ചെറുകിട - കാര്‍ഷികമേഖലയിലെ പ്രതിസന്ധി ഇരുചക്ര വാഹനവിപണിയ്ക്ക് തിരിച്ചടിയായി, ഹോണ്ട ടൂ വീലർ ഉത്പാദനം വെട്ടികുറയ്ക്കുന്നു

ഇരുചക്ര വാഹന മാർക്കറ്റിലെ പ്രമുഖ കമ്പനിയായ ഹോണ്ട ഇന്ത്യ ഉത്പാദനം വെട്ടികുറയ്ക്കുന്നു. ഏപ്രിൽ – ജൂൺ ത്രൈമാസത്തിൽ ഉത്പാദനം 15 മുതൽ 20 ശതമാനം വരെ കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ 18 വർഷത്തെ പ്രവർത്തനത്തിനിടയിൽ ഇതാദ്യമായാണ് ഉത്പാദനം കുറയ്ക്കുന്നത്.

ഇന്ത്യൻ മാർക്കറ്റിൽ ഇരുചക്ര വാഹനങ്ങളുടെ ഡിമാന്റിൽ വൻ കുറവുണ്ടായതാണ് ഇതിനു കാരണമെന്ന് കമ്പനി അറിയിച്ചു. ഓട്ടോമൊബൈൽ ഫൈനാൻസിംഗ് മേഖലയിലെ തളർച്ചയും വിൽപ്പനയെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നേരത്തെ സൊസൈറ്റി ഓഫ് ഓട്ടോമൊബൈൽ മാനുഫാക്റ്ററേഴ്സ് പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ ടൂ വീലർ വിപണി വലിയ തളർച്ച നേരിടുകയാണ്. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഇതാദ്യമായാണ് വിൽപന കുറയുന്നത്. പെട്രോൾ വിലയിലെ വർധന, ഇൻഷുറൻസ് ഉൾപ്പെടെയുള്ള ചെലവുകളിൽ ഉണ്ടായ വർധന തുടങ്ങിയ ഘടകങ്ങളാണ് ടൂ വീലർ വിൽപനയെ പ്രതികൂലമായി ബാധിച്ചത്.

Read more

കാർഷിക മേഖലയിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി വിൽപനക്ക് ദോഷം ചെയ്തതായി കമ്പനികൾ വിലയിരുത്തുന്നു. കാർഷിക ഗ്രാമങ്ങളിലാണ് ഡിമാൻഡ് കുത്തനെ ഇടിഞ്ഞിരിക്കുന്നത്. ബൈക്കുകളെ അപേക്ഷിച്ച് സ്‌കൂട്ടറുകളുടെ ഡിമാൻഡ് പ്രകടമായി കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്പാദനം വെട്ടികുറയ്ക്കാൻ തീരുമാനിച്ചതെന്ന് ഹോണ്ട അധികൃതർ അറിയിച്ചു.