ജമ്മു കാശ്മീരില്‍ ആഭരണശാലയുമായി കല്യാണ്‍ ജൂവലേഴ്‌സ്; ഇരുന്നൂറാമത് ഷോറൂം തുറന്നത് ഹൃത്വിക് റോഷന്‍

ജമ്മു കാശ്മീരില്‍ ജൂവലറി തുറന്ന് കല്യാണ്‍ ജൂവലേഴ്‌സ്. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇരുന്നൂറാമത് ഷോറൂമാണിത്. ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ജമ്മുവിലെ ആദ്യ ഷോറൂമാണിത്. കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, കല്യാണ്‍ ഡവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ആര്‍. കാര്‍ത്തിക് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇരുന്നൂറാമത് ഷോറൂമിന്റെ ഉദ്ഘാടനത്തിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ഹൃത്വിക് റോഷന്‍ പറഞ്ഞു. മൂന്നു പതിറ്റാണ്ട് നീളുന്ന പാരമ്പര്യമുള്ള കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യയിലെ ആഭരണ വ്യവസായരംഗമാകെ വിപ്ലവകരമായ മാറ്റത്തിന് വിധേയമാക്കി. വിശ്വാസം, സുതാര്യത, ഉപയോക്തൃകേന്ദ്രീകൃതമായ സേവനം എന്നിവയില്‍ അടിസ്ഥാനമിട്ട ജനപ്രീതിയാര്‍ജ്ജിച്ച ഈ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുകയെന്നത് അഭിമാനകരമാണെന്ന് അദേഹം പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കാന്‍ഡിയറിന്റെ ഇന്ത്യയിലെ മൂന്നാമത്തെ എക്‌സ്പീരിയന്‍സ് സെന്ററിനും ജമ്മുവില്‍ തുടക്കമിട്ടു. ഫിജിറ്റല്‍ മാതൃകയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ആശയത്തിന് തുടക്കം കുറിച്ചത് 2022 സെപ്റ്റംബറിലാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനൊപ്പം അടുത്ത തലമുറ ഉപയോക്താക്കള്‍ക്കായി സവിശേഷമായ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് എക്‌സ്പീരിയന്‍സ് സെന്റര്‍.

ഇരുന്നൂറാമത് ഷോറൂം ഉദ്ഘാടനം ചെയ്യുന്ന ഈ അവസരത്തില്‍ വിശ്വാസ്യതയും സുതാര്യതയും മുഖമുദ്രയാക്കി മൂന്നു ദശാബ്ദം നീണ്ട യാത്രയുടെ ഭാഗമായിരുന്ന ഉപയോക്താക്കള്‍, പാര്‍ട്ട്‌നര്‍മാര്‍, ജീവനക്കാര്‍ എന്നിവരോടുള്ള നന്ദി അറിയിക്കുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും ബിഹാറിലെ പാറ്റ്‌ന, അറാ എന്നിവിടങ്ങളിലും കല്യാണ്‍ ജൂവലേഴ്‌സ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നുണ്ട്.