മേയ് 3: ലോക പത്രസ്വാതന്ത്ര്യ ദിനം

യുനെസ്‌കൊയുടെ ശിപാര്‍ശ അനുസരിച്ച് മേയ് 3 ലോക പത്രസ്വാതന്ത്ര്യദിനമായി ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ചതിന്റെ മുപ്പതാം വര്‍ഷമാണ് 2023. മറ്റെല്ലാ മനുഷ്യാവകാശങ്ങള്‍ക്കും ആധാരമായി വര്‍ത്തിക്കുന്നതാണ് ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന് ദിനാചരണം പ്രമാണിച്ച് നല്‍കിയ സന്ദേശത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ പറയുന്നു. ഗവണ്‍മെന്റും പത്രവും എന്നിങ്ങനെ പരിമിതമാക്കപ്പെട്ട ഓപ്ഷനില്‍നിന്ന് ഒന്ന് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ തന്റെ നില പത്രങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് തോമസ് ജഫേഴ്‌സന്‍ പറഞ്ഞതിന്റെ മാറ്റൊലി ഗുട്ടറസിന്റെ വാക്കുകളിലുണ്ട്.

പുരാതന ഗ്രീസില്‍ 2,500 വര്‍ഷം മുമ്പ് ഉരുത്തിരിഞ്ഞ ആശയമാണ് ആവിഷ്‌കാരത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം. ആതന്‍സ് പ്രഭാഷകരുടെ നഗരമായിരുന്നു. അവര്‍ സംസാരിക്കുകയും മറ്റുള്ളവര്‍ സംസാരിക്കുന്നത് കേള്‍ക്കുകയും ചെയ്തു. ആ അന്തരീക്ഷത്തില്‍ ജനാധിപത്യത്തിന്റെ ആവിര്‍ഭാവം സ്വാഭാവികമായിരുന്നു. ആതന്‍സിലെ ജനാധിപത്യം മാത്രമല്ല പശ്ചിമ നാഗരികതയാകെ ആതന്‍സിലെ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തോട് കടപ്പെട്ടിരിക്കുന്നു. ജനസംഖ്യയില്‍ ചൈനയെ മറികടക്കുന്നതോടെ ഇന്ത്യ എല്ലാ അര്‍ത്ഥത്തിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാകും. ജനസംഖ്യയിലെ പുരോഗതി ജനാധിപത്യത്തിലെ അധോഗതിയാകുന്നു. അപരനോടുള്ള അസഹിഷ്ണുത അവന്റെ അഭിപ്രായത്തോടുള്ള അസഹിഷ്ണുതയാകുന്നു.

ഭരണകൂടത്തോടും ഭൂരിപക്ഷത്തോടും വിയോജിക്കുന്നതിനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ കാതല്‍ എന്ന് മീഡിയ വണ്‍ കേസില്‍ സുപ്രീം കോടതി ആവര്‍ത്തിച്ച് പറഞ്ഞിട്ടും ആര്‍ക്കും ഒന്നും മനസിലാകുന്നില്ല. അതുകൊണ്ട് സൈ്വരക്കേടുണ്ടാക്കിയ ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത ബിബിസി ഓഫീസ് അവര്‍ റെയ്ഡ് ചെയ്യുന്നു. താരതമ്യേന ദുര്‍ബലരായ നാടന്‍ ചാനലുകള്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ബിബിസി എന്ന പ്രബലമാധ്യമത്തോട് അവര്‍ ചില കാര്യങ്ങള്‍ ചെയ്തത്. സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്നത് ഭരണകൂടം മാത്രമല്ല. കേരള സ്‌റ്റോറിയും കക്കുകളിയും നിരോധിക്കണമെന്നാവശ്യപ്പെടുന്ന സമൂഹം ഭരണകൂടത്തിന്റെ സ്വാതന്ത്ര്യനിഷേധങ്ങള്‍ക്ക് കളമൊരുക്കുന്നു.

