സജി പറഞ്ഞത് ഭരണഘടനാവിരുദ്ധമല്ല; പാര്‍ട്ടി വിരുദ്ധമാണ്

ധാര്‍മികതയുടെ പേരിലായിരുന്നു ആറു മാസം മുമ്പ് മന്ത്രിസഭയില്‍ നിന്ന്  താന്‍ ഒഴിവായെതെന്ന് മന്ത്രിസഭയിലേക്കുള്ള പുനഃപ്രവേശത്തിന് തയാറെടുക്കുന്ന സജി ചെറിയാന്‍ പറയുന്നു. രാജിക്ക് നിര്‍ബന്ധിതനാകുംവിധം എന്തെങ്കിലും അധമവൃത്തി ജനപ്രിയനായ സജി ചെയ്തതായി അറിവില്ല. ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മന്ത്രി രാജിവയ്ക്കുന്ന രീതി ഇന്ത്യയില്‍ കൊണ്ടുവന്നത് ലാല്‍ ബഹാദൂര്‍ ശാസ്ത്രിയായിരുന്നു. മന്ത്രി ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതായ അപകടമൊന്നും സജി കൈകാര്യം ചെയ്ത വകുപ്പുകളില്‍ സംഭവിച്ചില്ല. എന്തെങ്കിലും ധര്‍മച്യുതി സജി സ്വയം കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ആറു മാസം പുറത്തു നിന്നാല്‍ അത് പരിഹൃതമാകുമോ?
മല്ലപ്പള്ളിയിലെ പ്രസംഗത്തിലെ വിവാദത്തിനു കാരണമായ പരാമര്‍ശങ്ങളുടെ പേരിലാണ് സജി ചെറിയാന്‍ രാജിവച്ചതെങ്കില്‍ ആ രാജി  ഒഴിവാക്കേണ്ടതായിരുന്നു. വാക്കുകള്‍ പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ അഹിതകരമാകുമ്പോഴാണ് മന്ത്രിയുടെ രാജി ഉണ്ടാകുന്നത്. സജി പറഞ്ഞത് അവിവേകമായി  എന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കോടതിയുടെ ഇല്ലാത്ത പരാമര്‍ശം ഉണ്ടെന്ന്  വരുത്തിത്തീര്‍ത്ത് രാജി വയ്‌ക്കേണ്ടിവന്നത് മുഖ്യമന്ത്രി അതാവശ്യപ്പെട്ടതുകൊണ്ടാണെ് അദ്ദേഹംതന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്ക് താത്പര്യമുള്ളിടത്തോളം കാലമാണ് ഒരാള്‍ക്ക് മന്ത്രിയായിരിക്കാന്‍ കഴിയുന്നത്. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും അനഭിമതനായിട്ടില്ലെങ്കില്‍ പ്രതിപക്ഷത്തിന്റെ വാചാടോപത്തിനു സജി വഴങ്ങാന്‍ പാടില്ലായിരുന്നു.
മന്ത്രിയെന്ന നിലയില്‍ കാര്യക്ഷമത തെളിയിച്ചിട്ടുള്ള സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ സമരത്തിനിറങ്ങിയപ്പോള്‍ ഫിഷറീസ് മന്ത്രി സജി ആയിരുന്നെങ്കെില്‍  എന്ന്  കേരളം ആശിച്ച സന്ദര്‍ഭങ്ങളുണ്ടായി. വീണ്ടും മന്ത്രിയാകുമ്പോള്‍ വാക്കുകളില്‍ മിതത്വവും അഭിപ്രായങ്ങളില്‍ സംയമനവും ശൈലീവല്ലഭനായ സജി പ്രകടിപ്പിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഇതിനകം പ്രസിദ്ധിയാര്‍ജിച്ച കുന്തവും കുടച്ചക്രവും പ്രയോഗം ഓണാട്ടുകരക്കാരനെന്ന നിലയില്‍ തന്റെ നാവിന്‍തുമ്പത്ത് വന്നുപോയതാണെ് സജി വിശദീകരിച്ചു. ഓണാട്ടുകരയിലെ മണ്ണില്‍ എഴുത്തു തുടങ്ങുകയും അവിടത്തെ ഭാഷ കേട്ടു വളരുകയും ചെയ്തിട്ടുള്ള ഞാന്‍ അതിനോടു യോജിക്കുന്നില്ല. ഭരണഘടനയെ മാത്രമല്ല ഗുപ്തന്‍ നായര്‍ ഉള്‍പ്പെടെയുള്ള ഓണാട്ടുകരക്കാരെയും സജി ആക്ഷേപിച്ചു.
