'ബാങ്ക് നോട്ടിന്റെ' നിർവചനത്തിൽ ഡിജിറ്റൽ കറൻസി ഉൾപ്പെടുത്തണമെന്ന് ആർ.ബി.ഐ

‘ബാങ്ക് നോട്ട്’ (‘bank note’) എന്നതിന്റെ നിർവചനത്തിൽ ഡിജിറ്റൽ കറൻസി ഉൾപ്പെടുത്താനുള്ള നിർദ്ദേശം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)യിൽ നിന്നും ലഭിച്ചതായി സർക്കാർ തിങ്കളാഴ്ച അറിയിച്ചു. ഒക്ടോബറിൽ, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) എന്ന നിർദ്ദേശം ആർബിഐ അവതരിപ്പിച്ചിരുന്നു.

സിബിഡിസി(CBDC)കൾ — ഡിജിറ്റൽ അഥവാ വെർച്വൽ കറൻസി — അടിസ്ഥാനപരമായി ഫിയറ്റ് കറൻസികളുടെ (fiat currencies-ഉദാഹരണത്തിന് ഇന്ത്യയിലെ രൂപ) ഡിജിറ്റൽ പതിപ്പാണ്.

“സിബിഡിസി കൊണ്ടുവരുന്നത് കൊണ്ട് പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, കുറഞ്ഞ ഇടപാട് ചെലവ് കാരണം ഉയർന്ന സെഗ്‌നിയോറേജ് (seigniorage), സെറ്റിൽമെന്റ് റിസ്ക് കുറയ്ക്കൽ എന്നിങ്ങനെയുള്ള കാര്യമായ നേട്ടങ്ങൾ ഉണ്ട്.” ധനമന്ത്രാലയം ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.

എന്നൽ നേട്ടങ്ങളോടൊപ്പം തന്നെ ശ്രദ്ധാപൂർവ്വം വിലയിരുത്തേണ്ട അപകടസാദ്ധ്യതകളും ഉണ്ട്” എന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.

“രാജ്യത്ത് ബിറ്റ്കോയിൻ ഒരു കറൻസിയായി അംഗീകരിക്കാൻ ഒരു നിർദ്ദേശവുമില്ല” എന്ന് മറ്റൊരു മറുപടിയിൽ കേന്ദ്രം വ്യക്തമാക്കി.

നിക്ഷേപകർ കൂടുതൽ നിയന്ത്രണ വ്യക്തതയ്ക്കായി കാത്തിരിക്കുന്നതിനാൽ രാജ്യത്തെ പ്രധാന ക്രിപ്‌റ്റോ കറൻസികളുടെ വിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്.

ഈ മാസം ആദ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദി ആർബിഐ, ധനകാര്യ മന്ത്രാലയം, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി ക്രിപ്‌റ്റോ കറൻസികളെ കുറിച്ചുള്ള ഉന്നതതല യോഗം നടത്തിയിരുന്നു.

അതേസമയം, മാക്രോ-ഇക്കണോമിക്, ഫിനാൻഷ്യൽ സ്ഥിരത അപകടസാദ്ധ്യതകൾ സൃഷ്ടിക്കുന്ന ക്രിപ്‌റ്റോകറൻസികളെ കുറിച്ച് ആർബിഐ ആവർത്തിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.