ബ്രിക്സ് റാങ്കിങ് ; ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ കാലിക്കറ്റിന് ആറാം സ്ഥാനം

ബ്രിക്സില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ റാങ്കിങ്ങില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് ആറാം സ്ഥാനം. ഐഐടികളടക്കം, ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 18-ാം സ്ഥാനവുമുണ്ട് കാലിക്കറ്റിന്. കേരളത്തിലെ ഏറ്റവുമുയര്‍ന്ന റാങ്കും കാലിക്കറ്റിനാണ്.

ഇതോടെ ബ്രിക്‌സിലെ അഞ്ച് രാജ്യങ്ങളിലെയും മൊത്തം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയില്‍ കാലിക്കറ്റിന്റെ സ്ഥാനം 114 ആയി ഉയര്‍ന്നു. അധ്യാപക -വിദ്യാര്‍ത്ഥി അനുപാതം, അധ്യാപകരുടെ യോഗ്യത, അന്താരാഷ്ട്രതലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രാതിനിധ്യം,അക്കാദമിക് വൈദഗ്ധ്യം, തൊഴില്‍ ദാതാക്കള്‍ നല്‍കുന്ന മതിപ്പ്, ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍( വെബോമെട്രിക് റാങ്കിങ്ങ്) , പി.എച്ച്.ഡി യോഗ്യതയുള്ള അധ്യാപകരുടെ എണ്ണം,ഗവേഷക പ്രബന്ധങ്ങളുടെ എണ്ണം, ഗവേഷക മികവ്, എന്നീ ഘടകങ്ങള്‍ വിലയിരുത്തിയാണ് റാങ്ക് നിര്‍ണ്ണയിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ഐ.ഐ.ടി മുംബൈ, ഐ.ഐ.എസ്.സി ബെംഗളൂരു, ഐ.ഐ.ടി ഡല്‍ഹി,ഐ.ഐ.ടി ചെന്നൈ,ഐ.ഐ.ടി കാണ്‍പൂര്‍, ഐ.ഐ.ടി ഖരക്പൂര്‍, ഡല്‍ഹി സര്‍വ്വകലാശാല, ഐ.ഐ.ടി ഗുവാഹട്ടി, കൊല്‍ക്കത്ത സര്‍വ്വകലാശാല, മുംബൈ സര്‍വ്വകലാശാല, ജാദവ്പൂര്‍ സര്‍വ്വകലാശാല, അണ്ണാ സര്‍വ്വകലാശാല, ഐ.ഐ.ടി ഹൈദ്രബാദ്, തമിഴ്നാട് കാര്‍ഷിക സര്‍വ്വകലാശാല, ഐ.ഐ.ടി പാറ്റ്ന, ബിറ്റ്സ് പിലാനി എന്നി സ്ഥാപനങ്ങളാണ് കാലിക്കറ്റിനെക്കാള്‍ മുന്നിലെത്തിയിരിക്കുന്നത്.

സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ കൈവന്ന ഈ നേട്ടം സര്‍വ്വകലാശാല സമൂഹത്തിന്റെ സഹകരണത്തിന്റെയും, കൂട്ടായ പ്രവര്‍ത്തനത്തിന്റയും ഫലമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് പ്രതികരിച്ചു. നിലവില്‍ നാക് അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ “എ” ഗ്രേഡ് കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ട്.