മികച്ച റിട്ടേണുകള്‍ക്കൊപ്പം നമ്മുടെ മൂലധനത്തിനു കൂടി സുരക്ഷിതത്വം നല്‍കുന്ന നിക്ഷേപങ്ങളാണ് ചോയിസ്.

ഇന്നത്തെ നല്ലൊരു നിക്ഷേപം ഭാവിയില്‍ മുതല്‍ക്കൂട്ടാവുമെന്നതില്‍ സംശയമേതുമില്ല. ജീവിതച്ചെലവുകള്‍ വര്‍ധിക്കുകയാണ്. ഇന്നത്തെ കാലത്ത് മികച്ച റിട്ടേണുകള്‍ക്കൊപ്പം നമ്മുടെ മൂലധനത്തിനു കൂടി സുരക്ഷിതത്വം നല്‍കുന്ന നിക്ഷേപങ്ങളാണ് വലിയൊരു വിഭാഗത്തിന്റെ ചോയിസ്.

സാമ്പത്തിക വിഷയങ്ങളിലെ സങ്കീര്‍ണതകള്‍ മനസിലാവാത്തവര്‍ക്കുപോലും ആശ്രയിക്കാവുന്ന അപകട സാധ്യത കുറഞ്ഞ നിരവധി നിക്ഷേപങ്ങള്‍ മാര്‍ക്കറ്റിലുണ്ട്. നിങ്ങളുടെ പണം വിവേകത്തോടെ നിക്ഷേപിക്കുന്നതിലൂടെ, വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ നിന്നും നിങ്ങളുടെ മുടക്കുമുതല്‍ സംരക്ഷിച്ചുകൊണ്ട് മികച്ച നേട്ടം കൊയ്യാവുന്നതാണ്.

പ്രവചനീതമാണ് നമ്മുടെ വിപണി, അതിലെ ചാഞ്ചാട്ടങ്ങളില്‍പ്പെട്ട് ടെന്‍ഷന്‍ അടിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കുള്ള മികച്ച നിക്ഷേപ മാര്‍ഗമാണ് റിസ്‌ക് കുറഞ്ഞ നിക്ഷേപങ്ങള്‍.

മികച്ച റിട്ടേണുകള്‍ നേടാന്‍ സഹായിക്കുന്ന അഞ്ച് ലോ റിസ്‌ക് നിക്ഷേപങ്ങളെ അറിയാം.

1. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്:

നികുതി ഇളവിനൊപ്പം സേവിങ്സ് കൂടി ഉറപ്പുനല്‍കുന്ന, സര്‍ക്കാറിനു കീഴിലുള്ള നിക്ഷേപ പദ്ധതിയാണ് പി.പി.എഫ്. 7.1% ആണ് നിലവിലെ പി.പി.എഫ് പലിശ നിരക്ക്. പി.പി.എഫില്‍ നിക്ഷേപിക്കുന്ന തുകയ്ക്കും അതിന്റെ പലിശയ്ക്കും കാലാവധി പൂര്‍ത്തിയായാല്‍ കിട്ടുന്ന തുകയ്ക്കും നികുതി നല്‍കേണ്ടതില്ല. എങ്കിലും സെക്ഷന്‍ 80സി പ്രകാരം വര്‍ഷം 1.5 ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും.

2. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്:

ഇന്ത്യ പോസ്റ്റിന്റെ സേവിങ് ബോണ്ടുകളാണ് എന്‍.എസ്.സി. സെക്ഷന്‍ 80സി പ്രകാരമുള്ള ഇളവുകള്‍ എന്‍.എസ്.സിയ്ക്കും ലഭിക്കും. എന്‍.എസ്.സി നിക്ഷേപങ്ങള്‍ക്ക് കൂടിയ പരിധിയില്ലെങ്കിലും വര്‍ഷം 1.5ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കേ പലിശയിളവിന് അര്‍ഹതയുണ്ടാവൂ. ഇതിനും റിട്ടേണ്‍ ഉറപ്പാണ്, ഒപ്പം മുടക്കുമുതലിന് സുരക്ഷിതത്വവും. എന്നാല്‍ കാലാവധി പൂര്‍ത്തിയായാലുള്ള തുകയ്ക്ക് (മെച്യൂരിറ്റി തുക) നികുതി ബാധകമാണ്.

