ബിറ്റ്‌കോയിൻ തീവ്രവാദികൾ ഉപയോഗിക്കുന്നതായി സംശയം, ഇടപാട് നിയന്ത്രിക്കാൻ നിയമം ഈ വർഷം തന്നെ

ബിറ്റ്‌കോയിൻ അടക്കമുള്ള ഡിജിറ്റൽ കറൻസികളെ നിയന്ത്രിക്കുന്നതിന് നടപ്പ് സാമ്പത്തിക വർഷം തന്നെ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇതിനായി കേന്ദ്ര സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. കമ്മറ്റി അതിന്റെ ശുപാര്‍ശകള്‍ക്ക് ഉടൻ അന്തിമ രൂപം നൽകും. പിന്നീട് നിയമ നിർമാണം അടക്കമുള്ള കാര്യങ്ങള്‍ പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

“നിലവിൽ ക്രിപ്റ്റോകറന്‍സി ഇടപാടുകൾ നടത്തുന്ന എക്‌സ്‌ചേഞ്ചുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവയൊന്നും നിയമവിധേയമായല്ല പ്രവർത്തിക്കുന്നത്. അതുകൊണ്ട് എത്രയും വേഗം ഇവയെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ട് വരാനാണ് സർക്കാർ ആലോചിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം തന്നെ നടപ്പാക്കാനാണ് ലക്ഷ്യം” – ഗാർഗ് പറഞ്ഞു.

ഡിജിറ്റൽ കറന്‍സികളെ നിയന്ത്രിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ അരുൺ ജെയ്‌റ്റിലി വ്യകത്മാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരവാദ പ്രവർത്തനങ്ങൾക്കും ഇത്തരം ചാനലുകൾ ഉപയോഗിക്കുന്നതായി കേന്ദ്രം സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇവയെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ട് വരുന്നത്. കഴിഞ്ഞ ഡിസംബറിൽ ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഇന്ത്യയിൽ ഒമ്പത് ക്രിപ്റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഏതാണ്ട് 20 ലക്ഷം പേര് ഈ ഇടപാടുകളിൽ സജീവമാണെന്നും കണ്ടെത്തിയിട്ടുണ്ട്.