ഓയോക്കെതിരെ സമാന്തര ഓൺ ലൈൻ പോർട്ടൽ തുടങ്ങുമെന്ന് ഹോട്ടൽ ആൻറ് റസ്റ്റോറന്റ് അസോസിയേഷൻ

Advertisement

ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് രംഗത്തെ ഭീമനായ ഓയോക്ക് സമാന്തരമായി ബുക്കിംഗ് പോർട്ടൽ ആരംഭിക്കുമെന്ന് കേരളാ ഹോട്ടൽ ആൻറ് റസ്റ്റോറ്റോറന്റ് അസോസിയേഷൻ സെക്രട്ടറി ടി.ജെ മനോഹരൻ പറഞ്ഞു. ഓയോക്കെതിരെ ഇടപ്പള്ളിയിലെ ഓഫീസിന് മുന്നിൽ ചെറുകിട ഹോട്ടലുടമകൾ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദ്യം വലിയ ഓഫറുകൾ തന്ന് കരാറൊപ്പിട്ട ഓയോ പിന്നീട് ഹോട്ടലുകളുടെ വയറ്റത്തടിക്കുകയാണ് ചെയ്തത്. ചെറുകിട ഹോട്ടലുടമകളുടെ ഉപജീവനത്തെ ആണ് ഓയോ തകർക്കുന്നത്. ഇതിനെ ക്രിയാത്മകമായി നേരിടാനാണ് സമാന്തര പോർട്ടൽ കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിൽ ഓയോ ഹോട്ടലുകളിൽ നിന്ന് ഈടാക്കുന്ന കമ്മീഷൻ ഒഴിവാക്കിയാൽ തന്നെ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന നിരക്കിന് റൂമുകൾ നൽകാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ധർണക്ക് മുമ്പ് പത്തടിപ്പാലം മെട്രോ സ്‌റ്റേഷന് മുന്നിൽ നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനത്തിൽ നൂറോളം ഹോട്ടലുടമകൾ പങ്കെടുത്തു. നിരവധി ഹോട്ടലുടമകൾ ഓയോയുമായുള്ള കരാറിൽ നിന്ന് പിൻവാങ്ങാനുള്ള കത്തുമായാണ് വന്നത്. എന്നാൽ കത്ത് സ്വീകരിക്കാൻ ഓയോ അധികൃതർ തയ്യാറായില്ല. ശേഷം പ്രതിഷേധക്കാർ ഓയോ ടാബുകൾ പ്രതീകാത്മകമായി തകർത്തു. കെഎച്ച്.ആർ.എ പ്രസിഡന്റ് അസീസ് മുസ യോഗത്തിൽ അദ്ധ്യക്ഷനായി. സമര സമിതി ചെയർമാൻ മുഹമ്മദ് റമീസ്, യൂത്ത് കോൺഗ്രസ് നേതാവ് ഷിയാസ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ ഏരിയാ പ്രസിഡന്റ് അലിയാർ നന്ദി പറഞ്ഞു.