3. വളണ്ടറി പ്രൊവിഡന്റ് ഫണ്ട്:

റിസ്‌ക് കുറഞ്ഞ നിക്ഷേപം തേടിനടക്കുന്നവര്‍ക്ക് പറ്റിയ ഒന്നാണ് വി.പി.എഫ്. നേരത്തെ ഇത് ഇ.ഇ.ഇ കാറ്റഗറിയില്‍, അതായത് നിക്ഷേപത്തിനും പലിശയ്ക്കും മെച്യൂരിറ്റി തുകയ്ക്കും നികുതി നല്‍കേണ്ടതില്ലാത്ത കാറ്റഗറിയില്‍ ഉള്‍പ്പെട്ടതായിരുന്നു. എന്നാല്‍ 2021ലെ ബജറ്റില്‍ 2.5ലക്ഷത്തിനു മുകളിലുള്ള തൊഴിലാളി വിഹിതത്തില്‍ നിന്നുലഭിക്കുന്ന പലിശയ്ക്ക് നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. എങ്കിലും വി.പി.എഫ് നിക്ഷേപങ്ങള്‍ക്ക് 8.5% നിരക്കില്‍ പലിശ ലഭിക്കുമെന്നതിനാല്‍ നികുതി കഴിച്ചുള്ള തുക നോക്കുകയാണെങ്കില്‍ പോലും പലിശനിരക്ക് 5.95% വരും. അതായത് പല ബാങ്കുകളും സ്ഥിരനിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശയേക്കാള്‍ ഏറെ. ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്, ഈ പ്ലാന്‍ പ്രകാരം നിക്ഷേപം തുടങ്ങിയാല്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാതെ നിക്ഷേപം നിര്‍ത്താനോ അത് ഒഴിവാക്കാനോ കഴിയില്ല.

4. ലിക്വിഡ് ഫണ്ടുകള്‍:

91 ദിവസം വരെ മെച്യൂരിറ്റിയുള്ള സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന തരം മ്യൂച്വല്‍ ഫണ്ടുകളാണ് ലിക്വിഡ് ഫണ്ടുകള്‍. ട്രഷറി ബില്ലുകള്‍, വാണിജ്യ പേപ്പറുകള്‍ തുടങ്ങിയ സെക്യൂരിറ്റികളിലാണ് ഈ ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. റിസ്‌ക് വളരെ കുറവാണ്. സേവിങ്സ് അക്കൗണ്ടുകളേക്കാള്‍, ചിലഘട്ടത്തില്‍ സ്ഥിരനിക്ഷേപങ്ങളേക്കാള്‍ റിട്ടേണ്‍ ലിക്വിഡ് ഫണ്ടുകളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും. കുറച്ച് ദിവസത്തേക്ക് മുതല്‍ കുറച്ചധികം മാസങ്ങളിലേക്ക് വരെ നിങ്ങള്‍ക്ക് പണം നിക്ഷേപിക്കാനാവും. നികുതി ഈടാക്കുന്ന കാര്യം പറയുകയാണെങ്കില്‍ ദീര്‍ഘകാലത്തേക്കുള്ള മൂലധന നേട്ടങ്ങള്‍ക്ക് ഇന്‍ഡക്സേഷന്‍ ആനുകൂല്യം ലഭ്യമാണ്. എന്നാല്‍ ഹ്രസ്വകാല നേട്ടങ്ങള്‍ക്ക് ആ വ്യക്തിയുടെ നികുതി സ്ലാബ് അനുസരിച്ച് നികുതി ഈടാക്കുന്നതായിരിക്കും.

5. സ്വര്‍ണം:

നിക്ഷേപകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നിക്ഷേപങ്ങളിലൊന്നാണ് സ്വര്‍ണം. മാര്‍ക്കറ്റിലെ ഇളക്കങ്ങളും മറ്റും താരതമ്യേന കുറഞ്ഞരീതിയിലേ സ്വര്‍ണത്തെ ബാധിക്കൂ. സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള മികച്ച മാര്‍ഗമാണ് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍. ഗോള്‍ഡ് ഫണ്ടുകളുടെ കോമ്പൗണ്ട് ആനുവല്‍ ഗ്രോത്ത് റെയ്റ്റ് (നിങ്ങളുടെ നിക്ഷേപത്തിന്റെ വര്‍ഷത്തിലെ ശരാശരി വളര്‍ച്ച) 11.4%-12.8% ത്തിനുമിടയിലാണ്. കോവിഡ് തീര്‍ത്ത അനിശ്ചിതത്വം നിലനില്‍ക്കെ ഗോള്‍ഡ് ഫണ്ടുകളിലെ നിക്ഷേപം ബുദ്ധിപരമായ നീക്കമായിരിക്കും.

പണം ശരിയായ രീതിയില്‍ ശരിയായ ഇടത്ത് നിക്ഷേപിക്കുകയാണെങ്കില്‍ മികച്ച റിട്ടേണുകള്‍ നേടാന്‍ കഴിയുമെന്നതില്‍ തര്‍ക്കമില്ല. റിസ്‌ക് കുറഞ്ഞ നിക്ഷേപമാണെങ്കില്‍ കൂടി സമ്പാദിക്കാനും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാനും അതുവഴി കഴിയും. ധൃതിപ്പെട്ട് തീരുമാനമെടുക്കുംമുമ്പ് ഒരു സാമ്പത്തിക ഉപദേഷ്ടാവില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കാവുന്നതുമാണ്.