അഭിപ്രായം അസ്വീകാര്യമാണെങ്കിലും അത് പ്രകടിപ്പിക്കുന്നതിനുള്ള അപരന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മരിക്കാന്‍ തയാറാണെന്ന്‌ വോള്‍ട്ടയര്‍ പറഞ്ഞതില്‍ വലിയ സത്യമുണ്ട്. വ്യാജവാര്‍ത്തയും വിദ്വേഷഭാഷണവും ഉള്‍പ്പെടെ പിഴുത് തീയിലെറിയേണ്ട കളകള്‍ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്റെ വളക്കൂറുള്ള മണ്ണില്‍ മുളച്ചുപൊന്തും. സ്വാതന്ത്ര്യനിഷേധത്തിന് അത് മതിയായ കാരണമല്ല. കളകള്‍ സൂക്ഷ്മതയോ
ടെ പിഴുതെടുക്കാനുള്ളതാണ്. ലോകവ്യാപകമായി പത്രങ്ങള്‍ ഭീഷണി നേരിടുന്ന കാലമാണിത്. പത്രങ്ങളുടെ ആരംഭം മുതല്‍ അത് അങ്ങനെയായിരുന്നു. ഇന്ത്യയില്‍ ആദ്യമായി പത്രത്തെക്കുറിച്ച് ആലോചിച്ച വില്യം ബോള്‍ട്ടും ആദ്യമായി പത്രമിറക്കിയ ജയിംസ് അഗസ്റ്റസ് ഹിക്കിയും നാടുകടത്തപ്പെട്ടവരാണ്. ആദ്യത്തെ പത്രം കണ്ടുകെട്ടപ്പെട്ടു. പ്രൊമെത്യൂസിന്റെ കാലം മുതല്‍ തുടരുന്ന കഥയാണത്.

ന്യൂനതകള്‍ എന്തെല്ലാം ആരോപിച്ചാലും ജനാധിപത്യത്തില്‍ പത്രങ്ങള്‍ അനിവാര്യവും അത്യന്താപേക്ഷിതവുമാണ്. ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ പ്രാപ്തമാകുവോളം പത്രങ്ങള്‍ സ്വതന്ത്രമായിരിക്കണം. ഒരു രാജ്യത്തിന്റെ ജനാധിപത്യസ്വഭാവം അവിടത്തെ
പത്രങ്ങള്‍ കണ്ടാലറിയാം. പ്രതിഷേധവും പ്രതികരണവും ഒരു രാജ്യത്തിന്റെയും പ്രതിച്ഛായയ്ക്ക് ഹാനികരമാകുന്നില്ല. വിമര്‍ശം രാജദ്രോഹമായേക്കാം; പക്ഷേ അത് രാജ്യദ്രോഹമാകുന്നില്ല. നാഥാന്‍ പ്രവാചകനെപ്പോലെ രാജാധികാരത്തിനുനേരേ വിരല്‍ ചൂണ്ടുന്ന ദൗത്യമാണ് മാധ്യമങ്ങളുടേത്. രാജാവിന്റെ നഗ്നത കണ്ടാല്‍ വിളിച്ചു പറയുന്ന നിര്‍ദോഷികളാണവര്‍. ആ ബാലനൈര്‍മല്യം മാധ്യമപ്രവര്‍ത്തനത്തിന്റെ വിശുദ്ധിയായിരിക്കണം. ഈ സനാതനസത്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് മേയ് 3.

ലോകമെങ്ങുമുള്ള ധീരരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ഈ അവസരം ഞങ്ങള്‍ ഉപയോഗിക്കുന്നു. വെണ്ണയുണ്ടെങ്കില്‍ നറുനെയ് വേറേ കരുതേണ്ടെന്ന് പറയുമ്പോലെ പത്രസ്വാതന്ത്ര്യമുണ്ടെങ്കില്‍ ആ ജനതയ്ക്ക് ഒരു സ്വാതന്ത്ര്യവും വേറിട്ട് നല്‍കേണ്ടതില്ല. അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തില്‍നിന്നാണ് പത്രസ്വാതന്ത്ര്യം ഉത്ഭവിക്കുന്നത്. മാധ്യമസ്വാതന്ത്ര്യം എന്ന് പൊതുവെ പറയപ്പെടുന്ന സ്വാതന്ത്ര്യവും അതുതന്നെ. അതുകൊണ്ടാണ് നമ്മുടെ ഭരണഘടനയില്‍ സംസാരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചുമാത്രം പറയുന്നത്.