വിദേശത്ത് ജോലി ചെയ്യുന്നവർ പണം അയക്കുന്ന കാര്യത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്, 2018ലെ റെമിറ്റൻസ് 7900 കോടി ഡോളർ

വിദേശത്ത് ജോലി ചെയ്യുന്നവർ ഏറ്റവും കൂടുതൽ പണം അയക്കുന്ന രാജ്യം എന്ന പദവി 2018ലും ഇന്ത്യ നിലനിർത്തി. വേൾഡ് ബാങ്ക് പുറത്തു വിട്ട കണക്കുകൾ പ്രകാരം 7900 കോടി ഡോളർ കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് എത്തി. 2017ലും ഇന്ത്യ ആയിരുന്നു ഒന്നാം സ്ഥാനത്ത്. 6700 കോടി ഡോളറുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്.

മെക്സിക്കോ [ 3600 കോടി], ഫിലിപ്പീൻസ് [ 3400 കോടി] , ഈജിപ്റ്റ് [2900 കോടി ] എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത്‌ സ്ഥാനം പിടിച്ചത്. കഴിഞ്ഞ മൂന്ന് വർഷവും ഇന്ത്യയിലേക്കുള്ള റെമിറ്റൻസ് കൂടിവരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നു വർഷവും ഇന്ത്യയിലേക്കുള്ള പണ വരവ് 14 ശതമാനം വീതം കൂടിയിട്ടുണ്ട്. കേരളമാണ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുമ്പിൽ നിൽക്കുന്നത്. കഴിഞ്ഞ വർഷം കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കം കൂടുതൽ പണം അയക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

പാകിസ്ഥാനിലേക്കുള്ള പണത്തിന്റെ വരവിൽ ഏഴു ശതമാനം മുന്നേറ്റം ഉണ്ടായിട്ടുണ്ട്. 2018 ൽ ബംഗ്ലാദേശിന്റെ റെമിറ്റൻസ് 15 ശതമാനം കൂടിയതായി റിപ്പോർട്ട് പറയുന്നു.