ചുരുളി; പുറംമോടികള്‍ക്ക് അപ്പുറമുള്ള കാഴ്ച്ച

പിടിക്കാന്‍ ചെന്ന പെരുമാടനെ തന്നെ തലയിലെ കുട്ടയില്‍ ചുമന്നുകൊണ്ട് അവനെത്തന്നെ തേടി അന്തമില്ലാതെ കാടുകള്‍ തോറും ഇന്നും അലയുന്ന തിരുമേനി… നിഗൂഢമായ ഈ കഥ പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ലിജോ പ്രേക്ഷകരുമായി സംവദിക്കാനാരംഭിക്കുന്നത്. ഈ കഥ തന്നെയാണ് ചുരുളിയുടെ ആത്മാവായി മാറുന്നതും. ക്രിസ്റ്റഫര്‍ നോളന്‍ സിനിമയുടെ വ്യക്തമായ സ്വാധീനം ലിജോ ജോസിന്റെ ഈ ചിത്രത്തിലും കാണാന്‍ കഴിയും. ഫാന്റസിയും ടൈം ലൂപ്പുമൊക്കെ ഉള്‍പ്പെടുത്തി മലയാള സിനിമയില്‍ ഇന്നുവരെ ഉപയോഗിക്കാത്ത ഒരു ശൈലിയാണ് ചുരുളിയിലുള്ളത്. മലയാളത്തിലെ ക്രിസ്റ്റഫര്‍ നോളന്‍ സിനിമയെന്നാണ് ആദ്യപ്രദര്‍ശനത്തിന് ശേഷം ചുരുളിയ്ക്ക് ലഭിച്ച വിശേഷണം. സിനിമയില്‍ വരുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും സഞ്ചരിച്ച് പെരുമാടന്റെ വട്ടം ചുറ്റിക്കുന്ന കഥയിലേക്ക് തന്നെ ചുരുളി പ്രേക്ഷകരെ മടക്കി കൊണ്ടുപോകും.

ടൈം ലൂപ്പ് എന്ന അവസ്ഥ അതാണ്, ഒരിക്കല്‍ അതിലേക്ക് കയറിപ്പോയാല്‍ പിന്നെ അവിടെ നിന്നും മടക്കമുണ്ടാവില്ല, ഒരു വൃത്തം പോലെ അതിങ്ങനെ കറങ്ങിക്കൊണ്ടേയിരിക്കും. അങ്ങനെയൊരു അന്തമില്ലാത്ത വൃത്തത്തിലേയ്ക്ക് ഒരിക്കല്‍ക്കൂടി ആന്റണിയും ഷാജീവനും വന്നു കയറുന്നതോടെയാണ് ചുരുളി ആരംഭിക്കുന്നത്.

വിനോയ് തോമസിന്റെ ‘കളിഗെമനാറിലെ കുറ്റവാളികളിലെ കഥ പറഞ്ഞ വഴിയെ തന്നെയാണ് ലിജോയും സഞ്ചരിക്കുന്നത്. അതു തന്നെയാണ് ചുരുളിയുടെ രാഷ്ട്രീയവും. ഒരു പിടികിട്ടാപ്പുള്ളിയെ തിരഞ്ഞ് അതിദുര്‍ഘടമായ മലമ്പാതകളും കാട്ടുവഴികളും , പൊളിഞ്ഞു വീഴാറായ മരപ്പാലവും താണ്ടി കൊടും കാടിനുള്ളിലെ ചുരുളി എന്ന ഗ്രാമത്തിലെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ , ഇവര്‍ തന്നെയാണ് ഈ പെല്ലിശ്ശേരി ചിത്രത്തിലെ നായകകഥാപാത്രങ്ങള്‍. വനത്തിനുള്ളിലെ ഈ സാങ്കല്‍പ്പിക ഗ്രാമവും അവിടെയുള്ള മനുഷ്യരുമെല്ലാം മുഖം മൂടികള്‍ക്കപ്പുറമുള്ള അന്തസത്തയെയാണ് അനാവരണം ചെയ്യുന്നത്.

ഇവരുടെ വികാരങ്ങളെല്ലാം തന്നെ, സന്തോഷവും ദുഖവുമെല്ലാം തെറിയുടെ രൂപത്തിലാണ് പുറത്തുവരുന്നത്. എന്നാല്‍ പരിഷ്‌കൃത ലോകത്തിന്റെ പുറം മോടികളണിഞ്ഞെത്തുന്ന ഷാജീവനും ആന്റണിയ്ക്കും ആദ്യമൊന്നും അതിനോട് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെന്ന് കാണാം. എന്നാല്‍ പതിയെ അവരും സദാചാരവും നിയമവും മറന്ന് അത്തരമൊരു കൂട്ടത്തിന്റെ ഭാഗമായി തീരുന്നുണ്ട്. ഇതില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം ലിജോയുടെ ജെല്ലിക്കെട്ടിലെ അനിയന്ത്രിതമായി നീങ്ങുന്ന മൃഗീയ ചോദനകളുടെ ഒരു മിന്നലാട്ടം ചുരുളിയിലും കാണാന്‍ സാധിക്കുന്നുണ്ട് എന്നത്് തന്നെയാണ്. ചുരുളിയിലെ മനുഷ്യരിലും സദാചാരത്തിന്റെയോ നിയമത്തിന്റെയോ യാതൊരു കെട്ടുപാടുകളുമില്ല.

അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള റെഫറന്‍സുകള്‍ സിനിമയുടെ ആദ്യം തന്നെയുണ്ട്. ഇത്തരത്തിലുള്ള രണ്ടു കഥാപാത്രങ്ങളെ ഷാജീവന്‍ നേരിടുന്നുമുണ്ട്.

ചുരുളിയുടെ പശ്ചാത്തലമാകുന്ന കാടും ഒരുതരത്തില്‍ ഈ സിനിമയിലെ ഒരു കഥാപാത്രം തന്നെയാണ്. മനുഷ്യനിലെ ഏറ്റവും അടിസ്ഥാനമായ വന്യഭാവത്തിനും മൃഗീയ ചോദനകള്‍ക്കും കാട് മിഴിവ് നല്‍കുന്നുണ്ട്. ഇത്തരം ചോദനകളെക്കുറിച്ച് സംസാരിക്കുവാന്‍ തെറിഭാഷ തന്നെ ഉപയോഗിക്കേണ്ടതായി വരുമെന്നത് സ്വഭാവികം മാത്രം. സംസ്‌കാരത്തിന്റെ പുറമോടികളുള്ള ഭാഷാ പ്രയോഗങ്ങളായിരുന്നുവെങ്കില്‍ ഈ സിനിമ ആത്മാവില്ലാത്ത ശരീരം പോലെയാകുമായിരുന്നു.

ചിത്രത്തിലെ എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മികച്ച അഭിനയം തന്നെയാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. എന്നാലും എടുത്തു പറയേണ്ട ചിലര്‍ ഉണ്ടെന്നതാണ് വാസ്തവം. അതിലൊന്ന് ജാഫര്‍ ഇടുക്കിയാണ്. കള്ളുഷാപ്പ് മുതലാളി കറിയാച്ചനെ തികഞ്ഞ സൂക്ഷ്മതയോടെ തന്നെയാണ് ജാഫര്‍ കൈകാര്യം ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ ഒരു കയ്യടക്കമുള്ള പ്രകടനം നടത്തിയിരിക്കുന്നത് വിനയ് ഫോര്‍ട്ടാണ്. ഒരല്‍പ്പം കടന്നു പോയാല്‍ ചിലപ്പോള്‍ പ്രേക്ഷകരെ അലോസരപ്പെടുത്താനും സിനിമയുടെ ഒഴുക്കിനെ ബാധിക്കാനും സാധ്യതയുള്ള ഈ കഥാപാത്രങ്ങളെ വളരെ മികവോടെയാണ് ഇരുവരും അവതരിപ്പിച്ചത്.

ചെമ്പന്‍ വിനോദ് സ്വതസിദ്ധമായ ശൈലിയില്‍ തന്നെയാണ് ആന്റണി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയത്. ഗീതി സംഗീതയുടെ പ്രകടനവും എടുത്തുപറയേണ്ട ഒന്നാണ് രാത്രി പന്നിയെ വെടിവയ്ക്കാന്‍ പോകുന്ന ആന്റണി, നടു വെട്ടി ചികിത്സ തേടി പോകുന്നത് ഇവരുടെ അടുത്തേക്ക്. സിനിമയിലെ ശക്തമായ സാന്നിധ്യമാകുന്നുണ്ട് ഗീതി സംഗീതയുടെ കഥാപാത്രം. ഇവരുടെയൊക്കെ കഥാപാത്രങ്ങളുടെ ഇടയിലേക്കാണ് ജോജുവിന്റെയും സൗബിന്റെയും എന്‍ട്രി.

എസ് ഹരീഷ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ രംഗനാഥ് രവിയുടെ ശബ്ദാലങ്കാരവും, മധു നീലകണ്ഠന്റെ ഛായാഗ്രഹണ മികവും എല്ലാം ചേര്‍ന്ന് ചുരുളിയെ വ്യത്യസ്ത തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു.അവസാനം പെരുമാടനെ തലയില്‍ വെച്ച് കാട്ടിലെല്ലാം അവനെത്തന്നെ തിരഞ്ഞു നടന്ന തിരുമേനിയുടെ അനുഭവത്തിലാണ് ഈ സിനിമ പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത്. ചുരുക്കിപറഞ്ഞാല്‍ ഹൃദയം കൊണ്ടല്ല തലച്ചോറ് കൊണ്ട് കാണേണ്ട ചിത്രമാണ് ചുരുളി.