന്മാർ മനുഷ്യപൂർവ്വികന്റെ സാന്നിദ്ധ്യം എഴുപതുലക്ഷം കൊല്ലങ്ങൾക്കു മുമ്പാണെന്നാണ്  കണ്ടെത്തിയിട്ടുള്ളത്. അതിനും മുമ്പേ സൂക്ഷ്മജീവികളിൽ നിന്നും പരിണമിച്ച് ദിനോസാറുകൾ വരെയുള്ള ഭീമൻ ജീവികളും, 800 മില്യൺ കൊല്ലങ്ങൾക്കു മുമ്പെന്നു  കണ്ടെത്തിയിട്ടുള്ള മെസോ സ്റ്റിഗ്മ വിറയ്ഡ് എന്ന ആൽഗ മുതൽ  യുഗങ്ങൾക്കു ശേഷം രൂപം കൊണ്ട സൂക്ഷ്മസസ്യമായ ഇന്നത്തെ വാട്ടർ മീൽ മുതൽ ഭീമൻ സസ്യമായ സെക്കോയ വരെ ആ ശ്രേണി നീളുന്നു.

സസ്യ- ജന്തുജാലങ്ങൾ തീർത്ത ഒരു ആവാസവ്യവസ്ഥയുടെ സമതുലനത്തിലാണ് ഭൂമിയിലെ ജീവൻ നിലനിന്നു പോകുന്നത്. പ്രകൃതിക്ക് ദോഷം വരുത്തിവെയ്ക്കുന്ന ഒരേയൊരു ജീവി മനുഷ്യനാണ് എന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവുമില്ല. ജീവസന്ധാരണത്തിന് ആവശ്യമായ വിഭവങ്ങൾ തേടലും വികസനവുമെല്ലാം തീർച്ചയായതും ആവശ്യമാണ്. എന്നാൽ അതിന്റെ പരിധി വിട്ടും പ്രകൃതിയെ ഹനിക്കുന്നതിന്റെ പിന്നിലുള്ള കാരണം മനുഷ്യൻ തന്നെ സമൂഹത്തിലുണ്ടാക്കിയെടുത്ത സന്തുലനമില്ലായ്മയാണ്. ഭൂമിയുടെ പ്രശ്നം സാമ്പത്തിക- സാമൂഹിക പ്രശ്നങ്ങളുമായി  ചേർന്നാണ് കിടക്കുന്നത്.

വെട്ടിപ്പിടിക്കണം എന്ന ആഗ്രഹമാണ് വ്യക്തി മുതൽ രാജ്യംവരെ നീളുന്ന ചിന്ത. ഏവരും ഉള്ളതു കൊണ്ട് ജീവിച്ചു കൊള്ളണം എന്ന ചിന്ത ഒരിക്കലും പുരോഗമനപരമല്ല പക്ഷെ പരിസ്ഥിതിയെ മലിനപ്പെടുത്തുകയും ഭൗമോരസ്സിൽ മുറിവുകൾ വീഴ്ത്തുകയും ചെയ്യുന്ന അനാരോഗ്യകരമായ മാത്സര്യം ഭാവിയിൽ ഒരു പരിപൂർണ ശൂന്യതയിലേക്ക് നയിക്കാൻ പ്രാപ്തമാണ്.