ഭരണഘടനയെക്കുറിച്ച് സജി പറഞ്ഞത് ഭരണഘടന പൊറുക്കും. മര്യാദകള്‍ക്കും നിയമപരമായ നിയന്ത്രണങ്ങള്‍ക്കും വിധേയമായി ആര്‍ക്കും എന്തും പറയുന്നതിനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കിയിട്ടുണ്ട്. മൗലികമായ അവകാശവും സ്വാതന്ത്ര്യവുമാണത്. വാക്കുകള്‍ നടപടിക്ക് വിധേയമാകരുത്. അപകീര്‍ത്തിക്കേസുകളില്‍ ഞാന്‍ പ്രതിയായിട്ടുള്ളതല്ലാതെ ഞാന്‍ ആര്‍ക്കെതിരെയും അപകീര്‍ത്തിക്കേസ് കൊടുത്തിട്ടില്ല. കെ എം ഷാജിക്കെതിരെ പി ജയരാജനുവേണ്ടി കോടതിയില്‍ ഹാജരായത് വേണമെങ്കില്‍ അപവാദമായി പറയാം. ഭരണഘടനയെ ഇകഴ്ത്തിക്കൊണ്ട് സജി പറഞ്ഞത് വസ്തുതാപരമായി തെറ്റാണെങ്കിലും അങ്ങനെ പറയുതിനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. രോഗം എതുപോലെ അജ്ഞതയും കുറ്റമല്ല. രണ്ടിനും പരിഹാരമുണ്ട്. വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോഴാണ് ഭേദഗതികള്‍ ഉണ്ടാകുന്നത്. മെച്ചപ്പെടുത്തുന്നതിനും ചീത്തയാക്കുന്നതിനും ഭേദഗതികള്‍ ഉപയോഗിക്കാറുണ്ട്.
ഭരണഘടനയോട് വിശ്വസ്തതയും കൂറും പുലര്‍ത്താമെന്നാണ് മന്ത്രിയായി നിയമിതനാകുന്ന ആള്‍ നടത്തുന്ന ശപഥം. ഭരണഘടനയെ സംബന്ധിക്കുന്ന അഭിപ്രായപ്രകടനത്തിന് ഈ ശപഥം തടസമല്ല. ഭരണഘടനയെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യുകയെന്നത് ഓരോ പൗരന്റെയും മൗലിക കര്‍ത്തവ്യമാണ്. വിമര്‍ശത്തിന് അവിടെയും വിലക്കില്ല. സജി ചെറിയാന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഭരണഘടനാവിരുദ്ധമാണെങ്കില്‍ അതേ ഭരണഘടനാവിരുദ്ധത പരസ്യമായി പ്രകടിപ്പിക്കുകയും അതിനനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുവരാണ് ഇന്ന്  രാജ്യം ഭരിക്കുന്നത്. ഹിന്ദുരാഷ്ട്രത്തിനുവേണ്ടിയുള്ള ഹിന്ദുത്വഭരണഘടനയുടെ കരട് അവര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വൈദേശികമായ മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭരണഘടനയ്ക്കു പകരം മനുസ്മൃതിയിലും അത്രി സംഹിതയിലുമുള്ള ഭരണഘടനയാണ് നമുക്ക് അഭികാമ്യമെന്ന് ഹൈക്കോടതിയിലെ ജഡ്ജിതന്നെ അഭിഭാഷക പരിഷത്തിന്റെ യോഗത്തില്‍ അഭിപ്രായപ്പെടുന്നതു കേട്ടു.
ഭരണഘടനയോട് വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്ന് പ്രതിജ്ഞയെടുത്ത ജഡ്ജി ചാതുര്‍വര്‍ണ്യത്തിലേക്കുള്ള തിരിച്ചുപോക്ക് നിര്‍ദേശിക്കുത് ഭരണഘടനാവിരുദ്ധമല്ലേ? ചാതുര്‍വര്‍ണ്യത്തില്‍ തൊട്ടുകൂടായ്മയുണ്ട്. ശിക്ഷാര്‍ഹമായ കുറ്റമായി ഭരണഘടന കാണുന്ന പ്രവൃത്തിയാണ് തൊട്ടുകൂടായ്മ. എന്നിട്ടും  മനുവാദമുയര്‍ത്തിയ ജഡ്ജിക്ക് ഉണ്ടാകാത്ത അവശതയും അയോഗ്യതയും വസ്തുതാപരമായി ശരിയല്ലാത്തതും അനുചിതം എന്നു മാത്രം വിശേഷിപ്പിക്കാവുന്നതുമായ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ മന്ത്രിക്ക് ഉണ്ടായിക്കൂടാ. ഭരണഘടനയുടെ പേരില്‍ സജിയെ ക്രൂശിക്കാന്‍ ഇരുമ്പാണികള്‍ തെരയുന്ന സതീശനും സുധാകരനും അടിയന്തരാവസ്ഥയില്‍ ഭരണഘടനയുടെ ഓജസും തേജസും ഊറ്റിയ ഇന്ദിര ഗാന്ധിയെ ഓര്‍ക്കുത് നല്ലതാണ്.
സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാവിരുദ്ധമല്ല. പൊലീസുകാര്‍ കണ്ടെത്തിയ നിഗമനത്തിന്റെ അടിസ്ഥാനത്തിലല്ല, ഭരണഘടന വായിച്ചു മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഞാനിത് പറയുത്. അതേസമയം സജി ചെറിയാന്‍ പറഞ്ഞത് പാര്‍ട്ടി വിരുദ്ധമാണ്. ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ സിപിഐ(എം) കാവലും കരുതലുമെന്ന നിലയില്‍ സംരക്ഷണകവചം തീര്‍ക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ ആ പാര്‍ട്ടിയുടെ സമുന്നതനായ നേതാവില്‍ നിന്ന്  ഇത്തരത്തിലുള്ള വാക്കുകള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു. പാര്‍ട്ടി സംഘടിപ്പിക്കുന്ന സംരക്ഷണസദസുകളില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോള്‍ സജി ചെറിയാനോട് വിയോജിക്കേണ്ടിവരുന്നത് അത്ര സന്തോഷകരമായ കാര്യമല്ല.