കേരളബാങ്ക് ആരംഭിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

കേരളബാങ്ക് ആരംഭിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കി. ഇതുസംബന്ധിച്ച് സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിടുണ്ട്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നല്‍കിയ 21 ഹര്‍ജികള്‍ തള്ളിയാണ് ജസറ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

ബാങ്കുകളുടെ ലയനവും സഹകരണ നിയമം വകുപ്പ് 14 (എ)യുടെ ദേഭഗതിയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന കേസുകളിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വന്നതോടെ ഇക്കാര്യത്തില്‍ ഇനി തടസ്സങ്ങളില്ല. റിസരര്‍വ്വ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചെങ്കിലും കേസിന്റെ വിധിയ്ക്കു വിധേയമായേ ലയന നടപടികള്‍ പൂര്‍ത്തീകരിയ്ക്കാന്‍ കഴിയുമായിരുന്നുള്ളൂ. അതിനാല്‍ നിലവിലുള്ള കേസുകള്‍ ഉടനെതന്നെ തീരുമാനം ഉണ്ടാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വാദം പൂര്‍ത്തിയാക്കി അന്തിമ വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്.

ഹൈക്കോടതി വിധി വന്നതോടെ കേരള ബാങ്കിന്റെ സംയോജന നടപടികളും സഹകരണബാങ്കിന്റെ ലയന നടപടികളും റിസര്‍വ്വ് ബാങ്ക് നല്‍കിയ സമയപരിധിക്കുള്ളില്‍ തീര്‍ക്കാനാവും. മാര്‍ച്ച് 31നകം നടപടികള്‍ പൂര്‍ത്തീരകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള സര്‍ക്കാരിനോട് റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെട്ടിടുണ്ട്.