ഭൗമദിനത്തിൽ എന്തിനാണ് സാമ്പത്തിക- സാമൂഹ്യവിഷയങ്ങൾ കടന്നുവരുന്നത് എന്നുചോദിച്ചാൽ അതിനുത്തരം എല്ലാത്തരം ചൂഷണങ്ങൾക്കുമുള്ള അടിസ്ഥാനം തുല്യതയില്ലായ്മയും അതുമൂലം നിലനിർത്തേണ്ടി വരുന്ന അനാരോഗ്യകരമായ മാത്സര്യവും ഭയവുമെല്ലാമാണ്  എന്നതാണ്. ലോകരാഷ്ട്രങ്ങളുടെ കാര്യം തന്നെയെടുക്കാം. സ്ഫോടകവസ്തുക്കളുടെ കണ്ടെത്തലോടെയാണ് യുദ്ധങ്ങൾ മനുഷ്യരെ മാത്രമല്ല പ്രകൃതിയെയും കൊല്ലുന്ന ഒന്നായി മാറിയത്. രണ്ടുലോകയുദ്ധങ്ങൾ അതിന്റെ ഭീഷണാവസ്ഥ കാട്ടിത്തന്നിരിക്കുന്നു. ശീതയുദ്ധകാലത്ത് പരസ്പരം ഭയക്കുന്ന വൻശക്തികളായ അമേരിക്കൻ ഐക്യനാടുകളും സോവിയറ്റ് യൂണിയനും ലോകത്ത് പലയിടത്തും നിറച്ചുവെച്ച വിനാശകാരികളായ ആയുധങ്ങൾ എത്രയുണ്ടെന്ന് അവർക്കു തന്നെ അറിയില്ല. ലോകരാഷ്ട്രീയം പലവട്ടം മാറിമറിഞ്ഞിട്ടും ഇന്നും മറ്റൊരു രൂപത്തിൽ ശത്രുത തുടരുകയാണ്.

സ്വാഭാവികമായിത്തന്നെ ഭൂമിയിലുണ്ടാകുന്ന  കാലാവസ്ഥാമാറ്റങ്ങൾ ജീവജാലങ്ങളെ ബാധിക്കുന്നുണ്ട്. അതൊന്നും ആർക്കും തടയാൻ കഴിയില്ല. ഇത്രയും കാലം ജീവൻ നിലനിന്നത് എങ്ങനെയോ അപ്രകാരമുള്ള മ്യൂട്ടേഷനിലൂടെ ജീവൻ നിലനിൽക്കുക തന്നെ ചെയ്യും. പക്ഷെ മനുഷ്യനായി വരുത്തിവെയ്ക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളാണ് അതിലും ഗുരുതരം.

പ്ലാസ്റ്റിക്ക് യുഗം ആരംഭിച്ചപ്പോൾ ലോകം മുഴുവനും ഒരാഘോഷം തന്നെയായിരുന്നു എന്നുപറയാം. ഏതുരൂപത്തിലും മാറ്റിയെടുക്കാവുന്ന ഒരു വസ്തു കണ്ടെത്തിയിരിക്കുന്നു എന്നത് വലിയൊരു പുരോഗമനം തന്നെയായിരുന്നു. എന്നാൽ ഇന്ന് അതിന്റെ തുലനമില്ലാത്ത ഉപയോഗം ജീവന് ഏറ്റവും വലിയ ഭീഷണിയായി മാറിക്കഴിഞ്ഞു. ഓർമ്മിക്കുക, ഓരോ കൊല്ലവും 275 മില്യൺ പ്ലാസ്റ്റിക്ക് മാലിന്യമാണ് ലോകത്ത് കുമിഞ്ഞു കൂടുന്നത്. അതിൽ വെറും 14% മാത്രമാണ് റീസൈക്കിൾ ചെയ്യപ്പെടുന്നത്. 12% കത്തിച്ചു കളയുന്നു. അതിന്റെ പുക അന്തരീക്ഷത്തിൽ നിറയുന്നു. 79% പ്രകൃതിയിൽ മണ്ണിൽ പുതഞ്ഞും കുമിഞ്ഞു കൂടിയും കിടക്കുന്നു. ചെറുജീവികൾ മുതൽ സസ്യങ്ങൾ, മനുഷ്യർ, മത്സ്യങ്ങൾ, ഉരഗങ്ങൾ, ഉഭയജീവികൾ എല്ലാവർക്കും രോഗങ്ങൾ സമ്മാനിക്കുന്നു. പൊതുവർഷം 2060 -ഓടെ പൂർണ പുരുഷവന്ധ്യത എന്നൊരു ഭയവും പല രാജ്യങ്ങളെയും ചൂഴ്ന്നു നിൽക്കുന്നുണ്ട്. ( https://www.southlive.in/newsroom/male-impotency-chemicals/  ) ആമകൾ മുതൽ തിമിംഗലങ്ങൾ വരെ 267 ഇനം കടൽ ജീവികളെ പ്ലാസ്റ്റിക്ക് അപകടപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.  പ്രതിവർഷം ലക്ഷക്കണക്കിനാണത്. കടലുകൾ ‘വിഷംനിറഞ്ഞ പ്ലാസ്റ്റിക് സൂപ്പുകളായി കൊണ്ടിരിക്കുന്നു ‘  എന്നാണ്  ഭൗമശാസ്ത്രകാരന്മാർ പറയുന്നത്.

കരയിലെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. ലക്ഷക്കണക്കിന് മൃഗങ്ങളാണ് പ്രതിവർഷം പ്ലാസ്റ്റിക്ക് മാലിന്യം മൂലം മൃതിയടയുന്നത്. ഭക്ഷണത്തിനു വേണ്ടി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്ന നിരവധി മൃഗങ്ങൾ ഭൂമിയിലുണ്ട്. ആ ഭക്ഷണം തേടൽ അവയുടെ സ്വാഭാവികമായ ജീവിതചര്യയാണ്. വഴിമധ്യേ കണ്ടുകിട്ടുന്ന പ്ലാസ്റ്റിക്ക് ഭക്ഷണമാണെന്നു കരുതി കഴിച്ചതിനു ശേഷം ജീവഹാനി സംഭവിക്കുന്ന മൃഗങ്ങളുടെ എണ്ണം വളരെ വലുതാണ്.

മനുഷ്യകുലം ഇല്ലാതായാൽ ഈ ഭൂമിക്കൊന്നുമില്ല. അത് ഭ്രമണം തുടരുകയും വീണ്ടും പരിണമിച്ച് മറ്റവസ്ഥകളിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയും ചെയ്യും . ഏതോ ഒരു കാലത്ത് ഭൂമിലോകം വിട്ട് മറ്റു ലോകങ്ങളിലേക്ക് മനുഷ്യന്  കുടിയേറണമെങ്കിലും നമ്മുടെ അനന്തര തലമുറ നിലനിൽക്കണം.  ഇവിടെനിന്നും വാഹനം പുറപ്പെടാൻ ഒരു ഭൂമിയും  വേണം.

പ്ലാസ്റ്റിക്ക് മാലിന്യത്തിനു പുറമെ  അമിതമായ പ്രകൃതിചൂഷണം, ധാതു – ഊർജ്ജ ഖനികൾ,  മാനദണ്ഡങ്ങൾ പാലിക്കാത്ത വ്യവസായശാലകൾ, യുദ്ധം, അമിതോപഭോഗം ഇങ്ങനെ നിരവധിയാണ് സ്വന്തം ഭൂമിക്കെതിരെ മനുഷ്യർ തിരിച്ചുവെച്ചിരിക്കുന്ന ആയുധങ്ങൾ. ഭൗമനിലനിൽപ്പിനായി  നിരവധി സന്നദ്ധ സംഘടനകൾ ലോകത്തുണ്ട്.  പക്ഷെ ബോംബും മിസൈലും നിർമ്മിക്കാൻ സിംഹഭാഗവും നീക്കിവെച്ചിരിക്കുന്ന ബജറ്റിൽ ഭൂമിയെ  സംരക്ഷിക്കാനുള്ള ഫണ്ട് ഒരു രാജ്യത്തിന്റെയും കൈയിലില്ല ! ഇനി എല്ലാം വരുംതലമുറ തീരുമാനിക്കട്ടെ.