സ്റ്റാലിന്‍ താ വരാറ്; ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ശാലയുമായി; കര്‍ണാടകയോടും തെലുങ്കാനയോടും പിടിച്ചുവാങ്ങി; 50,000 പേര്‍ക്ക് ജോലി; ടാറ്റ തമിഴ്‌നാടിന്റെ തലവരമാറ്റും

കര്‍ണാടകയോടും തെലുങ്കാനയോടും മത്സരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ശാല ആരംഭിക്കാനുള്ള പദ്ധതി നേടിയെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍. ടാറ്റ ഗ്രൂപ്പിന്റെ ഐ ഫോണ്‍ നിര്‍മാണത്തിനായി തമിഴ്നാട്ടിലെ ഹൊസൂരില്‍ 20 അസംബ്ലി ലൈനുകളോടുകൂടിയ വമ്പന്‍ ഫാക്ടറിയാണ് ഒരുങ്ങുന്നത്. ഒന്നരവര്‍ഷത്തിനകം ഉത്പാദനം തുടങ്ങാനാണ് നീക്കം.

അടുത്ത രണ്ടുവര്‍ഷംകൊണ്ട് പുതിയ 50,000 ജീവനക്കാരെ നിയമിക്കാനും ലക്ഷ്യമിടുന്നു. ഇന്ത്യയില്‍ ഉത്പാദനം ത്വരിതപ്പെടുത്താനുള്ള ആപ്പിളിന്റെ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. ചൈനയ്ക്കുപുറമേ ഇന്ത്യ, തായ്ലാന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉല്പാദന കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനാണ് ആപ്പിള്‍ ശ്രമിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ വര്‍ഷം അഞ്ചുകോടി ഐഫോണുകള്‍ നിര്‍മിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്.

അടുത്തിടെ കര്‍ണാടകത്തിലെ വിസ്ട്രോണിന്റെ ആപ്പിള്‍ നിര്‍മാണ യൂണിറ്റ് ടാറ്റ ഏറ്റെടുത്തിരുന്നു. ഇതില്‍ 10,000 പേരാണ് ജോലിചെയ്യുന്നത്. ഇതിനോട് അനുബന്ധിച്ച് പുതിയ ഫാക്ടറി വരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ആ പ്രതീക്ഷകള്‍ എല്ലാ തെറ്റിച്ചാണ് തമിഴ്‌നാട് ഈ നേട്ടം സ്വന്തമാക്കിയത്.

2025 ഓടെ ആഗോള ഐഫോണ്‍ ഉത്പാദനത്തിന്റെ 18 ശതമാനവും ഇന്ത്യയിലേക്ക് മാറ്റുമെന്ന് ആപ്പിള്‍ കമ്പനിയും അറിയിച്ചിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് വിസ്ട്രോണിന്റെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഏറ്റെടുത്തത്. 2024 അവസാനത്തോടെ തമിഴ്നാട് ഐഫോണ്‍ അസംബ്ലി പ്ലാന്റ് സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ ഐഫോണ്‍ ഉല്‍പ്പാദനത്തിന്റെ 75-80% വിഹിതമുള്ള ഫോക്സ്‌കോണുമായി മത്സരിക്കാന്‍ ടാറ്റ ഇന്ത്യയില്‍ ഐഫോണ്‍ 17 പൂര്‍ണ്ണമായും നിര്‍മിക്കാനുള്ള ഉയര്‍ന്ന സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇന്ത്യയില്‍ ഐഫോണ്‍ വികസനം സംഭവിക്കുകയാണെങ്കില്‍, ഇത് ഉപയോക്താക്കള്‍ക്ക് കുറച്ച് ആശ്വാസം നല്‍കും, നിലവില്‍, ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഏകദേശം 40% നികുതി നല്‍കണം, ഇത് കുറയുന്നത് ഉപഭോക്താക്കള്‍ക്ക് നേട്ടമാണ്.

ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണിനെ സംസ്ഥാനത്തേക്ക് എത്തിക്കാന്‍ മത്സരിച്ച് തെലുങ്കാനയും കര്‍ണാടകയും ആദ്യം മുതല്‍ രംഗത്തുണ്ടായിരുന്നു. രണ്ടിടത്തും തിരഞ്ഞെടുപ്പ് വന്ന് സര്‍ക്കാരുകള്‍ മാറി വന്നത് ചര്‍ച്ചകള്‍ക്ക് വേഗം കുറച്ചിരുന്നു. ഈ അവസരം മുതലെടുത്താണ് തമിഴ്‌നാടിന്റെ നീക്കം നടന്നത്.

ആപ്പിളിന്റെ പാര്‍ട്ട്ണര്‍ കമ്പനിയും ഐ ഫോണ്‍ നിര്‍മാതക്കളുമായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ് ഇന്ത്യയില്‍ 700 ദശലക്ഷം ഡോളര്‍ (570000 കോടി രൂപ) നിക്ഷേപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചൈനയിലെ പ്ലാന്റുകളിലെ നിര്‍മാണം കുറച്ച് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനാണ് കമ്പനി ശ്രമിക്കുന്നത്.

അമേരിക്ക-ചൈന സംഘര്‍ഷത്തില്‍ അയവുവരാത്ത സാഹചര്യത്തിലാണ് ചൈനയിലെ പ്ലാന്റുകളെല്ലാം ഇന്ത്യയിലേക്ക് മാറ്റിസ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ചൈനീസ് നഗരമായ ഷെങ്ഷൗവിലെ കമ്പനിയില്‍ രണ്ട് ലക്ഷം പേരാണ് ജോലി ചെയ്യുന്നത്. കൊവിഡിനെ തുടര്‍ന്ന് ഷെങ്ഷൗവിലെ പ്ലാന്റില്‍ ഉല്‍പാദനം ഇടിഞ്ഞിരുന്നു. ശേഷമാണ് ചൈനക്ക് പുറമെയുളള രാജ്യങ്ങളെ പരീക്ഷിക്കാന്‍ ആപ്പിള്‍ തയ്യാറാകുന്നത്.

ആപ്പിള്‍ ഫോണ്‍ നിര്‍മാതാക്കളില്‍ മുന്‍നിര കമ്പനിയായ തായ്വാന്‍ കമ്പനി ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി ബെംഗളൂരുവിലെ വിമാനത്താവളത്തിന് സമീപമുള്ള 300 ഏക്കര്‍ സ്ഥലത്ത് ഐഫോണ്‍ പാര്‍ട്സുകള്‍ നിര്‍മ്മിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതിയിടുന്നുണ്ട്. സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തിന് പുറമെ ഫോക്‌സ്‌കോണ്‍ ഇലക്ട്രിക് വാഹനങ്ങളുടെ പാര്‍ട്സുകള്‍ നിര്‍മിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ഹോണ്‍ഹായി ചെയര്‍മാന്‍ യൂങ് ലിയു പ്രധാനമന്ത്രിയെ കണ്ടിരുന്നു.