എസ്.എസ്.എല്‍.സി പരീക്ഷയില്‍ റെക്കോഡ് വിജയം; 41,906 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ എ പ്ലസ്

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 4,17,101 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 98.82 ശതമാനമാണ് ഈ വര്‍ഷത്തെ വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയം കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും 0.71 ശതമാനം വര്‍ദ്ധിച്ചു. 41,906 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (2,736). കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ നൂറുശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 37,334 വിദ്യാര്‍ത്ഥികള്‍ക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. 4,572 പേരുടെ വര്‍ദ്ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പ്രൈവറ്റായി പരീക്ഷയെഴുതിയ 1,770 വിദ്യാര്‍ത്ഥികളില്‍ 1,356 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത്. 76.61% ആണ് വിജയശതമാനം.

റവന്യൂ ജില്ലകളില്‍ ഏറ്റവുമധികം വിജയം നേടിയത് പത്തനംതിട്ടയാണ്, 99.71 ശതമാനം . കുറവ് വയനാടും. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. 1837 സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളാണ് സമ്പൂര്‍ണ വിജയം നേടിയത്. 637 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നൂറു ശതമാനം വിജയം.