പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

മുംബൈയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ലഹരി സംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി. ഏപ്രില്‍ 28ന് മാട്ടുംഗ റെയില്‍വേ സ്റ്റേഷന് സമീപം നടന്ന ആക്രമണത്തിലാണ് വര്‍ളി ക്യാമ്പിലെ പൊലീസ് കോണ്‍സ്റ്റബിള്‍ വിശാല്‍ പവാര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം.

തന്റെ ഫോണ്‍ തട്ടിയെടുത്തവരെ പിന്തുടരുന്നതിനിടെയായിരുന്നു വിശാലിന് നേരെ ആക്രമണമുണ്ടായത്. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ വിശാലിന്റെ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ മോഷ്ടാവിനെ വിശാല്‍ പിന്തുടര്‍ന്നു. വിശാല്‍ ഈ സമയം യൂണിഫോമില്‍ ആയിരുന്നില്ല. മോഷ്ടാവിനെ പിന്തുടരുന്നതിനിടെ ലഹരി സംഘം വിശാലിനെ വളയുകയായിരുന്നു.

Read more

തുടര്‍ന്ന് വിശാലിനെ ലഹരി സംഘം ആക്രമിക്കുകയായിരുന്നു. ഇതിനിടെ സംഘത്തിലെ ഒരാള്‍ വിശാലിന്റെ മുതുകില്‍ വിഷം കുത്തിവയ്ക്കുകയായിരുന്നു. ചുവന്ന നിറത്തിലുള്ള ദ്രാവകം ലഹരി സംഘം കുടിപ്പിച്ചതായും വിശാലിന്റെ മരണ മൊഴിയിലുണ്ട്. മൂന്ന് ദിവസം ഗുരുതരാവസ്ഥയില്‍ ചികിത്സയിരിക്കെയാണ് മരണം.