ജര്‍മ്മന്‍ ഓട്ടോമേഷന്‍ കമ്പനിയായ ഡി-സ്‌പേസ് ടെക്‌നോളജീസ് കേരളത്തിലേക്ക്; ഏഷ്യയിലെ ആദ്യ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ തിരുവനന്തപുരത്ത്

ഓട്ടോമേഷന്‍ ആന്റ് സ്‌പേസ് മേഖലയില്‍ ലോകത്തെ തന്നെ മുന്‍നിര കമ്പനിയായ ഡി-സ്‌പേസ് ടെക്‌നോളജീസ് ഏഷ്യയിലെ തന്നെ ആദ്യ സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ കേരളത്തില്‍ തുറന്നു. കണക്റ്റഡ് ഓട്ടോമേറ്റഡ്, ഇലക്ട്രിക് വാഹന രംഗത്തെ സാങ്കേതികവിദ്യാ ദാതാവ് കൂടിയായായ ഡി സ്‌പേസ് ജര്‍മനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പുറത്ത് അവരുടെ മൂന്നാമത്തെ സെന്ററാണ് കേരളത്തില്‍ സ്ഥാപിച്ചത്.

ബാംഗ്ലൂര്‍, ചെന്നൈ, പൂനെ തുടങ്ങി ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിച്ചതിന് ശേഷമാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ കമ്പനി തീരുമാനിച്ചത്. കേരളത്തില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ മികച്ച അന്തരീക്ഷം ലഭ്യമാണെന്ന് ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് ബേണ്‍ഡ് ഷാഫേഴ്‌സ് അഭിപ്രായപ്പെട്ടത് നമ്മുടെ നാടിനെക്കുറിച്ച് വ്യവസായലോകത്തിലാകെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മതിപ്പ് തുറന്നുകാണിക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

ലോകോത്തര വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെ, ബി എം ഡബ്ല്യു, ഓഡി, വോള്‍വോ, ജാഗ്വാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഡി-സ്‌പേസിന്റെ ഉപഭോക്താക്കളാണ്. കേരളത്തില്‍ പുതുതായി ആരംഭിച്ചിരിക്കുന്ന ഫ്രഞ്ച് വിമാന എഞ്ചിന്‍ നിര്‍മ്മാണ മേഖലയിലെ പ്രമുഖ കമ്പനിയായ സാഫ്രാനും ഡി സ്‌പേസിന്റെ ഉപഭോക്താക്കളിലൊരാളാണ്.

ഐ.ടി/എ.ഐ മേഖലയില്‍ ഗവേഷണം നടത്തുന്നതിനും അതിനൂതന സാങ്കേതിക വിദ്യകളിലൂന്നിക്കൊണ്ട് ഉപകരണങ്ങളുടെ ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് കേരളത്തില്‍ ഡി-സ്‌പേസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളിലും ഇത് കൂടാതെ മെഡിക്കല്‍ ടെക്‌നോളജി, വ്യോമയാനം തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗിക്കാന്‍ സാധിക്കും.

Read more

മുപ്പത് വര്‍ഷത്തെ പരിചയസമ്പത്തുള്ള ഡി-സ്‌പേസ് 9 രാജ്യങ്ങളിലായി 2600ല്‍ പരം പേര്‍ക്ക് ജോലി നല്‍കുന്നുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തുള്ള കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ആരംഭിച്ചിരിക്കുന്ന കമ്പനി ആദ്യഘട്ടത്തില്‍ 10,000 ചതുരശ്ര അടിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.